ഗ്രീൻലാൻഡിനെ നിയന്ത്രണത്തിലാക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായ തിരിച്ചടി ഒരുക്കുകയാണ് യൂറോപ്യൻ യൂണിയൻ. ഗ്രീൻലാൻഡിനെ പിന്തുണക്കുന്ന യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ അമേരിക്ക താരിഫ് ചുമത്തുമെന്ന ഭീഷണിക്ക് മറുപടിയായി, ഏകദേശം 93 ബില്യൺ യൂറോ (ഏകദേശം 100 ബില്യൺ ഡോളർ) മൂല്യമുള്ള അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് പ്രതികാര നികുതി ഏർപ്പെടുത്താനുള്ള നടപടികളാണ് യൂറോപ്യൻ യൂണിയൻ ആലോചിക്കുന്നത്.
പശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, ജനുവരി 19ന് ആരംഭിക്കുന്ന ദാവോസ് ലോക സാമ്പത്തിക ഫോറത്തിന്റെ ഭാഗമായുള്ള ട്രംപുമായുള്ള ചർച്ചകൾക്ക് മുൻപായി സമ്മർദ്ദം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കങ്ങൾ. ആവശ്യമെങ്കിൽ ഇതിലും കടുത്ത നടപടികളിലേക്ക് കടക്കാനും യൂറോപ്യൻ യൂണിയൻ തയ്യാറാണെന്ന് സൂചനയുണ്ട്.
ഡെൻമാർക്ക്, നോർവേ, സ്വീഡൻ, ഫ്രാൻസ്, ജർമനി, ബ്രിട്ടൻ, നെതർലൻഡ്‌സ്, ഫിൻലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് ഫെബ്രുവരി 1 മുതൽ 10 ശതമാനം താരിഫ് ഏർപ്പെടുത്താനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. ഗ്രീൻലാൻഡ് അമേരിക്കയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് ധാരണയുണ്ടാകുന്നില്ലെങ്കിൽ, ജൂൺ മാസത്തോടെ ഇത് 25 ശതമാനമായി ഉയർത്താനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇതിനു മറുപടിയായി, 2023ൽ നിലവിൽ വന്ന 'ആന്റികോർഷൻ ഇൻസ്ട്രുമെന്റ്' പ്രയോഗിക്കാനുള്ള സാധ്യതയും യൂറോപ്യൻ യൂണിയൻ പരിഗണിക്കുന്നുണ്ട്. ഈ നിയമപ്രകാരം, ടാരിഫുകൾക്ക് പുറമേ പൊതുമേഖലാ കരാറുകളിൽ വിലക്കുകൾ, സേവന നിക്ഷേപ നിയന്ത്രണങ്ങൾ, ബൗദ്ധിക സ്വത്തവകാശങ്ങൾക്ക് നിയന്ത്രണം തുടങ്ങിയ നടപടികൾ സ്വീകരിക്കാൻ യൂറോപ്യൻ യൂണിയന് അധികാരമുണ്ട്. എന്നാൽ ചില രാജ്യങ്ങൾ ഇപ്പോഴും ചർച്ചകൾക്ക് അവസരം നൽകണമെന്ന് അഭിപ്രായപ്പെടുമ്പോൾ, ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങൾ അമേരിക്ക നടപടിയെടുത്താൽ ഉടൻ ശക്തമായ തിരിച്ചടി വേണമെന്ന് ആവശ്യപ്പെടുന്നു.
, 'ഈ നിലപാട് തുടർന്നാൽ വ്യക്തമായ പ്രതികരണ മാർഗങ്ങൾ യൂറോപ്യൻ യൂണിയന്റെ കൈവശമുണ്ട്' എന്ന് ഫിനാൻഷ്യൽ ടൈംസിനോട് സംസാരിച്ച ഒരു യൂറോപ്യൻ നയതന്ത്രജ്ഞൻ മുന്നറിയിപ്പ് നൽകി. ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങളെ 'മാഫിയ രീതിയിലുള്ള ഭീഷണി' എന്ന് വിശേഷിപ്പിച്ച നയതന്ത്രജ്ഞൻ, അമേരിക്കൻ പ്രസിഡന്റിന് പിൻമാറാനുള്ള അവസരം നൽകാനാണ് യൂറോപ്പ് ശ്രമിക്കുന്നതെന്നും വ്യക്തമാക്കി.
ഗ്രീൻലാൻഡ് വിഷയത്തിൽ അമേരിക്ക ഉയർത്തുന്ന താരിഫ് ഭീഷണി ട്രാൻസ്അറ്റ്‌ലാന്റിക് ബന്ധങ്ങളെ ദുർബലപ്പെടുത്തുമെന്നും, ഇത് അപകടകരമായ സംഘർഷത്തിലേക്ക് നീങ്ങാമെന്നുമാണ് ബാധിക്കപ്പെട്ട രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഡെൻമാർക്കിന്റെ അർധസ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡ് ആർട്ടിക് മേഖലയിൽ നിർണായക തന്ത്രപ്രാധാന്യമുള്ള പ്രദേശമാണ്. റഷ്യയുടെ വർധിച്ച സൈനിക സാന്നിധ്യവും ചൈനയുടെ സ്വാധീനവും കണക്കിലെടുത്താണ് അമേരിക്ക ഇവിടെ കൂടുതൽ പിടിമുറുക്കാൻ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ, നാറ്റോയിലെ യൂറോപ്യൻ അംഗരാജ്യങ്ങൾ ഗ്രീൻലാൻഡിൽ പ്രതീകാത്മക സൈനിക വിന്യാസങ്ങൾ നടത്തിയിട്ടുണ്ട്.
ദശകങ്ങളിലെ ഏറ്റവും ഗുരുതരമായ ട്രാൻസ്അറ്റ്‌ലാന്റിക് പ്രതിസന്ധികളിലൊന്നായി മാറുന്ന ഈ ഏറ്റുമുട്ടൽ, യൂറോപ്യൻ യൂണിയൻ-അമേരിക്ക വ്യാപാരബന്ധങ്ങളെയും നേറ്റോയിലെ ഐക്യത്തെയും ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാകുകയാണ്.
ഗ്രീൻലാൻഡ് വിവാദം: ട്രംപിന്റെ താരിഫ് ഭീഷണിക്ക് മറുപടിയായി 100 ബില്യൺ ഡോളറിന്റെ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താൻ യൂറോപ്യൻ യൂണിയൻ
