ന്യൂഡൽഹി: ഇപിഎഫ്ഒ (എംപ്ലോയീസ് പ്രോവിഡൻ്റ് ഫണ്ട് ഓർഗനേസേഷൻ) വരിക്കാർക്ക് പെന്ഷനായതിനു ശേഷം ഘട്ടം ഘട്ടമായി അക്കൗണ്ടിൽ നിന്ന് ഇനി മുതൽ പണം പിൻവലിക്കാം. അംഗങ്ങൾ വിരമിക്കുമ്പോൾ ആകെയുള്ള നിക്ഷേപത്തുക ഒന്നിച്ച് പിൻവലിക്കുന്നതിന് പകരം ഘട്ടംഘട്ടമായി പിൻവലിക്കാൻ സാധിക്കുന്ന പുതിയ പദ്ധതിക്ക് ഇന്ന് സിബിടി അംഗീകാരം നൽകി. ഒന്നിച്ച് പിൻവലിക്കുന്നതിന് പകരം, നിശ്ചിത തുക വീതം പ്രതിമാസമോ, മൂന്ന് മാസത്തിലൊരിക്കലോ, ആറ് മാസത്തിലൊരിക്കലോ അല്ലെങ്കിൽ വർഷത്തിലൊരിക്കലോ പെൻഷൻ പോലെ കൈപ്പറ്റാൻ അംഗങ്ങൾക്ക് ഇതിലൂടെ സാധിക്കും.
ജോലിയിൽ നിന്ന് വിരമിച്ച ശേഷമോ മറ്റൊരു ജോലിയിലേക്ക് മാറുമ്പോഴോ ഫണ്ട് ഒറ്റത്തവണയായി പിൻവലിക്കുന്നതിന് പകരം, നിശ്ചിത തുക വീതം പ്രതിമാസമോ, മൂന്ന് മാസത്തിലൊരിക്കലോ, ആറ് മാസത്തിലൊരിക്കലോ അല്ലെങ്കിൽ വർഷത്തിലൊരിക്കലോ പെൻഷൻ പോലെ കൈപ്പറ്റാൻ അംഗങ്ങൾക്ക് ഇതിലൂടെ സാധിക്കും. ഇന്ന് ചേർന്ന ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിൻ്റെ യോഗത്തിലാണ് 'സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പദ്ധതി'ക്ക് അംഗീകാരം ലഭിച്ചത്.
ഇത് പ്രകാരം വിരമിക്കുന്ന അംഗങ്ങൾക്ക് തങ്ങളുടെ സമ്പാദ്യം ഇപിഎഫ്ഒ സംവിധാനത്തിൽ തന്നെ നിലനിർത്താനും, പലിശ നേടുന്നത് തുടരാനും, ബാക്കിയുള്ള തുകയുടെ ഉടമസ്ഥാവകാശം നഷ്ടപ്പെടുത്താതെ തന്നെ വിരമിച്ച ശേഷമുള്ള വരുമാനം കൈപ്പറ്റാനും സാധിക്കും. നിലവിൽ, ഒരു ഇപിഎഫ്ഒ അംഗം വിരമിക്കുമ്പോൾ (അതായത് 58 വയസ്സിൽ), തങ്ങളുടെ സമ്പാദ്യത്തുക മുഴുവനായും പിൻവലിക്കാൻ അർഹരാണ്. കൂടാതെ, കുറഞ്ഞത് പത്ത് വർഷത്തെ സേവനത്തിന് ശേഷം ഇവർക്ക് പ്രതിമാസ ഇപിഎസ് പെൻഷനും ലഭിക്കും.
