വിദ്യാര്‍ഥികള്‍ക്കെതിരായ അക്രമത്തിന് ഉത്തരവാദി അമിത് ഷാ; പെല്ലറ്റ് ഗണ്‍ പ്രയോഗം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും രാഹുല്‍ ഗാന്ധി

വിദ്യാര്‍ഥികള്‍ക്കെതിരായ അക്രമത്തിന് ഉത്തരവാദി അമിത് ഷാ; പെല്ലറ്റ് ഗണ്‍ പ്രയോഗം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: ജൂലൈ 20-ന് കോക്രോച്ച് ജനതാ പാര്‍ട്ടി (സി ജെ പി) സംഘടിപ്പിച്ച 'ചലോ പാര്‍ലമെന്റ്' മാര്‍ച്ചിനിടെ വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് നടത്തിയ ബലപ്രയോഗത്തിനും പെല്ലറ്റ് ഗണ്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ചെന്ന ആരോപണത്തിനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് നേരിട്ട് ഉത്തരവാദിയെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. വിഷയം പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

'വിദ്യാര്‍ഥികള്‍ക്കെതിരെ നടന്ന അക്രമത്തിന് അമിത് ഷായെയാണ് ഞങ്ങള്‍ നേരിട്ട് ഉത്തരവാദിയാക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവെക്കാനും പെല്ലറ്റ് ഗണ്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിക്കാനും അദ്ദേഹം അനുമതി നല്‍കി. ഇത് ഞങ്ങള്‍ക്ക് അതീവ ഗൗരവമുള്ള വിഷയമാണ്,' രാഹുല്‍ ഗാന്ധി ആരോപിച്ചു.

രാജ്യത്തെ വിദ്യാഭ്യാസ- മാധ്യമ സംവിധാനങ്ങളിലെയും തൊഴില്‍ മേഖലയിലെയും വീഴ്ചകളാണ് വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്ക് കാരണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാവിയില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടായാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ രാജ്യത്തിന് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പ്രതിഷേധക്കാര്‍ക്കെതിരെ ബലപ്രയോഗം നടത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ വിദ്യാര്‍ഥികളോട് പരസ്യമായി മാപ്പ് പറയണമെന്നും സംഭവത്തില്‍ പങ്കുണ്ടായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

'വിദ്യാര്‍ഥികളെ ആക്രമിക്കുകയും മര്‍ദിക്കുകയും ചെയ്തവര്‍ക്കെതിരെ വ്യക്തമായ നടപടി സ്വീകരിക്കണം. ശിക്ഷ ലഭിച്ചതായി വിദ്യാര്‍ഥികള്‍ക്ക് കാണാന്‍ കഴിയണം. അതോടൊപ്പം, ഈ സംവിധാനത്തിന്റെ മുഖ്യ ഉത്തരവാദിയായ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ വിദ്യാര്‍ഥികളോട് മാപ്പ് പറയണം,' അദ്ദേഹം പറഞ്ഞു.

ധര്‍മേന്ദ്ര പ്രധാനെ 'അഴിമതിയുടെയും വിദ്യാഭ്യാസ സംവിധാനത്തിന്റെ തകര്‍ച്ചയുടെയും പ്രതീകം' എന്നാണ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ രാജി വിദ്യാര്‍ഥികളുടെ വിജയമാണെന്നും വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തില്‍ ആര്‍ എസ് എസ് അമിത സ്വാധീനം ചെലുത്തുന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

'ഇന്ത്യയുടെ വിദ്യാഭ്യാസ സംവിധാനത്തിന്മേലുള്ള ആര്‍ എസ് എസിന്റെ നിയന്ത്രണം വലിയ പ്രശ്‌നമാണ്. ഇതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഉത്തരവാദിത്തമുണ്ടെങ്കില്‍, ആര്‍ എസ് എസിനും അതേ ഉത്തരവാദിത്തമുണ്ട്,' അദ്ദേഹം പറഞ്ഞു.