സാന്റിയാഗോ: തെക്കൻ ചിലിയിൽ കാട്ടുതീ വ്യാപകമായി പടരുകയും കുറഞ്ഞത് 18 പേർ മരിക്കുകയും ചെയ്തതിനെ തുടർന്ന് പ്രസിഡന്റ് ഗബ്രിയേൽ ബോറിക് രണ്ട് മേഖലകളിൽ 'അടിയന്തര സാഹചര്യം'പ്രഖ്യാപിച്ചു. സാന്റിയാഗോയ്ക്ക് ഏകദേശം 500 കിലോമീറ്റർ തെക്കുള്ള ന്യൂബിൾ, ബയോബിയോ മേഖലകളിൽ നിന്നായി 50,000ലധികം ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ബോറിക് മുന്നറിയിപ്പ് നൽകി.
കോൻസെപ്‌സിയോൺ നഗരത്തിന് സമീപമുള്ള വരണ്ട വനമേഖലകളിലൂടെ പടർന്ന കാട്ടുതീയാണ് ഏറ്റവും അപകടകരമെന്ന് അധികൃതർ അറിയിച്ചു. ഇതുവരെ ഏകദേശം 250 വീടുകൾ കത്തിനശിച്ചിട്ടുണ്ടെന്നും തെരുവുകളിൽ കത്തിക്കരിഞ്ഞ വാഹനങ്ങളുടെ ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടതായും റിപ്പോർട്ടുണ്ട്. രാജ്യത്തുടനീളം 24 കാട്ടുതീകളാണ് നിലവിൽ അണയ്ക്കാൻ ശ്രമിക്കുന്നതെന്ന് ചിലിയുടെ വനംവകുപ്പ് കോനാഫ് അറിയിച്ചു. ഇതിൽ ഏറ്റവും ഗുരുതരമായത് ന്യൂബിൾ, ബയോബിയോ മേഖലകളിലാണെന്നും വ്യക്തമാക്കി.
ഇരു മേഖലകളിലുമായി ഇതുവരെ 8,500 ഹെക്ടർ ഭൂമിയാണ് കത്തിനശിച്ചത്. ശക്തമായ കാറ്റും ഉയർന്ന വേനൽചൂടും തീ പടരാൻ കാരണമായതോടെ രക്ഷാപ്രവർത്തനങ്ങൾക്കും അഗ്‌നിശമന പ്രവർത്തനങ്ങൾക്കും വെല്ലുവിളിയായി. പെങ്കോ, ലിർക്വൻ നഗരങ്ങളിലാണ് കൂടുതലായും ഒഴിപ്പിക്കൽ നടന്നത്. ഈ നഗരങ്ങളിൽ ചേർന്നുള്ള ജനസംഖ്യ ഏകദേശം 60,000 ആണ്.
'ഗുരുതരമായ കാട്ടുതീ തുടരുന്ന സാഹചര്യത്തിൽ ദുരന്തമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചു. എല്ലാ വിഭവങ്ങളും വിനിയോഗിക്കും,' ബോറിക് സാമൂഹിക മാധ്യമമായ എക്‌സിൽ കുറിച്ചു. അടിയന്തരാവസ്ഥയിൽ സൈന്യത്തെ സഹായത്തിനായി വിന്യസിക്കാനും സാധിക്കും. സാന്റിയാഗോ മുതൽ ബയോബിയോ വരെ വരുന്ന പ്രദേശങ്ങളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരുമെന്നാണ് മുന്നറിയിപ്പ്. ദീർഘകാല വരൾച്ച മൂലം കഴിഞ്ഞ വർഷങ്ങളിലായി ചിലിയിൽ കാട്ടുതീ ദുരന്തങ്ങൾ ആവർത്തിക്കുന്നുണ്ട്; രണ്ട് വർഷം മുൻപ് വാൽപരൈസോ മേഖലയിൽ ഉണ്ടായ തീപിടിത്തത്തിൽ 120ലധികം പേർ കൊല്ലപ്പെട്ടിരുന്നു.
