തെഹ്രാൻ: ഇറാനിലെ മിനാബ് നഗരത്തിലെ പെൺകുട്ടികളുടെ സ്‌കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിന്റെ ചിത്രങ്ങൾ കൃത്രിമബുദ്ധി (AI) ഉപയോഗിച്ച് സൃഷ്ടിച്ചതാകാമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തിന് മറുപടിയുമായി ആക്രമണസമയത്ത് സ്‌കൂളിലുണ്ടായിരുന്ന അധ്യാപിക. മിസൈൽ പതിച്ച നിമിഷം എല്ലാവരും വായുവിലേക്ക് തെറിച്ചുപോയെന്നും നിരപരാധികളായ വിദ്യാർഥികൾ എന്ത് കുറ്റമാണ് ചെയ്തതെന്നും അധ്യാപിക അമിനേഹ് നദേമി ചോദിച്ചു.
''ആക്രമണത്തിന് ശേഷം സ്‌കൂൾ ഇപ്പോൾ ഒരു വിദ്യാലയമല്ല. 'മരണത്തിന്റെയും ദുഃഖത്തിന്റെയും ചോരയുടെയും ഗന്ധം നിറഞ്ഞ മതിലുകൾ മാത്രമാണ് അവശേഷിക്കുന്നത്,' എന്നാണ് 33കാരിയായ അമിനേഹ് നദേമി പറയുന്നത്.
ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മിനാബ് സ്‌കൂൾ ആക്രമണത്തിന്റെ ചിത്രങ്ങൾ എഐ ഉപയോഗിച്ച് നിർമ്മിച്ചതാകാമെന്ന് ട്രംപ് അഭിപ്രായപ്പെട്ടത്. സംഭവസ്ഥലത്ത് അമേരിക്കൻ ടോമാഹോക്ക് മിസൈലിന്റെ അവശിഷ്ടങ്ങൾ കണ്ടതായി അവതാരകൻ ചൂണ്ടിക്കാട്ടിയപ്പോൾ, 'ആ ചിത്രങ്ങൾ എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാകാനും സാധ്യതയുണ്ട്' എന്നായിരുന്നു ട്രംപിന്റെ മറുപടി.
ഫെബ്രുവരി 28നാണ് മിനാബിലെ ഷജറേ തയ്യിബെ പെൺകുട്ടികളുടെ സ്‌കൂളിന് നേരെ മിസൈൽ ആക്രമണം നടന്നത്. ക്ലാസുകൾ നടക്കുന്നതിനിടെയാണ് അമേരിക്കൻ നിർമിത ടോമാഹോക്ക് ക്രൂയിസ് മിസൈൽ ഉൾപ്പെടെ നിരവധി മിസൈലുകൾ സ്‌കൂൾ കെട്ടിടത്തിൽ പതിച്ചത്. ഇരുനില കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് വിദ്യാർഥികളും അധ്യാപകരും കുടുങ്ങുകയായിരുന്നു.
സ്‌കൂൾ സ്ഥിതിചെയ്ത പ്രദേശം ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (IRGC) നാവിക കേന്ദ്രത്തിന് സമീപമായിരുന്നുവെന്നാണ് അമേരിക്കയും ഇസ്രായേലും വിശദീകരിച്ചത്. എന്നാൽ ആക്രമണത്തിൽ ഏഴ് മുതൽ 12 വയസ്സ് വരെയുള്ള പെൺകുട്ടികളടക്കം ഏകദേശം 168 പേർ കൊല്ലപ്പെട്ടതായി ഇറാൻ ആരോപിച്ചു.
സംഭവത്തെ 'മാപ്പർഹിക്കാത്ത യുദ്ധക്കുറ്റം' എന്നാണ് ഇറാൻ വിശേഷിപ്പിച്ചത്. ആക്രമണത്തിന് പിന്നാലെ സ്‌കൂൾ പരിസരത്ത് നിന്ന് അമേരിക്കൻ ടോമാഹോക്ക് മിസൈലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലവും ഉത്തരവാദിത്തവും സംബന്ധിച്ച വിവാദം ഇപ്പോഴും തുടരുകയാണ്.
'ഞങ്ങൾ വായുവിലേക്ക് തെറിച്ചുപോയി'; മിനാബ് സ്‌കൂൾ ആക്രമണ ചിത്രങ്ങൾ എഐയാകാമെന്ന ട്രംപിന്റെ പരാമർശത്തിന് അധ്യാപികയുടെ മറുപടി