നിർദിഷ്ട എസ്ഡബ്ല്യൂപി പദ്ധതിയിലൂടെ, പണം പിൻവലിക്കുന്നതിന് ഒന്നിലധികം മാർഗങ്ങളാണ് ഇപിഎഫ്ഒ ലക്ഷ്യമിടുന്നത്. ഇതിൽ മുഴുവൻ തുകയും ഘട്ടം ഘട്ടമായി പിൻവലിക്കുക, ഒറ്റത്തവണയായി പിൻവലിച്ച ശേഷം ബാക്കി തുക ഘട്ടം ഘട്ടമായി പിൻവലിക്കുക, അല്ലെങ്കിൽ പലിശ മാത്രം പിൻവലിക്കുക തുടങ്ങിയ രീതികൾ ഉൾപ്പെടുന്നു. പിൻവലിക്കാതെ അക്കൗണ്ടിൽ അവശേഷിക്കുന്ന തുകയ്ക്ക് ഇപിഎഫ്ഒയുടെ നിലവിലുള്ള ഉയർന്ന പലിശ നിരക്ക് തുടർന്നും ലഭിക്കും.
ഈ നിർദേശം അംഗീകരിക്കപ്പെട്ടാൽ, 5 ലക്ഷം രൂപയിൽ കൂടുതൽ പ്രൊവിഡൻ്റ് ഫണ്ട് സമ്പാദ്യമുള്ള, 55 വയസ്സിന് മുകളിലുള്ള ഏകദേശം 6.32 ലക്ഷം ഇപിഎഫ് അംഗങ്ങൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കുമെന്ന് ഇപിഎഫ്ഒയുടെ ആന്തരിക കണക്കുകൾ സൂചിപ്പിക്കുന്നു. "ഈ നിർദേശപ്രകാരം, നിശ്ചയിച്ചിട്ടുള്ള കാലാവധി വരെ പണം ഘട്ടം ഘട്ടമായി പിൻവലിക്കാം. പിൻവലിക്കാത്ത തുക ഇപിഎഫ് ഫണ്ടിൽ തന്നെ നിക്ഷേപമായി തുടരുകയും ആ തുകയ്ക്ക് പലിശ ലഭിക്കുകയും ചെയ്യും. കൂടാതെ, വിരമിച്ച വ്യക്തിക്ക് എപ്പോൾ വേണമെങ്കിലും ബാക്കിയുള്ള തുക മുഴുവനായും പിൻവലിക്കാമെന്ന്," ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
സിസ്റ്റമാറ്റിക് പിൻവലിക്കൽ പദ്ധതിയുടെ കാലാവധിക്കിടയിൽ അംഗം മരണപ്പെടുകയാണെങ്കിൽ, ബാക്കിയുള്ള തുക പങ്കാളിക്കോ നോമിനിക്കോ അതേ വ്യവസ്ഥകളിൽ തുടരാനുള്ള അവകാശം നൽകുന്നതിനുള്ള വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുത്താൻ ഇപിഎഫ് അധികൃതർ പദ്ധതിയിടുന്നുണ്ട്.
കൂടാതെ, തൊഴിലുടമയുടെ പേറോൾ സംവിധാനങ്ങളെ ആശ്രയിക്കാതെ തന്നെ, ഇപിഎഫ്ഒ നിശ്ചയിച്ചിട്ടുള്ള ഡിജിറ്റൽ മാർഗങ്ങളിലൂടെ അംഗങ്ങൾക്ക് നേരിട്ട് തങ്ങളുടെ ഇപിഎഫ് അക്കൗണ്ടുകളിലേക്ക് സ്വമേധയാ വിഹിതം അടയ്ക്കാനും ഈ നിർദേശം വഴിയൊരുക്കിയേക്കാം. ഇത്തരത്തിലുള്ള വിഹിതങ്ങൾക്ക് തൊഴിലുടമയുടെ ഭാഗത്തുനിന്നുള്ള തുല്യ വിഹിതം ആവശ്യമില്ല. ആദായനികുതി നിയമപ്രകാരവും, സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് തീരുമാനിക്കുന്ന പരിധികൾക്ക് വിധേയമായും, ഈ തുക അംഗത്തിൻ്റെ പിഎഫ് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കപ്പെടുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഗിഗ് തൊഴിലാളികളെയും അസംഘടിത മേഖലയിലെ ജീവനക്കാരെയും ഉൾക്കൊള്ളുന്നതിനായി, 'തേർഡ് പാർട്ടി