ബെർലിൻ: ജർമ്മനിയിലെ ബെർലിനിൽ നടന്ന എൽജിബിടിക്യു സമൂഹത്തിന്റെ വാർഷിക ആഘോഷത്തിനിടെ ജനക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു. 17 പേർക്ക് പരിക്കേറ്റതായി ബെർലിൻ പൊലീസ് അറിയിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.
ശനിയാഴ്ച രാത്രി പ്രാദേശിക സമയം രാത്രി 10 മണിയോടെയാണ് നഗരമധ്യത്തിലെ ടിയർഗാർട്ടൻ പാർക്കിലെ നടപ്പാതയിലേക്ക് വെള്ള നിറത്തിലുള്ള കാർ ഇടിച്ചുകയറിയത്. സംഭവത്തിന് പിന്നാലെ വാഹനം ഓടിച്ചയാളെ കണ്ടെത്താൻ വ്യാപക തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
യൂറോപ്പിലെ ഏറ്റവും വലിയ എൽജിബിടിക്യു ആഘോഷങ്ങളിലൊന്നായ ക്രിസ്റ്റഫർ സ്ട്രീറ്റ് ഡേ ആഘോഷത്തിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് ആളുകളാണ് ബെർലിനിലെത്തിയത്. അപകടം നടന്നതോടെ സുരക്ഷാ കാരണങ്ങളാൽ അന്നത്തെ ശേഷിച്ച ആഘോഷപരിപാടികൾ പൊലീസ് റദ്ദാക്കി.
സംഭവത്തിന്റെ കാരണം എന്താണെന്നതിലും ഇത് മനഃപൂർവമായ ആക്രമണമാണോയെന്നതിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. കേസിൽ അന്വേഷണം പരോഗമിക്കുകയാണെന്നും പ്രതിക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും ബെർലിൻ പൊലീസ് അറിയിച്ചു.
ബെർലിനിലെ എൽജിബിടിക്യു ആഘോഷത്തിനിടെ വാഹനമിടിച്ച് ഒരാൾ മരിച്ചു; 17 പേർക്ക് പരിക്ക്
