'ലോകം കുനിയണമെങ്കില്‍ കുനിയിക്കാന്‍ ഒരാള്‍ വേണം'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ അഭിജീത് ദിപ്‌കെയുടെ പ്രതികരണം

'ലോകം കുനിയണമെങ്കില്‍ കുനിയിക്കാന്‍ ഒരാള്‍ വേണം'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ അഭിജീത് ദിപ്‌കെയുടെ പ്രതികരണം


ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വിദ്യാര്‍ഥി സമരത്തിന് നേതൃത്വം നല്‍കിയ കോക്രോച്ച് ജനതാ പാര്‍ട്ടി (സി ജെ പി) സ്ഥാപകന്‍ അഭിജീത് ദിപ്‌കെ വികാരാധീനനായി നിലത്തേക്ക് വീണു. സര്‍ക്കാരുമായുള്ള സി ജെ പി നേതാക്കള്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ചയ്ക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് പ്രധാന്‍ രാജി പ്രഖ്യാപിച്ചത്.

ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളെ അണിനിരത്തിയ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് സി ജെ പിയായിരുന്നു.

'ഈ സര്‍ക്കാരില്‍ രാജിവെക്കല്‍ നടക്കില്ലെന്നാണ് പറയാറുള്ളത്. ലോകം സ്വയം കുനിയില്ല; അതിനെ കുനിയിക്കാന്‍ ഒരാള്‍ വേണം,' ദിപ്‌കെ പ്രതികരിച്ചു.

എന്നാല്‍ ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതോടെ സമരം അവസാനിക്കില്ലെന്നും രണ്ട് പ്രധാന ആവശ്യങ്ങള്‍ കൂടി സര്‍ക്കാര്‍ അംഗീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

'ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു. പക്ഷേ ഞങ്ങള്‍ക്ക് ഇനിയും രണ്ട് ആവശ്യങ്ങളുണ്ട്. ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണം. അതോടൊപ്പം, ജൂലൈ 20-ന് പ്രതിഷേധക്കാര്‍ക്കെതിരെ അതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. കോക്രോച്ചുകളെ നിസ്സാരമായി കാണരുതെന്ന് ഓര്‍ക്കുക,' ദിപ്‌കെ പറഞ്ഞു.

26 ദിവസം നീണ്ട നിരാഹാര സമരം നടത്തിയ സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെയും ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തിയ വ്യാപക പ്രതിഷേധത്തിന്റെയും പശ്ചാത്തലത്തിലാണ് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചത്.

പ്രധാനിന്റെ രാജിയെ സ്വാഗതം ചെയ്ത വാങ്ചുക്, 'ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. തെരുവുകളില്‍ നിന്നുയര്‍ന്ന നേരിട്ടുള്ള ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും ക്ഷമയുടെയും സ്ഥിരോത്സാഹത്തിന്റെയും വിജയമാണിത്,' എന്ന് പറഞ്ഞു.

ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന്റെ പേരില്‍ തന്നെ 'നായകനാക്കരുത്' എന്ന് ദിപ്‌കെ അനുയായികളോട് അഭ്യര്‍ഥിച്ചു.

'ഇന്ന് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതുകൊണ്ട് എന്നെ നായകനാക്കരുത്. ആ തെറ്റ് ചെയ്യരുത്. ഒരാളെ നായകനാക്കിയതുകൊണ്ടാണ് രാജ്യം ഈ അവസ്ഥയിലെത്തിയത്,' അദ്ദേഹം പറഞ്ഞു.

'ഇത് ആദ്യ വിക്കറ്റാണ്. ഇവിടെ ഞങ്ങള്‍ നിര്‍ത്തില്ല. ഇത് തുടക്കം മാത്രമാണ്. കഴിഞ്ഞ 36 ദിവസമായി ഇവിടെ സമരത്തില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ഥികളെയും സന്നദ്ധ പ്രവര്‍ത്തകരെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു,' ദിപ്‌കെ കൂട്ടിച്ചേര്‍ത്തു.