ഒന്റാറിയോ: മില്‍ബാങ്കിലുള്ള ജനപ്രിയമായ അന്നാ മെയ്സ് ബേക്കറി അടച്ചുപൂട്ടുകയാണെന്ന തെറ്റായ വിവരം ഗൂഗിളിന്റെ എ ഐ ഓവര്‍വ്യൂ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് ബേക്കറി ഉടമ ആശങ്കയിലായി. പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെയും നേരിട്ടുമുള്ള വിശദീകരണത്തിലൂടെയും ബിസിനസ് പ്രവര്‍ത്തനം സാധാരണ നിലയില്‍ തുടരുകയാണെന്ന് ഉപഭോക്താക്കളെ അറിയിക്കേണ്ടിവന്നു.
കഴിഞ്ഞ വാരാന്ത്യത്തില്‍ ഒരാള്‍ ഗൂഗിളില്‍ അന്നാ മെയ്സ് ബേക്കറിയെ തിരഞ്ഞപ്പോള്‍ ജൂലൈ 31-ന് സ്ഥാപനം സ്ഥിരമായി അടച്ചുപൂട്ടുമെന്ന എ ഐ സംഗ്രഹം പ്രത്യക്ഷപ്പെട്ടിരുന്നു. കിച്ചനറിന് വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന മില്‍ബാങ്കിലെ ബേക്കറിയെ അതേ പേരിലുള്ള അമേരിക്കയിലെ ഇല്ലിനോയിസിലുള്ള അടച്ചുപൂട്ടുന്ന മറ്റൊരു ബേക്കറിയുമായി ഗൂഗിളിന്റെ എ ഐ തെറ്റിദ്ധരിച്ചതാണ് ഈ പിഴവിന് കാരണം.
ഒരു വിവാഹച്ചടങ്ങിലേക്ക് പോകുന്നതിനിടെ ആരോ അയച്ച സ്‌ക്രീന്‍ഷോട്ടിലൂടെയാണ് തെറ്റായ വിവരം ഉടമ അമാന്‍ഡ ഹെര്‍ഫോര്‍ട്ടിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
അത് കണ്ടപ്പോള്‍ താന്‍ ശരിക്കും പരിഭ്രാന്തയായെന്ന് ഹെര്‍ഫോര്‍ട്ട് പറഞ്ഞു.
തുടര്‍ന്ന് അവര്‍ ഓണ്‍ലൈനിലൂടെ വിശദീകരണം നല്‍കി അഭ്യൂഹം തിരുത്താന്‍ ശ്രമിച്ചെങ്കിലും നിരവധി ഉപഭോക്താക്കള്‍ ഇ-മെയിലിലൂടെയും ഫോണ്‍ വഴിയും നേരിട്ടും ബേക്കറിയിലെത്തി സ്ഥാപനമടയ്ക്കുകയാണോ എന്ന് അന്വേഷിച്ചതായി അവര്‍ പറഞ്ഞു.
കടയില്‍ എത്തുന്നവര്‍ ജീവനക്കാരോട് 'നിങ്ങള്‍ അടയ്ക്കുകയാണെന്ന് ഗൂഗിളില്‍ കാണുന്നുണ്ട്' എന്ന് ചോദിക്കുമായിരുന്നു. ജീവനക്കാര്‍ക്ക് കാര്യം വിശദീകരിക്കേണ്ടി വന്നുവെന്നും അവര്‍ പറഞ്ഞു.
തെറ്റായ വിവരം നീക്കാന്‍ ഗൂഗിളിന്റെ എ ഐ സംവിധാനത്തോട് തന്നെ തിരുത്തണമെന്ന് ആവശ്യപ്പെട്ടതായി ഹെര്‍ഫോര്‍ട്ട് പറഞ്ഞു. അതിന് മറുപടിയായി, ഇത് ബിസിനസിനെ പ്രതികൂലമായി ബാധിക്കാമെന്ന് മനസ്സിലാക്കുന്നുവെന്നും ശരിയായ വിവരം നല്‍കുന്നതിനായി എത്രയും വേഗം തിരുത്തല്‍ നടത്തുമെന്നും എ ഐ മറുപടി നല്‍കിയതായും അവര്‍ പറഞ്ഞു.
