ബംഗാളില്‍ 12 വയസുകാരിയുടെ മൃതദേഹം കുളത്തില്‍; ഒരാളെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊന്നു

ബംഗാളില്‍ 12 വയസുകാരിയുടെ മൃതദേഹം കുളത്തില്‍; ഒരാളെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊന്നു


കൊല്‍ക്കത്ത: കൊല്‍ക്കത്തയ്ക്ക് സമീപം ബറൈപുര്‍ മേഖലയില്‍ 12 വയസുകാരിയുടെ മൃതദേഹം വികൃതമാക്കി ചാക്കില്‍കെട്ടി കുളത്തില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം. കേസിലെ മുഖ്യപ്രതിയുടെ സഹായി എന്ന സംശയത്തെ തുടര്‍ന്ന് 40-കാരനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി.

കൂട്ടുകാരിയെ കാണാന്‍ പോയ പെണ്‍കുട്ടി മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് കുടുംബം പൊലീസില്‍ നല്‍കിയ പരാതി അന്വേഷിക്കവെയാണ് വികൃതമാക്കിയ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ സമീപത്തെ കുളത്തില്‍ നിന്ന് കണ്ടെടുത്തത്. 

പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതാണെന്ന് കുടുംബവും നാട്ടുകാരും ആരോപിക്കുന്നുണ്ടെങ്കിലും ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. 

സംഭവത്തില്‍ പ്രതിഷേധിച്ച് കുടുംബാംഗങ്ങളും നാട്ടുകാരും മൃതദേഹവുമായി റോഡ് ഉപരോധിച്ചു. ടയറുകള്‍ കത്തിച്ചും മൂന്ന് മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെടുത്തിയും പ്രതിഷേധം നടത്തി. കൂടാതെ സീല്‍ദാഹ്- നംഖാന റെയില്‍വേ ലൈനില്‍ ഒരു മണിക്കൂറോളം ട്രെയിന്‍ ഗതാഗതവും തടഞ്ഞു. പ്രതിഷേധത്തിനിടെ കല്ലേറില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റതായും ഒരാളെ ഗുരുതരാവസ്ഥയില്‍ കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഇരയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതില്‍ നിന്നും തടയുന്നതിന് വീട്ടുതടങ്കലിലാക്കിയതായി മഹുവ മൊയ്ത്ര സാമൂഹ്യ മാധ്യമത്തില്‍ പ്രതികരിച്ചു. തുടര്‍ന്ന് രാഷ്ട്രീയ വിവാദവും ശക്തമായിട്ടുണ്ട്.