ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെയും സമരം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി (സി ജെ പി) കേന്ദ്ര സര്‍ക്കാരിന് മുന്നിലുള്ള ബാക്കിയുള്ള ആവശ്യങ്ങള്‍ വീണ്ടും ഉന്നയിച്ചു. നീറ്റ്- യു ജി ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ആഴ്ചകളായി രാജ്യവ്യാപകമായി നടന്ന വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് പ്രധാന്‍ രാജിവെച്ചത്.
എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ സി ജെ പി തങ്ങളുടെ 'ഡിമാന്‍ഡ് റോസ്റ്റര്‍' പുതുക്കിയതായി അറിയിച്ചു. 'ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം' എന്ന ഒന്നാമത്തെ ആവശ്യം നടപ്പായതായി ചൂണ്ടിക്കാട്ടി അതിന് മുന്നില്‍ ടിക്ക് മാര്‍ക്കും രേഖപ്പെടുത്തി.
എന്നാല്‍ ഇനിയും കേന്ദ്ര സര്‍ക്കാര്‍ നിറവേറ്റേണ്ട മൂന്ന് ആവശ്യങ്ങള്‍ 'പെന്‍ഡിങ്' പട്ടികയില്‍ തുടരുന്നതായും സി ജെ പി വ്യക്തമാക്കി.
ആത്മഹത്യ ചെയ്ത എല്ലാ വിദ്യാര്‍ഥികളുടെയും കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കുക, വിദ്യാര്‍ഥി സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കരുത്, റാപിഡ് ആക്ഷന്‍ ഫോഴ്സും (ആര്‍ എ എഫ്) ഡല്‍ഹി പൊലീസും പരസ്യമായി മാപ്പ് പറയണം എന്നിവയാണ് പ്രസ്തുത ആവശ്യങ്ങള്‍.
'ജന്തര്‍ മന്തറും രാജ്യവും ഈ ആവശ്യങ്ങള്‍ നടപ്പാകുന്നതിനായി ഇപ്പോഴും കാത്തിരിക്കുകയാണ്,' സി ജെ പി കുറിപ്പില്‍ വ്യക്തമാക്കി.
ധര്‍മേന്ദ്ര പ്രധാന്റെ രാജിയോട് പ്രതികരിച്ച സി ജെ പി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ 'ഈ സര്‍ക്കാരില്‍ രാജി നടക്കില്ലെന്നാണ് പറയാറുള്ളത്. ലോകം സ്വയം കുനിയില്ല; അതിനെ കുനിയിക്കാന്‍ ഒരാള്‍ വേണം,' എന്ന് പറഞ്ഞു. രാജി സ്വാഗതം ചെയ്‌തെങ്കിലും സമരം ഇവിടെ അവസാനിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചെങ്കിലും ഞങ്ങളുടെ ആവശ്യങ്ങള്‍ അവസാനിച്ചിട്ടില്ല. ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണം. കൂടാതെ ജൂലൈ 20-ന് പ്രതിഷേധക്കാര്‍ക്കെതിരെ അതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. കോക്രോച്ചുകളെ നിസ്സാരമായി കാണരുതെന്ന് ഓര്‍ക്കുക,' ദിപ്‌കെ പറഞ്ഞു.
26 ദിവസം നീണ്ട നിരാഹാര സമരം നടത്തിയ സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ പ്രതിഷേധവും ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തിയ വന്‍ പ്രക്ഷോഭവും ശക്തമായതിനെ തുടര്‍ന്നാണ് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചത്.
