സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചു; സമരം പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ച് സി ജെ പി

സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചു; സമരം പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ച് സി ജെ പി


ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരും കോക്രോച്ച് ജനതാ പാര്‍ട്ടി (സി ജെ പി) പ്രതിനിധികളും തമ്മില്‍ ന്യൂഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷണല്‍ ക്ലബ് ഓഫ് ഇന്ത്യയില്‍ നടന്ന മൂന്നാംഘട്ട ചര്‍ച്ച ധാരണയിലെത്തി. സര്‍ക്കാര്‍ ബാക്കിയുള്ള ആവശ്യങ്ങളും അംഗീകരിച്ചതോടെ സമരം പിന്‍വലിക്കുന്നതായി സി ജെ പി സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

ഉടന്‍ പ്രാബല്യത്തില്‍ സമരം അവസാനിപ്പിക്കുന്നതായും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധിക്കുന്നവര്‍ വീടുകളിലേക്ക് മടങ്ങണമെന്നും സി ജെ പി നേതാക്കള്‍ അഭ്യര്‍ഥിച്ചു.

'സര്‍ക്കാരിന്റെ ഉറപ്പുകളില്‍ വിശ്വാസമര്‍പ്പിച്ച് ഞങ്ങള്‍ സമരം പിന്‍വലിക്കുകയാണ്. എല്ലാ സമരക്കാരും വീടുകളിലേക്ക് മടങ്ങണം. ഈ നിമിഷം മുതല്‍ ഞങ്ങളുടെ സമരം ഔദ്യോഗികമായി അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുന്നു,' സി ജെ പി വക്താവ് അശുതോഷ് റങ്ക പറഞ്ഞു.

സര്‍ക്കാര്‍ അംഗീകരിച്ച പ്രധാന ആവശ്യങ്ങള്‍

പ്രതിഷേധക്കാരെതിരെ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ എഫ് ഐ ആറുകളും പിന്‍വലിക്കുമെന്നതാണ് സര്‍ക്കാര്‍ അംഗീകരിച്ച പ്രധാന ആവശ്യം.

സമരവുമായി ബന്ധപ്പെട്ട് ദുരിതമനുഭവിച്ചവരുടെ കുടുംബങ്ങള്‍ക്ക് പരമാവധി നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ സമ്മതിച്ചതായി സി ജെ പി അറിയിച്ചു.

പരീക്ഷാ പരിഷ്‌കാരങ്ങള്‍ക്ക് അഞ്ചിന നിര്‍ദേശങ്ങള്‍

പരീക്ഷാ സംവിധാനത്തില്‍ സമഗ്ര പരിഷ്‌കാരങ്ങള്‍ ലക്ഷ്യമിട്ട് വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ അഞ്ചിന ചാര്‍ട്ടറും ചര്‍ച്ചയില്‍ സര്‍ക്കാരിന് കൈമാറി. ഈ നിര്‍ദേശങ്ങള്‍ വിദ്യാര്‍ഥി പ്രതിനിധികളുമായി കൂടിയാലോചിച്ച് വിശദമായി പരിശോധിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി സി ജെ പി അറിയിച്ചു.

ഭാവിയില്‍ ഈ സമരവുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാര്‍ക്കോ സംഘാടകരിക്കോ എതിരെ യാതൊരു നടപടിയും സ്വീകരിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി സി ജെ പി വ്യക്തമാക്കി.