കാലിഫോർണിയ: മെറ്റയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള രണ്ട് ആഭ്യന്തര യോഗങ്ങളുടെ ശബ്ദരേഖകൾ ചോർന്നതോടെ കമ്പനിയുടെ എഐ വികസന ശ്രമങ്ങളെക്കുറിച്ച് പുതിയ വിവാദം ഉയർന്നു. കമ്പനി ജീവനക്കാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് എഐയെ പരിശീലിപ്പിക്കാൻ ശ്രമിച്ചതും, പ്രതീക്ഷിച്ച പുരോഗതി കൈവരിച്ചിട്ടില്ലെന്ന് സി.ഇ.ഒ മാർക്ക് സക്കർബർഗ് തന്നെ ജീവനക്കാരോട് സമ്മതിച്ചതുമാണ് ചോർന്ന രേഖകളിലുള്ള പ്രധാന വിവരങ്ങൾ.
ഏപ്രിലിൽ നടന്ന ആഭ്യന്തര യോഗത്തിലാണ് 'മോഡൽ കപ്പാബിലിറ്റി ഇനിഷ്യേറ്റീവ്' എന്ന പദ്ധതിയെ സക്കർബർഗ് വിശദീകരിച്ചത്. ജീവനക്കാർ ഉപയോഗിക്കുന്ന ഓഫീസ് ലാപടോപ്പുകളിൽ ഇൻസ്റ്റാൾ ചെയ്ത സോഫ്റ്റ്‌വെയർ വഴി കീബോർഡ് ടൈപ്പിംഗ്, മൗസ് നീക്കങ്ങൾ, ക്ലിക്കുകൾ, ഇടയ്ക്കിടെ സ്‌ക്രീൻഷോട്ടുകൾ എന്നിവ ശേഖരിച്ച് എഐ പരിശീലനത്തിന് ഉപയോഗിക്കാനായിരുന്നു പദ്ധതിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. കമ്പനി നൽകിയ ലാപടോപ്പുകൾ ഉപയോഗിക്കുന്ന ജീവനക്കാർക്ക് ഇതിൽ നിന്ന് ഒഴിവാകാൻ അവസരമുണ്ടായിരുന്നില്ല.
പദ്ധതിക്കെതിരെ കമ്പനിക്കുള്ളിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. 1,600ലധികം ജീവനക്കാർ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിയിൽ ഒപ്പുവച്ചു. ബ്രിട്ടനിലെ മെറ്റ ജീവനക്കാർ യൂണിയൻ രൂപീകരിക്കാനുള്ള നീക്കവും ആരംഭിച്ചു. കാലിഫോർണിയയിലെയും ന്യൂയോർക്കിലെയും ഓഫീസുകളിൽ പ്രതിഷേധ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.
ഇതിനിടെയാണ് പദ്ധതിയുമായി ബന്ധപ്പെട്ട മറ്റൊരു ഗുരുതര വീഴ്ച പുറത്തുവന്നത്. സുരക്ഷാ പരിശോധനയിൽ ജീവനക്കാരുടെ സ്വകാര്യ സംഭാഷണങ്ങൾ, എഐ പ്രോംപ്റ്റുകൾ, പ്രകടന വിലയിരുത്തൽ വിവരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഡാറ്റ ഏകദേശം 45,000 ആഭ്യന്തര ഡേറ്റാബേസ് പട്ടികകളിൽ സുരക്ഷിതമല്ലാത്ത രീതിയിൽ ലഭ്യമായിരുന്നുവെന്ന് കണ്ടെത്തി. തുടർന്ന് ജൂൺ 22ന് കമ്പനി പദ്ധതി താൽക്കാലികമായി നിർത്തിവച്ചു.
ജൂലൈ 2ന് നടന്ന മറ്റൊരു ആഭ്യന്തര യോഗത്തിന്റെ ശബ്ദരേഖയിലാണ് സക്കർബർഗ്, കഴിഞ്ഞ നാല് മാസത്തിനിടെ മെറ്റയുടെ എഐ വികസനം പ്രതീക്ഷിച്ച വേഗത്തിൽ മുന്നേറിയില്ലെന്ന് ജീവനക്കാരോട് തുറന്നുപറഞ്ഞത്. എഐ വിഭാഗം പുനഃസംഘടിപ്പിക്കുകയും ജീവനക്കാരുടെ പ്രവർത്തന ഡേറ്റ ശേഖരിക്കുകയും ചെയ്തിട്ടും ലക്ഷ്യമിട്ട പുരോഗതി കൈവരിക്കാനായില്ലെന്നാണ് അദ്ദേഹം സമ്മതിച്ചത്.
ചോർന്ന രണ്ട് ശബ്ദരേഖകളുടെയും ആധികാരികത മെറ്റ ഇതുവരെ നിഷേധിച്ചിട്ടില്ല. എന്നാൽ ജീവനക്കാരുടെ ഡേറ്റ ശേഖരണ പദ്ധതി വീണ്ടും മറ്റൊരു രൂപത്തിൽ പുനരാരംഭിക്കുമോയെന്ന കാര്യത്തിൽ കമ്പനി ഇതുവരെ വ്യക്തത നൽകിയിട്ടില്ല. മെറ്റയുടെ എഐ തന്ത്രവും ജീവനക്കാരുടെ സ്വകാര്യതയും സംബന്ധിച്ച ചർച്ചകൾക്ക് ഈ വെളിപ്പെടുത്തലുകൾ പുതിയ വഴിത്തിരിവായിരിക്കുകയാണ്.
മെറ്റയുടെ എഐ പദ്ധതിക്ക് തിരിച്ചടി? ചോർന്ന ഓഡിയോയിൽ സക്കർബർഗിന്റെ തുറന്നുപറച്ചിൽ
