പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ഇന്ന്. 20 ജില്ലകളിലായി 122 നിയോജകമണ്ഡലങ്ങളില്‍ 1,302 സ്ഥാനാര്‍ത്ഥികളുടെ രാഷ്ട്രീയ ഭാവിയാണ് ഇന്നത്തെ വോട്ടെടുപ്പില്‍ നിര്‍ണയിക്കുക. ഇതില്‍ പന്ത്രണ്ടോളം മന്ത്രിമാരും ഉള്‍പ്പെടുന്നു.
ആകെ 3.7 കോടി വോട്ടര്‍മാര്‍ക്കാണ് ഈ ഘട്ടത്തില്‍ വോട്ടവകാശമുള്ളത്. ഇതില്‍ 1.74 കോടി സ്ത്രീകളാണ്. 45,399 ബൂത്തുകളിലായി വോട്ടെടുപ്പ് നടക്കും. ഇതില്‍ 40,073 ബൂത്തുകള്‍ ഗ്രാമപ്രദേശങ്ങളിലായിരിക്കും. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിംഗ് സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ബിഹാര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസ് വ്യക്തമാക്കി. ശരാശരി 815 വോട്ടര്‍മാരാണ് ഓരോ ബൂത്തിലും ഉള്ളത്.
നവംബര്‍ 6ന് നടന്ന ആദ്യഘട്ടത്തില്‍ 18 ജില്ലകളിലായി 121 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്നു. 65.08 ശതമാനം എന്ന റെക്കോഡ് വോട്ടിംഗ് ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തിയിരുന്നു. വോട്ടര്‍ പട്ടികയുടെ പ്രത്യേക പരിഷ്‌കരണത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ ആകെ വോട്ടര്‍മാരുടെ എണ്ണം 7.89 കോടിയില്‍ നിന്ന് 7.42 കോടിയായി കുറഞ്ഞിരുന്നു.
2020ലെ തിരഞ്ഞെടുപ്പില്‍ ഈ ഘട്ടത്തിലെ 122 സീറ്റുകളില്‍ എന്‍ഡിഎ 66 സീറ്റുകളും മഹാഗഠബന്ധന്‍ 49 സീറ്റുകളും നേടി. അസദുദ്ധീന്‍ ഒവൈസിയുടെ എഐഎംഐഎം അഞ്ചും ബിഎസ്പിയും ഒരു സ്വതന്ത്രനും ഓരോ സീറ്റുകളും നേടി.
വോട്ടിനിറങ്ങുന്ന പ്രമുഖരില്‍ ഊര്‍ജ്ജവകുപ്പ് മന്ത്രി ബിജേന്ദ്ര പ്രസാദ് യാദവ് (സുപൗള്‍), വ്യവസായ മന്ത്രി നിതീഷ് മിശ്ര (ഝാഞ്ചാര്‍പൂര്‍), ഗതാഗതമന്ത്രി ഷീല കുമാരി മണ്ഡല്‍ (ഫുള്പരാസ്), പൊതുജലവിതരണമന്ത്രി നീരജ് കുമാര്‍ സിങ് ബബ്ലു (ഛട്ടാപൂര്‍), പഞ്ചസാര വ്യവസായ മന്ത്രി കൃഷ്ണാനന്ദന്‍ പാസ്‌വാന്‍ (ഹര്‍സിദിഹ്), ഭക്ഷ്യവിതരണ മന്ത്രി ലേശി സിങ് (ധംദഹ), ഗ്രാമവികസനമന്ത്രി ജയന്ത് രാജ് കുശ്വാഹ (ആമര്‍പൂര്‍), സഹകരണമന്ത്രി പ്രേം കുമാര്‍ (ഗയ ടൗണ്‍), സയന്‍സ് ആന്‍ഡ് ടെക്‌നോളജി മന്ത്രി സുമിത് കുമാര്‍ സിങ് (ചകായ്), ന്യൂനപക്ഷ ക്ഷേമമന്ത്രി മുഹമ്മദ് സാമാ ഖാന്‍ (ചൈന്‍പൂര്‍) എന്നിവരും ഉള്‍പ്പെടുന്നു. മുന്‍ ഉപമുഖ്യമന്ത്രി രേണു ദേവിയും (ബേട്ടിയ) മത്സരിക്കുന്നു.
