പി.കെ.ശ്രീമതിക്കെതിരായ വ്യാജവാർത്തയിൽ അതിവേ​ഗ നടപടി; ജനം ടിവി അടക്കമുള്ള മാധ്യമങ്ങൾക്കെതിരേ കേസ്

പി.കെ.ശ്രീമതിക്കെതിരായ വ്യാജവാർത്തയിൽ അതിവേ​ഗ നടപടി; ജനം ടിവി അടക്കമുള്ള മാധ്യമങ്ങൾക്കെതിരേ കേസ്


കണ്ണൂർ: സിപിഎം മുതിർന്ന നേതാവും മുൻ മന്ത്രിയുമായ പി.കെ ശ്രീമതിക്കെതിരായ വ്യാജ വാർത്തയിൽ പൊലീസ് കേസെടുത്തു. ജനം ടിവി, ജന്മഭൂമി, കർമ്മ ന്യൂസ്, ഡെയ്‍ലി ഹണ്ട്, ഭാരത് ലൈവ്, സുദിനം എന്നീ മാധ്യമങ്ങൾക്കെതിരെയാണ് കേസ്. കണ്ണൂർ റൂറൽ സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ബിഎൻഎസ് 79, ഐടി ആക്ട് 120 (0), ഐടി ആക്ട് 66 (D) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഫോൺ / സോഷ്യൽ മീഡിയ വഴി വ്യക്തികൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് വഞ്ചന നടത്തുക തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. 

കുന്നംകുളം മുൻ എംഎൽഎയായിരുന്ന പി.കെ. കൃഷ്ണന്‍റെ ഭാര്യയെന്ന പേരിൽ സിപിഎം നേതാവ് പി.കെ ശ്രീമതി ഫാമിലി പെൻഷൻ വാങ്ങിയെന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചരണവും ജനം ടിവി, ജന്മഭൂമി, കർമ്മ ന്യൂസ്, ഡെയ്ലി ഹണ്ട്, ഭാരത് ലൈവ്, സുദിനം എന്നീ മാധ്യമങ്ങളിലെ വാർത്തയും. കുന്നംകുളം എംഎൽഎയായിരുന്ന പി.കെ കൃഷ്ണന്‍റെ ഭാര്യയുടെ പേരും പി.കെ ശ്രീമതി എന്നായിരുന്നു. 2020 ൽ പി.കെ. ശ്രീമതി മരിക്കുന്നതുവരെ പെൻഷനും വാങ്ങിയിരുന്നു. ഇതിനെയാണ് സിപിഎം നേതാവും മുൻ മന്ത്രിയും മുൻ എംപിയുമായ പി.കെ ശ്രീമതിയുടെ പേരിൽ ഈ മാധ്യമങ്ങളടക്കം വാർത്ത നൽകിയത്.

സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി സതീശനടക്കം ശ്രീമതി പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അടിയന്തര നടപടിക്ക് മുഖ്യമന്ത്രി നിർദ്ദേശിച്ചതിന് പിന്നാലെ ഇന്ന് രാവിലെ കണ്ണൂർ സൈബർ പൊലീസ് പി.കെ ശ്രീമതിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്. അതേസമയം വ്യാജ വാർത്തയിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കുന്നത് വരെ പിന്നോട്ടില്ലെന്ന നിലപാടിലാണ് പി.കെ ശ്രീമതി. പരാതിയിൽ അതിവേഗം മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെട്ടതിൽ സന്തോഷമെന്നും ഡിജിപി നേരിട്ട് വിളിച്ചുവെന്നും ഈ വിഷയത്തിൽ തന്‍റെ മനസ് അലിയില്ലെന്നും ശ്രീമതി വ്യക്തമാക്കി.