തിരുവനന്തപുരം: ബിജെപി വിട്ട് പത്മജ വേണുഗോപാൽ. ബിജെപിയിൽ പോയത് തെറ്റായിപ്പോയി എന്നും ആ തെറ്റ് ഇപ്പോൾ തിരുത്തുന്നുവെന്നും പത്മജ വേണുഗോപാൽ പ്രതികരിച്ചു. യുഡിഎഫ് അധികാരത്തിൽ വരുമെന്ന് അറിയാമായിരുന്നു. കോൺഗ്രസിൽ ചേരുന്നതിൽ തീരുമാനം എടുത്തിട്ടില്ല. കോൺഗ്രസിലെ പദവി കണ്ടല്ല രാജിയെന്നും ആരുമായും തർക്കത്തിനില്ലെന്നും പത്മജ പറഞ്ഞു. അതേസമയം കോണ്ഗ്രസിലേക്കാകും മടക്കമെന്നും സൂചന പുറത്തുവരുന്നുണ്ട്.
സ്ഥാനമാനം ലഭിക്കാത്തതിനാലല്ല പാര്‍ട്ടി വിട്ടതെന്ന് പദ്മജ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയുടെ ആശയങ്ങള്‍ അറിയാതെയാണ് അതിലേക്ക് എടുത്തുചാടിയതെന്നും അത് തെറ്റായിപ്പോയെന്നും അവര്‍ പറഞ്ഞു. ഇമെയിലാണ് രാജിക്കത്ത് അയച്ചതെന്നും പത്മജ പറഞ്ഞു. രാജിക്കാര്യം ആദ്യം സംസാരിച്ചത് സഹോദരന് കെ മുരളീധരനോടാണ്. ചേട്ടനെ തിരിച്ചുകിട്ടിയെന്നും അതാണ് വലിയ സന്തോഷമെന്നും ഇനി മറ്റൊന്നും വേണ്ടെന്നും പത്മജ പറഞ്ഞു. കോണ്‍ഗ്രസിലെ പദവി കണ്ടല്ല ബിജെപിയില്‍ നിന്ന് രാജിവച്ചത്. തെറ്റുപറ്റിയാല്‍ അത് ഉറക്കെ വിളിച്ചുപറയണമെന്ന് പഠിപ്പിച്ചത് അച്ഛന് കെ കരുണാകരനായിരുന്നു. ജീവിതത്തില്‍ ഇന്നുവരെ നരേന്ദ്രമോദിയെയോ അമിത് ഷായെയോ നേരില്‍ കണ്ടിട്ടില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി വാഗ്ദാനമൊന്നും നൽകിയിരുന്നില്ല. ഞാനൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് അധികാരത്തിൽ വരുമെന്ന് അറിയാമായിരുന്നു. കോൺഗ്രസിൽ ചേരുന്നതിൽ തീരുമാനം എടുത്തിട്ടില്ല. കോൺഗ്രസിലെ പദവി കണ്ടല്ല രാജിയെന്നും ആരുമായും തർക്കത്തിനില്ലെന്നും പത്മജ പറഞ്ഞു.
'ബിജെപി വിട്ടത് നല്ല തീരുമാനം'; സണ്ണി ജോസഫ്
ബിജെപി വിട്ട പത്മജയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ലീഡരുടെ മകൾക്ക് കോണ്‍ഗ്രസിലേക്ക് സ്വാഗതമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. പത്മജ വേണുഗോപാൽ ബിജെപി വിട്ടത് നല്ല തീരുമാനമാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിലേക്ക് തിരികെ വരണമെന്നാണ് പത്മജ ആഗ്രഹിക്കുന്നത് എന്നാണ് മനസിലാക്കുന്നത്. ഇതിനെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, പത്മജയുടെ രാജിയിൽ പ്രതികരിക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു. താനല്ല പത്മജയെ ബിജെപിയിലേക്ക് കൊണ്ടുവന്നതെന്നും അതിനാല്‍ മറുപടി പറയേണ്ടയാൾ താനല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. പത്മജയുടെ രാജി നിർഭാഗ്യകരമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ കെ അനീഷ് കുമാർ പ്രതികരിച്ചു. സ്നേഹോഷ്മളമായ ബന്ധമാണ് പത്മജയുമായി ഉള്ളതെന്നും പരാതികൾ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, പത്മജയുടെ രാജി ബിജെപിയെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'ബിജെപിയിൽ പോയത് തെറ്റായിപ്പോയി, ആ തെറ്റ് ഇപ്പോൾ തിരുത്തുന്നു'; ബിജെപി വിട്ട് പത്മജ വേണുഗോപാൽ