2024-ലാണ് ഗൂഗിള്‍ എ ഐ ഓവര്‍വ്യൂ സംവിധാനം അവതരിപ്പിച്ചത്. തുടക്കത്തില്‍ പിസ്സയിലെ ടോപ്പിങ്ങുകള്‍ ഒട്ടിക്കാന്‍ പശ ഉപയോഗിക്കാമെന്നതുപോലുള്ള തെറ്റായ നിര്‍ദേശങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ബി ബി സി പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടില്‍ ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഓപ്പണ്‍എഐ, പെര്‍പ്ലെക്‌സിറ്റി എന്നിവയുടെ എ ഐ ചാറ്റ്‌ബോട്ടുകള്‍ വാര്‍ത്തകളുടെ സംഗ്രഹങ്ങളില്‍ കാര്യമായ തെറ്റുകള്‍ വരുത്തുന്നതായി കണ്ടെത്തിയിരുന്നു.
എ ഐ സംഗ്രഹങ്ങളുടെ താഴെ ചെറിയ അക്ഷരത്തില്‍ 'എ ഐ മറുപടികളില്‍ പിഴവുകള്‍ ഉണ്ടായേക്കാം' എന്ന മുന്നറിയിപ്പും ഗൂഗിള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എന്നിരുന്നാലും, ഭൂരിഭാഗം എ ഐ ഓവര്‍വ്യൂകളും ഉയര്‍ന്ന നിലവാരമുള്ളതും കൃത്യതയുള്ളതുമാണെന്ന് ഗൂഗിള്‍ വക്താവ് അറിയിച്ചു. വെബില്‍ വിശ്വസനീയമായ വിവരങ്ങളുടെ അഭാവമുള്ള സാഹചര്യങ്ങളില്‍ ഇത്തരം പിഴവുകള്‍ സംഭവിക്കാമെന്നും അവയില്‍ നിന്ന് പഠിച്ച് സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.
വാട്ടര്‍ലൂ സര്‍വകലാശാലയിലെ സാമൂഹിക വികസന പഠന വിഭാഗം പ്രൊഫസര്‍ ക്രിസ്റ്റിന്‍ ലോഗല്‍ പറയുന്നതനുസരിച്ച് വലിയ ഭാഷാ മാതൃകകളെ അടിസ്ഥാനമാക്കിയുള്ള എ ഐ സംവിധാനങ്ങള്‍ പൂര്‍ണമായ പരിശോധനകള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയത്. അതിനാല്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്നും അവര്‍ പറഞ്ഞു.
ഇത്തരം പിഴവുകള്‍ യഥാര്‍ഥ മനുഷ്യരെയും ബിസിനസുകളെയും നേരിട്ട് ബാധിക്കുന്ന പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ലോഗല്‍ ചൂണ്ടിക്കാട്ടി.
സംഭവത്തെ ഒടുവില്‍ ചിരിച്ചുകൊണ്ടാണ് താന്‍ നേരിട്ടതെന്ന് ഹെര്‍ഫോര്‍ട്ട് പറഞ്ഞു. മനുഷ്യര്‍ക്ക് മാത്രമല്ല എ ഐക്കും തെറ്റുകള്‍ പറ്റുമെന്നാണ് ഇപ്പോള്‍ മനസ്സിലായതെന്ന് അവര്‍ പറഞ്ഞു.
ഇന്റര്‍നെറ്റില്‍ സംശയാസ്പദമായ വിവരങ്ങള്‍ കണ്ടാല്‍ എ ഐയുടെ സംഗ്രഹം മാത്രം വിശ്വസിക്കാതെ സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റോ സമൂഹമാധ്യമ പേജുകളോ നേരിട്ട് പരിശോധിക്കുകയോ സ്ഥാപനവുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് ഹെര്‍ഫോര്‍ട്ട് ഉപഭോക്താക്കളോട് അഭ്യര്‍ഥിച്ചു.
