ഒര്‍ലാന്റോ: ഒര്‍ലാന്റോ വിമാനത്താവളത്തില്‍ വന്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം. 200 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്ന എയര്‍ബസ് 321 വിമാനത്തിന്റെ മുന്‍വശത്തെ രണ്ടു ചക്രങ്ങളില്‍ ഒന്ന് ഊരിത്തെറിക്കുകയായിരുന്നു.
റണ്‍വേയില്‍ നിന്നു വിമാനം തെന്നിമാറിയെങ്കിലും നിയന്ത്രണം നഷ്ടപ്പെടാതെ നിര്‍ത്താന്‍ പൈലറ്റുമാര്‍ക്ക് സാധിച്ചതോടെയാണ് വന്‍ അപകടം ഒഴിവായത്. അപകടത്തെ തുടര്‍ന്ന് റണ്‍വേയില്‍ വിമാനം നിര്‍ത്തി. യാത്രക്കാരെ അടിയന്തിരമായി പുറത്തിറക്കി.
വിമാനം ലാന്റ് ചെയ്യുന്നതിന്റേയും ചക്രം ഊരിത്തെറിച്ച് പോകുന്നതിന്റേയും ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ വിമാനത്തിനോ ഇതില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ക്കോ യാത്രക്കാര്‍ക്കോ ഒന്നും സംഭവിച്ചില്ല.
ചക്രം ഊരിത്തെറിക്കാനെന്താണ് കാരണമെന്ന് വ്യക്തമായിട്ടില്ല. യാത്രക്കാരെ പുറത്തിറക്കി ബസില്‍ വിമാനത്താവളത്തിലേയ്ക്ക് മാറ്റിയ ശേഷം വിദഗ്ധരുടെ നേതൃത്വത്തില്‍ റണ്‍വേയില്‍ നിന്നും വിമാനത്തെ മാറ്റി.
