ഭര്‍ത്താവിനേക്കാള്‍ വരുമാനമുള്ള ഭാര്യയുടെ ജീവനാംശ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി

ഭര്‍ത്താവിനേക്കാള്‍ വരുമാനമുള്ള ഭാര്യയുടെ ജീവനാംശ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി


മുംബൈ: ഭര്‍ത്താവിനേക്കാള്‍ കൂടുതല്‍ വരുമാനം ലഭിക്കുന്ന ഭാര്യയുടെ ഇടക്കാല ജീവനാംശ ആവശ്യം ബോംബെ ഹൈക്കോടതി തള്ളി. ഭാര്യയ്ക്ക് പ്രതിമാസം എട്ട് ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന സാഹചര്യത്തില്‍ ഇടക്കാല ജീവനാംശത്തിന് അര്‍ഹതയില്ലെന്ന് കോടതി വ്യക്തമാക്കി.

അമേരിക്കയിലെ ന്യൂജേഴ്സിയില്‍ താമസിക്കുന്ന യുവതിയാണ് പ്രതിമാസം ഒരു ലക്ഷം രൂപ ഇടക്കാല ജീവനാംശമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാല്‍, ഭര്‍ത്താവിന്റെ വരുമാനത്തേക്കാള്‍ ഉയര്‍ന്നതാണ് ഭാര്യയുടെ വരുമാനമെന്ന് ചൂണ്ടിക്കാട്ടിയ ഡിവിഷന്‍ ബെഞ്ച് ജസ്റ്റിസ് ഭാരതി ഡാംഗ്രെ, ജസ്റ്റിസ് മഞ്ജുഷ ദേശ്പാണ്ഡെ എന്നിവര്‍ ചേര്‍ന്ന് ഹര്‍ജി തള്ളുകയായിരുന്നു.

വിദേശ രാജ്യങ്ങളിലെ ഉയര്‍ന്ന ജീവിതച്ചെലവ് മാത്രം ഇടക്കാല ജീവനാംശം ആവശ്യപ്പെടുന്നതിനുള്ള മതിയായ കാരണമല്ലെന്നും കോടതി നിരീക്ഷിച്ചു.

2011 മുതല്‍ അമേരിക്കയില്‍ താമസിക്കുന്ന യുവതി ന്യൂഡല്‍ഹി ആസ്ഥാനമായുള്ള മാര്‍ക്ക് ഇന്‍ഫോടെക് എന്ന ഐ ടി സൊല്യൂഷന്‍സ് സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവും ഐ ടി മേഖലയിലാണ് ജോലി ചെയ്യുന്നത്.

ഐടി മേഖലയില്‍ വര്‍ധിച്ചുവരുന്ന മത്സരം, നിര്‍മിത ബുദ്ധിയുടെ വ്യാപകമായ ഉപയോഗം എന്നിവ ഭര്‍ത്താവിന്റെ തൊഴില്‍ സ്ഥിരതയ്ക്ക് വെല്ലുവിളിയാകാന്‍ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

നേരത്തെ കുടുംബ കോടതി യുവതിയുടെ ഇടക്കാല ജീവനാംശ അപേക്ഷ തള്ളിയിരുന്നെങ്കിലും കേസുമായി ബന്ധപ്പെട്ട നിയമച്ചെലവുകള്‍ക്കായി ഭര്‍ത്താവ് 25,000 രൂപ നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു.

ദമ്പതികളുടെ മൂത്ത കുട്ടി നിലവില്‍ പിതാവിന്റെ സംരക്ഷണയിലും ഇളയ കുട്ടി മാതാവിന്റെ സംരക്ഷണയിലുമാണ്. കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് യുവതി പിന്നീട് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.