ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയും വിദ്യാഭ്യാസ സംവിധാനത്തിലെ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെച്ചതിന് പിന്നാലെ സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക് എക്‌സില്‍ വീഡിയോ പങ്കുവെച്ചത് ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. തെരുവുകളില്‍ നിന്നുയര്‍ന്ന നേരിട്ടുള്ള ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും ക്ഷമയുടെയും സ്ഥിരോത്സാഹത്തിന്റെയും വിജയമാണിത് എന്നായിരുന്നു. സി ജെ പിക്കും രാജ്യത്തെ ജെന്‍-സെഡ് തലമുറയ്ക്കും ഭയത്തെ അതിജീവിച്ച് മുന്നോട്ടുവന്ന എല്ലാ പൗരന്മാര്‍ക്കും അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തിയ അദ്ദേഹം ഇനി ഉത്തരവാദിത്തത്തില്‍ നിന്ന് വിദ്യാഭ്യാസ പരിഷ്‌കാരങ്ങളിലേക്കാണ് യാത്രയെന്നും പ്രതികരിച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം എക്‌സില്‍ കുറിച്ചത്: 'കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെച്ചെന്ന വാര്‍ത്ത അറിഞ്ഞു. ഞാന്‍ ഈ രാജിയെ സ്വാഗതം ചെയ്യുന്നു. ഇതിലൂടെ നിലവിലെ സംഘര്‍ഷാവസ്ഥ ശമിക്കുകയും പാര്‍ലമെന്റിലും പുറത്തും അടിസ്ഥാനപരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.'
ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍, 'ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതില്‍ രാജ്യത്തിന് അഭിനന്ദനങ്ങള്‍. ജനാധിപത്യത്തിന്റെ വലിയ വിജയമാണിത്,' എന്ന് പ്രതികരിച്ചു.
മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, 'രാജ്യത്തെ യുവശക്തിക്ക് സല്യൂട്ട്. ജെന്‍-സെഡ് തലമുറയ്ക്കും എല്ലാ പ്രവര്‍ത്തകര്‍ക്കും അഭിവാദ്യം. അഴിമതിക്കാരനായ വിദ്യാഭ്യാസ മന്ത്രിക്ക് രാജിവെക്കേണ്ടിവന്നു. ജെന്‍-സെഡിന് മുന്നില്‍ മോദിക്ക് തലകുനിക്കേണ്ടിവന്നു,' എന്ന് കുറിച്ചു.
ബി ജെ പിയുടെ ദേശീയ ഐ ടി വിഭാഗം ചുമതലയുള്ള അമിത് മാളവ്യ, ധര്‍മേന്ദ്ര പ്രധാന്റെ പൊതുജീവിതത്തെയും വിദ്യാഭ്യാസ രംഗത്തെ സംഭാവനകളെയും പ്രശംസിച്ചു.
വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലൂടെ പൊതുജീവിതത്തിലേക്ക് എത്തിയ പ്രധാന്‍ വിദ്യാഭ്യാസത്തെ സാമൂഹിക പരിവര്‍ത്തനത്തിന്റെയും രാജ്യപുരോഗതിയുടെയും പ്രധാന ഉപാധിയായി കണ്ടിരുന്നുവെന്നും വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താനും പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനും അദ്ദേഹം ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചുവെന്നും മാളവ്യ പറഞ്ഞു.
'ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ സേവിക്കുന്ന ഒരു വിദ്യാഭ്യാസ സംവിധാനത്തില്‍ വെല്ലുവിളികള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതേസമയം ശക്തമായ സ്ഥാപനങ്ങള്‍ സൃഷ്ടിക്കാന്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചവരുടെ സംഭാവനയും അംഗീകരിക്കപ്പെടണം. ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്കുവേണ്ടിയുള്ള സേവനത്തിനും വിദ്യാഭ്യാസത്തിന്റെ പരിവര്‍ത്തനശേഷിയിലുള്ള വിശ്വാസത്തിനും ധര്‍മേന്ദ്ര പ്രധാന് നന്ദി,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍ സി പി (എസ് പി) നേതാവ് സുപ്രിയ സുലെ, 'സമാധാനപരമായ സമരങ്ങളും വിദ്യാര്‍ഥികളുടെയും പ്രതിപക്ഷത്തിന്റെയും നിരന്തര സമ്മര്‍ദവും മൂലമാണ് വിദ്യാഭ്യാസ മന്ത്രി രാജിവെച്ചത്. നീറ്റ് വിഷയത്തില്‍ ഉറച്ചുനിന്ന എല്ലാ സമരക്കാരെയും അഭിനന്ദിക്കുന്നു. എന്നാല്‍ ഇത് അവസാനമല്ല. യഥാര്‍ഥ ഉത്തരവാദിത്തനിര്‍ണയവും സമഗ്ര വിദ്യാഭ്യാസ പരിഷ്‌കാരവും പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ചയും വേണം,' എന്ന് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് എം പി ദീപേന്ദര്‍ സിങ് ഹൂഡ, 'ഇത് ഒരു മന്ത്രിയുടെ രാജി മാത്രമല്ല; രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും പോരാട്ടത്തിന്റെ ആദ്യ വലിയ വിജയമാണ്. യുവാക്കളുടെ ശബ്ദം അവഗണിച്ച സര്‍ക്കാരിന് ഒടുവില്‍ വഴങ്ങേണ്ടിവന്നു. നീതിയും സമഗ്ര പരിഷ്‌കാരങ്ങളും നടപ്പാകുന്നതുവരെ സമരം തുടരും,' എന്ന് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍, ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ 28 ദിവസം നീണ്ടുനിന്ന യുവജന സമരത്തെ പ്രശംസിച്ചു.
'അടിച്ചമര്‍ത്തലിനെ ഭയക്കാതെ നടത്തിയ ഈ പോരാട്ടം സര്‍ക്കാരിനെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതമാക്കി. ഇത് ജനാധിപത്യത്തിന്റെ ശക്തിയുടെ പ്രതീകവും രാജ്യത്തെ യുവശക്തിയുടെ ഐക്യത്തിന്റെ വലിയ വിജയവുമാണ്. യുവാക്കള്‍ക്ക് പാര്‍ലമെന്റിനകത്തും പുറത്തും പിന്തുണ നല്‍കിയ പ്രതിപക്ഷ എം പിമാര്‍ക്കും നന്ദി അറിയിക്കുന്നു. രാജ്യത്തെ ജനാധിപത്യം വിജയിച്ചതിന്റെ മുഴുവന്‍ ക്രെഡിറ്റും യുവതലമുറയ്ക്കാണ്,' പവാര്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, 'ജനങ്ങളുടെ ഇച്ഛാശക്തിയാണ് പരമപ്രധാനം. ഒരു ഏകാധിപതിക്കോ ഒരൊറ്റ നേതാവിനോ ഇന്ത്യന്‍ ജനതയെ തടയാനാവില്ലെന്ന് ഇന്ന് വിദ്യാര്‍ഥികള്‍ തെളിയിച്ചു. ഇത് തുടക്കം മാത്രമാണ്. രാജ്യത്തെ യുവാക്കളുടെ ശബ്ദത്തെ ഇനി ആര്‍ക്കും നിശ്ശബ്ദമാക്കാനാവില്ല,' എന്ന് പ്രതികരിച്ചു.
