ട്രംപിന്റെ 'പീസ് ബോര്‍ഡ്' ക്ഷണത്തിന് പിന്നാലെ യു എന്‍ ചാര്‍ട്ടറോടുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് ഫ്രാന്‍സ്

ട്രംപിന്റെ 'പീസ് ബോര്‍ഡ്' ക്ഷണത്തിന് പിന്നാലെ യു എന്‍ ചാര്‍ട്ടറോടുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് ഫ്രാന്‍സ്


പാരിസ്: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 'ബോര്‍ഡ് ഓഫ് പീസ്' സമാധാന സമിതിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതിന് പിന്നാലെ, ഐക്യരാഷ്ട്രസഭാ ചാര്‍ട്ടറോടുള്ള അചഞ്ചലമായ പ്രതിബദ്ധത ഫ്രാന്‍സ് ഊന്നിപ്പറഞ്ഞു. യൂറോപ്യന്‍ യൂണിയനും അമേരിക്കയും തമ്മിലുള്ള ബന്ധങ്ങളില്‍ കടുത്ത സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഫ്രാന്‍സിന്റെ പ്രതികരണം. ഗ്രീന്‍ലാന്‍ഡിനെ അമേരിക്കന്‍ നിയന്ത്രണത്തിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് എതിര്‍പ്പ് ഉയര്‍ത്തുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിയാണ് നിലവിലെ സംഘര്‍ഷത്തിന് കാരണം.

ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ഗാസയിലെ സാഹചര്യം മാത്രമല്ല, അതിനപ്പുറം വ്യാപിക്കുന്ന പദ്ധതിയാണെന്ന് സൂചിപ്പിക്കുന്ന പുതിയ സമിതിയുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്ന് അറിയിച്ചു. അതേസമയം, ഫലപ്രദമായ ബഹുപക്ഷ സഹകരണത്തിന്റെ അടിത്തറയായി തുടരുന്ന ഐക്യരാഷ്ട്രസഭാ ചാര്‍ട്ടറോടുള്ള പ്രതിബദ്ധത ഫ്രാന്‍സ് ആവര്‍ത്തിച്ചുവെന്നും മന്ത്രാലയം വ്യക്തമാക്കി.

ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ച സമാധാന സംരംഭം ഐക്യരാഷ്ട്രസഭയ്ക്ക് പകരമായി അമേരിക്കയുടെ ആധിപത്യമുള്ള സംവിധാനമായി മാറുമോയെന്ന ആശങ്കകളും അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിലൂടെ ആഗോള തീരുമാനങ്ങള്‍ കൂടുതല്‍ വാഷിംഗ്ടണിന്റെ സ്വാധീനത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുമോയെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.

യൂറോപ്യന്‍ യൂണിയന്റെ ആന്റി-കോര്‍ഷന്‍ ഇന്‍സ്ട്രുമെന്റ് പ്രകാരം യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളെയോ യൂണിയനെയോ നയപരമായ മാറ്റങ്ങള്‍ക്കായി സാമ്പത്തിക സമ്മര്‍ദ്ദത്തിലാക്കുന്നേതോ ഭീഷണിപ്പെടുത്തുന്നതോ യൂറോപ്യന്‍ യൂണിയനേതര രാജ്യങ്ങള്‍ക്കെതിരെ കൂട്ടായ നടപടികള്‍ സ്വീകരിക്കാന്‍ യൂണിയന് അധികാരം നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായി യൂറോപ്യന്‍ കമ്മീഷന് അന്വേഷണങ്ങള്‍ നടത്താനും സംഭാഷണത്തിന് ശ്രമിക്കാനും ആവശ്യമെങ്കില്‍ തീരുവകള്‍, വ്യാപാര നിയന്ത്രണങ്ങള്‍, നിക്ഷേപ പരിധികള്‍, യൂറോപ്യന്‍ യൂണിയന്‍ പൊതു ടെന്‍ഡറുകളില്‍ നിന്ന് ഒഴിവാക്കല്‍ തുടങ്ങിയ അനുപാതിക പ്രതിനടപടികള്‍ സ്വീകരിക്കാനും കഴിയും.

ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക തീരുവ ചുമത്തുകയാണെങ്കില്‍ യു എസിനെതിരെ ശക്തമായ ആന്റി-കോര്‍ഷന്‍  പ്രയോഗിക്കാന്‍ യൂറോപ്യന്‍ യൂണിയനെ പ്രേരിപ്പിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞിരുന്നു. 

നേറ്റോ സഖ്യകക്ഷികളായ ഫ്രാന്‍സും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായത് ഡെന്‍മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മനി, യുണൈറ്റഡ് കിംഗ്ഡം, നെതര്‍ലന്‍ഡ്‌സ്, ഫിന്‍ലാന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ 'അജ്ഞാതമായ ലക്ഷ്യത്തോടെ' ഗ്രീന്‍ലാന്‍ഡിലേക്ക് സൈന്യത്തെ അയച്ചുവെന്ന കാരണം പറഞ്ഞ് ട്രംപ് ഭീഷണി മുഴക്കിയതോടെയാണ്.

ട്രംപിന്റെ ഭീഷണികള്‍ക്ക് മറുപടിയായി മിക്ക യൂറോപ്യന്‍ രാജ്യങ്ങളും നിലപാട് സ്വീകരിക്കുകയും പാശ്ചാത്യ സഖ്യത്തിന് ഇത് ദോഷകരമാകുമെന്ന മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ ഫ്രാന്‍സ് ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. റഷ്യയുടെ യുക്രെയ്ന്‍ നടപടികളുമായി ഉപമിച്ച് യു എസ് പ്രസിഡന്റിന്റെ ഭീഷണികളെ ഫ്രാന്‍സ് അപലപിച്ചു. ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ യുക്രെയിനിലായാലും ഗ്രീന്‍ലാന്‍ഡിലായാലും ലോകത്തിന്റെ ഏതുഭാഗത്തായാലും യാതൊരു ഭീഷണിയാലും സമ്മര്‍ദ്ദത്താലും തങ്ങളെ സ്വാധീനിക്കാനാവില്ലെന്നാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എക്സില്‍ കുറിച്ചത്.