മുന്‍ ഉപമുഖ്യമന്ത്രി തര്‍ക്കേശ്വര്‍ പ്രസാദ് (കത്തിഹാര്‍), മുന്‍ സ്പീക്കര്‍ ഉദയ് നരൈണ്‍ ചൗധരി (സികന്ദര), മുന്‍മന്ത്രിമാരായ വിനയ് ബിഹാരി, നാരായണ്‍ പ്രസാദ്, ഷമീം അഹമ്മദ്, രാണാ രന്ധീര്‍ സിങ്, പ്രമോദ് കുമാര്‍, സുനില്‍ കുമാര്‍ പിന്റു എന്നിവര്‍യും രംഗത്തുണ്ട്.
ജനവിധി തേടുന്ന പുതുമുഖങ്ങളില്‍ പ്രശാന്ത് കിഷോറിന്റെ ജനസുരാജ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും ഭോജ്പുരി നടനുമായ രിതേഷ് പാണ്ഡേയ് കാര്‍ഗഹറില്‍ മത്സരിക്കുന്നു. അതേ പാര്‍ട്ടിയിലെ ധീരേന്ദ്ര അഗ്രവാല്‍ ഗയ ടൗണില്‍ ബിജെപി സീനിയര്‍ നേതാവ് പ്രേം കുമാറിനെ നേരിടും. ആര്‍എല്‍എം സ്ഥാനാര്‍ത്ഥിയും യൂണിയന്‍ മന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ ഭാര്യയുമായ സ്‌നേഹലത കുശ്വാഹ സസാരാമിലും, ജിതന്റാം മാഞ്ചിയുടെ മരുമകളായ ദീപ കുമാരി ഹാം(എസ്) സ്ഥാനാര്‍ത്ഥിയായി ഇമാംഗഞ്ചിലുമാണ് മത്സരിക്കുന്നത്.
എന്‍ഡിഎ മുന്നണിയില്‍ ബിജെപി 53, ജെഡിയു 44, എല്‍ജെപി (റാം വിലാസ്) 15, ഹാം(എസ്) ആറ്, ആര്‍എല്‍എം നാല് സീറ്റുകളിലായി മത്സരിക്കുന്നു.
മഹാഗഠ്ബന്ധനില്‍ ആര്‍ജെഡി 72, കോണ്‍ഗ്രസ് 37, വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി എട്ട്, സിപിഐ(എംഎല്‍) ആറ്, സിപിഐ നാല്, സിപിഎം ഒന്ന് എന്നിങ്ങനെയാണ്.
എന്നാല്‍ സഖ്യകക്ഷികള്‍ തമ്മില്‍ തന്നെ ആറിടങ്ങളില്‍ ഏറ്റുമുട്ടല്‍ നിലനില്‍ക്കുന്നുണ്ട് - കാര്‍ഗഹര്‍, നാര്‍കതിയാഗഞ്ച്, കഹല്ഗാഞ്ച്, സുല്‍ത്താന്‍ഗഞ്ച്, ചൈന്‍പൂര്‍, സികന്ദര്‍ എന്നിവിടങ്ങളിലാണ് പരസ്പര പോരാട്ടം.
സുതാര്യമായ വോട്ടെടുപ്പിനായി 1,625 സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോര്‍സസ് കമ്പനി വിന്യസിച്ചിട്ടുണ്ട്.
'എന്‍ഡിഎയ്ക്ക് രണ്ടാംഘട്ടത്തില്‍ 30-35 സീറ്റുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആകെ 75-80 സീറ്റുകള്‍ നേടാനാകുമെന്ന് ജെഡിയു വക്താവ് അഭിഷേക് ഝാ പറഞ്ഞു.
അതേസമയം, 'മാറിയ ബിഹാറിനായി ജനങ്ങള്‍ വീണ്ടും റെക്കോഡ് തോതില്‍ വോട്ട് ചെയ്യുമെന്നും രണ്ടാം ഘട്ടത്തില്‍ മഹാഗഠബന്ധനത്തിന് 90 സീറ്റുകള്‍ നേടാനാകുമെന്നും ആര്‍ജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി പ്രതികരിച്ചു.
ബിഹാര്‍ തെരഞ്ഞെടുപ്പ് അവസാന ഘട്ടം ഇന്ന് : 20 ജില്ലകളില്‍ 122 സീറ്റുകളിലേക്ക് വോട്ടെടുപ്പ്
