റോം: ലോകത്തിലെ ഏറ്റവും സുന്ദരികളും പ്രശസ്തരുമായ സ്ത്രീകളെ അണിയിച്ചൊരുക്കിയ ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈനര്‍ വാലെന്റിനോ ഗാരവാനി അന്തരിച്ചു. 93 വയസ്സായിരുന്നു.
ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പൊതുദര്‍ശനവും വെള്ളിയാഴ്ച റോമില്‍ ഔദ്യോഗിക സംസ്‌കാര ചടങ്ങുകളും നടക്കും.
ഓഡ്രി ഹെപ്‌ബേണ്‍, ജാക്കി കെനഡി, ഡയാന രാജകുമാരി, എലിസബത്ത് ടെയ്ലര്‍, നാന്‍സി റീഗന്‍, ഷാരോണ്‍ സ്റ്റോണ്‍, ജൂലിയ റോബര്‍ട്സ്, ഗ്വിനെത്ത് പാല്‍ട്രോ വരെ നീളുന്ന പട്ടിക അദ്ദേഹത്തിന്റെ ക്ലയന്റുകളിലുണ്ട്. 1979-ലെ വിപ്ലവകാലത്ത് ഇറാനില്‍ നിന്ന് രാജ്യം വിട്ട ഫറാ പഹ്ലവി ധരിച്ചിരുന്നത് വാലെന്റിനോ രൂപകല്‍പ്പന ചെയ്ത കോട്ട് ആയിരുന്നു.
1980-കളില്‍ വിമന്‍സ് വെയര്‍ ഡെയിലി അദ്ദേഹത്തെ 'ഷെയ്ഖ് ഓഫ് ചിക്' എന്ന് വിശേഷിപ്പിച്ചപ്പോള്‍, 1997-ല്‍ ന്യൂയോര്‍ക്ക് ടൈംസ് 'ഗ്ലാമറിനോടുള്ള ഏകാഗ്രമായ സമര്‍പ്പണം' എന്ന് അദ്ദേഹത്തെ പ്രശംസിച്ചു. ഇതോടൊപ്പം 'എംപെറര്‍ ഓഫ് ഫാഷന്‍' എന്ന പദവിയും അദ്ദേഹത്തിന് ലഭിച്ചു.
റാംപിലും സ്വകാര്യ ജീവിതത്തിലും പൂര്‍ണമായും ഒരുക്കിയ മുടിയും തവിട്ടുനിറത്തിലുള്ള ചര്‍മ്മവും ഒപ്പം പഗ് ഇനത്തില്‍പ്പെട്ട നായകളുമൊക്കെയായി ആഡംബരത്തിന്റെ പ്രതീകമായിരുന്നു വാലെന്റിനോ.
നിശബ്ദചലച്ചിത്ര താരം റുഡോള്‍ഫ് വാലെന്റിനോയുടെ പേരില്‍ നിന്നാണ്് 1932 മേയ് 11-ന് മിലാനിന് തെക്കുള്ള വോഗേര എന്ന ചെറുപട്ടണത്തില്‍ ജനിച്ച വാലെന്റിനോ ഗാരവാനിക്ക് പേരു കിട്ടിയത്. ഇലക്ട്രിക് കേബിള്‍ വ്യാപാരം നടത്തിയിരുന്നയാളായിരുന്നു പിതാവ്. ചെറുപ്പം മുതലേ ഫാഷനോടുള്ള അതീവ അഭിനിവേശം അദ്ദേഹത്തിനുണ്ടായിരുന്നു.
1960-ല്‍ റോമില്‍ വാലെന്റിനോ സ്വന്തം ഫാഷന്‍ ഹൗസ് ആരംഭിച്ചു.
1962-ല്‍ ഫ്‌ളോറന്‍സില്‍ അവതരിപ്പിച്ച ആദ്യ കലക്ഷനിലൂടെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ വാലെന്റിനോ പിന്നീട് തന്റെ സൈന്‍ നിറമായി മാറിയ 'വാലെന്റിനോ റെഡ്' അവതരിപ്പിച്ചു.
1964-ല്‍ ജാക്കി കെനഡിയെ പരിചയപ്പെട്ടത് വാലെന്റിനോയുടെ ജീവിതത്തിലെ വഴിത്തിരിവായി. 1968-ല്‍ ഗ്രീക്ക് കപ്പല്‍ വ്യവസായി അരിസ്റ്റോട്ടില്‍ ഒനാസിസുമായുള്ള ജാക്കിയുടെ രണ്ടാം വിവാഹത്തിനായി അദ്ദേഹം രൂപകല്‍പ്പന ചെയ്ത ഐവറി ലേസ് വസ്ത്രം അമേരിക്കയില്‍ വലിയ ചര്‍ച്ചയായി.
1970-ല്‍ ന്യൂയോര്‍ക്കില്‍ ഷോപ്പ് തുറക്കുന്ന ആദ്യ ഇറ്റാലിയന്‍ ഡിസൈനറായ വാലെന്റിനോ, 'മെയ്ഡ് ഇന്‍ ഇറ്റലി'യെ ആഗോള ബ്രാന്‍ഡാക്കി ഉയര്‍ത്തി.
2006-ലെ ദി ഡെവില്‍ വെയര്‍സ് പ്രാഡ എന്ന ഓസ്‌കര്‍ നാമനിര്‍ദേശ ചിത്രം വാലെന്റിനോയുടെ ഷോ പുനരാവിഷ്‌കരിച്ച രംഗത്തില്‍ അദ്ദേഹത്തിന്റെ അതിഥി വേഷം ശ്രദ്ധേയമായി.
2008 ജനുവരിയില്‍ പാരിസിലാണ് അദ്ദേഹം അവസാന കലക്ഷന്‍ അവതരിപ്പിച്ചത്.