മൈക്രോ കോൺട്രിബ്യൂഷനുകൾ' കൊണ്ടുവരാനും ഇപിഎഫ്ഒ നിർദേശിക്കുന്നു. ഇതിലൂടെ ടിപ്പുകൾ, സമ്മാനങ്ങൾ, ഗ്രാറ്റുവിറ്റികൾ, സമാനമായ മറ്റ് പേയ്മെൻ്റുകൾ എന്നിവ 'യൂണിവേഴ്സൽ അക്കൗണ്ട് നമ്പറുമായി' (UAN) ബന്ധിപ്പിച്ച ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനങ്ങൾ വഴി ഇപിഎഫ് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കാൻ സാധിക്കും. ഇത്, അസംഘടിതമോ ഇടയ്ക്കിടെ ലഭിക്കുന്നതോ ആയ വരുമാന സ്രോതസുകളെ ദീർഘകാല വിരമിക്കൽ സമ്പാദ്യമാക്കി മാറ്റാൻ സഹായിക്കുമെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും പരിരക്ഷ
ഗിഗ് തൊഴിലാളികൾക്ക് പുറമെ പ്ലാറ്റ്ഫോം തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, വീട്ടുജോലിക്കാർ, തെരുവ് കച്ചവടക്കാർ, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ (വർക്ക് ഫ്രം ഹോം), മറ്റ് അസംഘടിത മേഖലയിലുള്ളവർ എന്നിവർക്ക് സാമൂഹിക സുരക്ഷയും വിരമിക്കൽ സമ്പാദ്യവും ഉറപ്പാക്കുന്നതിനായി ഈ പദ്ധതി വിപുലീകരിക്കാനുള്ള സാധ്യതയും പരിശോധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
എന്നിരുന്നാലും, നിലവിൽ 'എക്സംപ്റ്റഡ് ട്രസ്റ്റുകളിൽ' അംഗങ്ങളായവർക്ക് ഈ പദ്ധതി ബാധകമായിരിക്കില്ല. ഇത് നിയമപരമായ ഫണ്ടിലെ അംഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇത്തരം സ്ഥാപനങ്ങൾ സ്വന്തമായി പ്രൊവിഡൻ്റ് ഫണ്ടുകൾ കൈകാര്യം ചെയ്യുന്നു. ജീവനക്കാരിൽ നിന്ന് ലഭിക്കുന്ന ഇപിഎഫ് വിഹിതം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇവ, ഇപിഎഫ്ഒ പ്രഖ്യാപിക്കുന്ന അതേ നിരക്കിൽ പലിശ നൽകാൻ ബാധ്യസ്ഥരാണ്. കൂടാതെ, ജീവനക്കാരുടെ വിഹിതത്തിൽ നിന്ന് 'എംപ്ലോയീസ് പെൻഷൻ സ്കീമിനുള്ള' വിഹിതം മാത്രം അവർ ഇപിഎഫ്ഒയിൽ നിക്ഷേപിച്ചാൽ മതിയാകും.
ഈ പദ്ധതി പ്രകാരം പണം പിൻവലിക്കുമ്പോൾ അത് അംഗത്തിൻ്റെ സ്വന്തം പ്രൊവിഡൻ്റ് ഫണ്ട് സമ്പാദ്യത്തിൽ നിന്നാണ് നൽകപ്പെടുന്നത്. അതിനാൽ, കേന്ദ്ര സർക്കാരിനോ, ഇപിഎഫ്ഒയ്ക്കോ, അല്ലെങ്കിൽ എംപ്ലോയീസ് പെൻഷൻ ഫണ്ടിനോ ഇതിലൂടെ നേരിട്ടുള്ളതോ ആവർത്തിച്ചുള്ളതോ ആയ സാമ്പത്തിക ബാധ്യതകളൊന്നും ഉണ്ടാകുന്നില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇപിഎഫ് അക്കൗണ്ടിൽ നിന്ന് ഘട്ടം ഘട്ടമായും തുക പിൻവലിക്കാം; അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും പരിരക്ഷ
