ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ സാമ്പത്തിക മേഖലയ്ക്കപ്പുറത്തേക്ക്; 'ഗെയിം ചേഞ്ചര്‍' ആകുമെന്ന് യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍

ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ സാമ്പത്തിക മേഖലയ്ക്കപ്പുറത്തേക്ക്; 'ഗെയിം ചേഞ്ചര്‍' ആകുമെന്ന് യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍


ന്യൂഡല്‍ഹി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (എഫ് ടി എ) കേവലം സാമ്പത്തിക സഹകരണത്തിനപ്പുറം ഇരുപക്ഷത്തിന്റെയും തന്ത്രപ്രധാന ബന്ധങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ ജീന്‍-എറിക് പാക്വെ. കരാറിനെ 'എല്ലാ കരാറുകളുടെയും മാതാവ്' (മദര്‍ ഓഫ് ഓള്‍ ഡീല്‍സ്) എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇന്ത്യയുടെയും യൂറോപ്പിന്റെയും സാമ്പത്തിക- വാണിജ്യ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിന് കഴിയുമെന്നും അഭിപ്രായപ്പെട്ടു.


വ്യാഴാഴ്ച നടന്ന ഡബ്ല്യു ഐ ഒ എന്‍ ഇന്ത്യയൂറോപ്യന്‍ യൂണിയന്‍ എഫ് ടി എ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ വിപണികളില്‍ രണ്ടെണ്ണവും പ്രധാന സാമ്പത്തിക ശക്തികളുമായ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ഒരുമിക്കുന്നതാണ് കരാറിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് പാക്വെ പറഞ്ഞു. ആഗോളതലത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഗോള മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) ഏകദേശം 20 ശതമാനവും ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ചേര്‍ന്നാണ് സംഭാവന ചെയ്യുന്നത്. ഇത്രയും വലിയ വ്യാപാര കരാറില്‍ യൂറോപ്യന്‍ യൂണിയന്‍ ഇതുവരെ ഏര്‍പ്പെട്ടിട്ടില്ലെന്നും ഇന്ത്യയ്ക്കും ഇത്രയും വിപുലമായ ഒരു സ്വതന്ത്ര വ്യാപാര കരാര്‍ മുമ്പുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കരാറിന്റെ ഭാഗമായി വ്യാപാര മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ യൂറോപ്യന്‍ യൂണിയന്റെ 97 ശതമാനവും ഇന്ത്യയുടെ 99 ശതമാനവും വിപണികള്‍ ഉദാരവത്ക്കരിക്കപ്പെടുമെന്ന് പാക്വെ അറിയിച്ചു. ഇരുപക്ഷത്തിന്റെയും സമ്പദ്വ്യവസ്ഥയുടെ വിവിധ മേഖലകളില്‍ സഹകരണത്തിനും പുതിയ അവസരങ്ങള്‍ക്കും കരാര്‍ വഴിതുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ ആഗോള രാഷ്ട്രീയ- നയതന്ത്ര സാഹചര്യത്തില്‍ ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ കരാറിന് വലിയ തന്ത്രപ്രധാന പ്രസക്തിയുണ്ടെന്നും അംബാസഡര്‍ ചൂണ്ടിക്കാട്ടി. നിയമാധിഷ്ഠിത അന്താരാഷ്ട്ര ക്രമം കടുത്ത സമ്മര്‍ദങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ ആഗോള നിയമവ്യവസ്ഥയും സ്ഥിരതയും സംരക്ഷിക്കുന്നതില്‍ ഇന്ത്യയ്ക്കും യൂറോപ്യന്‍ യൂണിയനും ഒരുമിച്ച് പ്രവര്‍ത്തിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

നിക്ഷേപങ്ങള്‍ക്കും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും ദീര്‍ഘകാല സ്ഥിരത ഉറപ്പാക്കുന്നതില്‍ ഈ സഹകരണം നിര്‍ണായകമാകുമെന്നും പാക്വെ അഭിപ്രായപ്പെട്ടു.

