ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ബാഗ്‌ഡോഗ്രയിലേക്കു പുറപ്പെട്ട ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ലഖ്‌നൗവില്‍ അടിയന്തരമായി ഇറക്കിയതായി പൊലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെ പുറപ്പെട്ട 6E-6650 നമ്പര്‍ വിമാനം 238 യാത്രക്കാരുമായി യാത്ര ചെയ്യുന്നതിനിടെയാണ് അടിയന്തര നടപടി സ്വീകരിച്ചത്.
വിമാനത്തിന്റെ ശൗചാലയത്തില്‍ ലഭിച്ച ടിഷ്യു പേപ്പറില്‍ 'വിമാനത്തില്‍ ബോംബ് ഉണ്ടെന്ന' സന്ദേശം എഴുതിയ നിലയില്‍ കണ്ടെത്തിയതോടെയാണ് ആശങ്ക ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം വിമാനം വഴിതിരിച്ച് ലഖ്‌നൗവിലേക്ക് ഇറക്കുകയായിരുന്നു. '238 യാത്രക്കാരും പൈലറ്റുമാരും ക്യാബിന്‍ ക്രൂവുമാണ് വിമാനത്തിലുണ്ടായിരുന്നത്,' എസിപി രാജ്‌നീഷ് വര്‍മ്മ അറിയിച്ചു.
വിമാനം ലഖ്‌നൗവില്‍ ഇറങ്ങിയ ഉടന്‍ തന്നെ സുരക്ഷാസേന പരിശോധന ആരംഭിച്ചു. വിമാനം ഐസൊലേഷന്‍ ബേയില്‍ പാര്‍ക്ക് ചെയ്തു. ബോംബ് നിര്‍മാര്‍ജ്ജന സ്‌ക്വാഡും സിഐഎസ്എഫ് സംഘവും ചേര്‍ന്നാണ് പരിശോധന നടത്തിയത്. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി.
ഇന്‍ഡിഗോ എയര്‍ലൈന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍, നിലവിലുള്ള സുരക്ഷാ പ്രോട്ടോകോളുകള്‍ പൂര്‍ണമായി പാലിച്ചെന്നും ബന്ധപ്പെട്ട അധികാരികളെ ഉടന്‍ വിവരം അറിയിച്ചതായും അറിയിച്ചു. യാത്രക്കാര്‍ക്ക് ലഘുഭക്ഷണം ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കിയതായും, സുരക്ഷയാണ് എപ്പോഴും ഏറ്റവും മുന്‍ഗണനയെന്നും ഇന്‍ഡിഗോ വ്യക്തമാക്കി.
എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് രാവിലെ 8.46 ഓടെ ബോംബ് ഭീഷണി സംബന്ധിച്ച വിവരം ലഭിച്ചതായും, തുടര്‍ന്ന് വിമാനം വഴിതിരിച്ച് രാവിലെ 9.17ന് ലഖ്‌നൗവില്‍ ഇറങ്ങിയതായും അധികൃതര്‍ അറിയിച്ചു. വിശദമായ പരിശോധനകള്‍ തുടരുകയാണ്.
ബോംബ് ഭീഷണി: ഡല്‍ഹി-ബാഗ്‌ഡോഗ്രാ ഇന്‍ഡിഗോ വിമാനം ലഖ്‌നൗവില്‍ അടിയന്തരമായി ഇറക്കി