കരാര്‍ ഒരു 'ഗെയിം ചേഞ്ചര്‍' ആണെന്ന് വിശേഷിപ്പിച്ച അദ്ദേഹം ഇന്ത്യയും യൂറോപ്പും തമ്മിലുള്ള പങ്കാളിത്തം വ്യാപാര മേഖലയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും വ്യക്തമാക്കി. ഇരുപക്ഷത്തെയും സമ്പദ്വ്യവസ്ഥകള്‍ക്ക് ഒരുമിച്ച് വളരാനും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും ആശയവിനിമയവും ശക്തിപ്പെടുത്താനും തന്ത്രപ്രധാനമായ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഈ പങ്കാളിത്തം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ആഗോള വെല്ലുവിളികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെയും യൂറോപ്യന്‍ യൂണിയന്റെയും തന്ത്രപരമായ സ്വയംപര്യാപ്തതയും സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനുള്ള ശേഷിയും ശക്തിപ്പെടുത്തുന്നതിലും കരാര്‍ പ്രധാന പങ്കുവഹിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതല്‍ വിപുലപ്പെടുത്തുന്നതിനാണ് കരാര്‍ ലക്ഷ്യമിടുന്നത്. ആഗോള ജി ഡി പിയുടെ ഏകദേശം നാലിലൊന്നും ലോകവ്യാപാരത്തിന്റെ മൂന്നിലൊന്നിനടുത്തും ഇരുപക്ഷത്തിനും ചേര്‍ന്നുള്ള സാമ്പത്തിക പങ്കാളിത്തമാണെന്നാണ് വിലയിരുത്തല്‍.

യൂറോപ്യന്‍ യൂണിയന്റെ വിശാലമായ വിപണിയിലേക്ക് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ അനുകൂലമായ പ്രവേശനം ഉറപ്പാക്കാന്‍ കരാര്‍ സഹായിക്കും. വ്യാപാര മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ കയറ്റുമതിയുടെ 99 ശതമാനത്തിലധികത്തിന് യൂറോപ്യന്‍ വിപണിയില്‍ മുന്‍ഗണനാ പ്രവേശനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

തുണിത്തരങ്ങള്‍, വസ്ത്രനിര്‍മാണം, തുകല്‍ ഉത്പന്നങ്ങള്‍, പാദരക്ഷകള്‍, സമുദ്രോത്പന്നങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, കരകൗശല ഉത്പന്നങ്ങള്‍, എന്‍ജിനീയറിങ് ഉത്പന്നങ്ങള്‍ തുടങ്ങിയ തൊഴില്‍ അധിഷ്ഠിത മേഖലകള്‍ക്കാണ് കരാറിന്റെ പ്രയോജനം കൂടുതല്‍ ലഭിക്കുകയെന്നാണ് വിലയിരുത്തല്‍. വിപണിപ്രവേശനം വര്‍ധിക്കുന്നതിനൊപ്പം പുതിയ നിക്ഷേപങ്ങള്‍ക്കും വ്യവസായ സഹകരണത്തിനും ഇരുപക്ഷത്തും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

2030-ഓടെ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 250 മുതല്‍ 300 ബില്യണ്‍ ഡോളര്‍ വരെ ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. 202425 കാലയളവില്‍ ഇത് ഏകദേശം 219.6 ബില്യണ്‍ ഡോളറായിരുന്നു.

ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള സാധ്യതകളും കരാര്‍ തുറന്നിടുന്ന പുതിയ വ്യാപാര- നിക്ഷേപ അവസരങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി നയതന്ത്ര, വ്യവസായ മേഖലകളിലെ പ്രമുഖര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ഇന്ത്യയും യൂറോപ്പും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ണായക വേദിയായി ഉച്ചകോടി മാറുമെന്നാണ് പ്രതീക്ഷ.