വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധത്തെ വിമര്‍ശിച്ച വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ നിലപാടില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. യുദ്ധം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഇടക്കാല തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് കാരണമായെന്ന വാന്‍സിന്റെ വിലയിരുത്തലാണ് ട്രംപിനെ ചൊടിപ്പിച്ചത്. യുദ്ധത്തിന്റെ തീരുമാനത്തെ ന്യായീകരിക്കുന്ന നിലപാട് കൂടി വാന്‍സ് പരസ്യമായി വ്യക്തമാക്കേണ്ടതായിരുന്നുവെന്നാണ് ട്രംപിന്റെ വിമര്‍ശനം.
കഴിഞ്ഞ രണ്ടാഴ്ചയായി ഇക്കാര്യത്തില്‍ സഹായികളോടും അടുത്ത രാഷ്ട്രീയ ബന്ധങ്ങളുള്ളവരോടും ട്രംപ് അതൃപ്തി പ്രകടിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പിലെ തിരിച്ചടിയെക്കുറിച്ച് വാന്‍സ് സമൂഹമാധ്യമത്തിലൂടെ നടത്തിയ വിശദമായ പ്രതികരണത്തില്‍ ഇറാന്‍ യുദ്ധത്തെ മാത്രമല്ല, തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകൂടം നടത്തിയ പ്രചാരണങ്ങളെയും വിമര്‍ശിച്ചിരുന്നു. തുടക്കത്തില്‍ വാന്‍സിന്റെ വിലയിരുത്തലിനോട് വലിയ വിയോജിപ്പ് പ്രകടിപ്പിക്കാതിരുന്ന ട്രംപ്, അതില്‍ ഭൂരിഭാഗവും ശരിയാണെന്ന് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു. എന്നാല്‍ പിന്നീട് യുദ്ധത്തെക്കുറിച്ചുള്ള വാന്‍സിന്റെ വിമര്‍ശനത്തില്‍ ട്രംപിന് അതൃപ്തി വര്‍ധിച്ചു.
ഇറാനെതിരെ യുദ്ധം പ്രഖ്യാപിച്ചത് ശരിയായ തീരുമാനമായിരുന്നുവെന്ന് വാന്‍സ് കൂടി വ്യക്തമാക്കേണ്ടതായിരുന്നുവെന്നാണ് ട്രംപിന്റെ നിലപാട്. ഈ മാസം ആദ്യം പരസ്യമായും അദ്ദേഹം അതൃപ്തി സൂചിപ്പിച്ചിരുന്നു. വീണ്ടും തീരുമാനമെടുക്കേണ്ടിവന്നാലും യുദ്ധത്തിന് അനുമതി നല്‍കുമെന്ന പ്രസ്താവന വാന്‍സ് കൂടി നടത്തേണ്ടതായിരുന്നുവെന്ന് ട്രംപ് പറഞ്ഞു.
അതേസമയം, വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയെ ട്രംപ് സ്വകാര്യ സംഭാഷണങ്ങളില്‍ പ്രശംസിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കായി ഇറാനെ ആക്രമിക്കാനുള്ള പ്രസിഡന്റിന്റെ തീരുമാനം അനിവാര്യമായിരുന്നുവെന്ന് റൂബിയോ ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ് ട്രംപിന്റെ പ്രശംസയ്ക്ക് കാരണമെന്നാണ് സൂചന. റൂബിയോയ്ക്ക് ശക്തനായ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ കഴിയുമെന്നും ട്രംപ് അഭിപ്രായപ്പെട്ടതായാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.
2028ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത പരിശോധിക്കുന്ന വാന്‍സിന് ട്രംപിന്റെ പിന്തുണ നിര്‍ണായകമാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വത്തിലേക്ക് വാന്‍സിന് സ്വാഭാവിക മുന്‍തൂക്കം ലഭിക്കുമെന്നായിരുന്നു ഇതുവരെ പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ റൂബിയോയെക്കുറിച്ചുള്ള ട്രംപിന്റെ അനുകൂല പരാമര്‍ശങ്ങള്‍ പിന്‍ഗാമിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പുതിയ മാനം നല്‍കിയിരിക്കുകയാണ്.
ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപുമായുള്ള അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രസിഡന്റുമായോ ഭരണകൂടത്തിലെ മറ്റ് മുതിര്‍ന്ന അംഗങ്ങളുമായോ തനിക്ക് യാതൊരു അകല്‍ച്ചയുമില്ലെന്ന് വാന്‍സ് പ്രതികരിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അടുത്ത വര്‍ഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ, ന്യൂയോര്‍ക്ക് ടൈംസ് സംഘടിപ്പിച്ച ഡീല്‍ബുക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനിരുന്ന വാന്‍സ് ബുധനാഴ്ച പരിപാടി റദ്ദാക്കി. സമീപകാലത്തെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിനായി വാഷിങ്ടണില്‍ യോഗങ്ങളില്‍ പങ്കെടുക്കേണ്ടതുണ്ടെന്നായിരുന്നു വിശദീകരണം.
വാന്‍സിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ക്കിടയിലും വ്യക്തതയില്ലെന്നാണ് സൂചന. നാലാമത്തെ കുഞ്ഞ് ജൂലൈയില്‍ ജനിച്ചതും കുടുംബജീവിതത്തിന് കൂടുതല്‍ സമയം നല്‍കാനുള്ള ആഗ്രഹവും 2028ലെ മത്സരത്തില്‍നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചേക്കാമെന്നാണ് ചിലരുടെ വിലയിരുത്തല്‍. രാഷ്ട്രീയ വിശകലനങ്ങളിലും തിരഞ്ഞെടുപ്പ് കണക്കുകളിലും അതീവ താത്പര്യമുള്ള വാന്‍സ് വിജയസാധ്യതയില്ലെന്ന് ബോധ്യപ്പെട്ടാല്‍ മത്സരത്തില്‍നിന്ന് വിട്ടുനില്‍ക്കാനും സാധ്യതയുണ്ടെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇറാന്‍ യുദ്ധത്തെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഭാവി നേതൃത്വത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും ട്രംപിന്റെ പിന്‍ഗാമിയാകാനുള്ള വാന്‍സ്‌റൂബിയോ മത്സരത്തിനും പുതിയ രാഷ്ട്രീയ പ്രാധാന്യം നല്‍കിയിരിക്കുകയാണ്.
ഇറാന്‍ യുദ്ധത്തെ വിമര്‍ശിച്ചതില്‍ വാന്‍സിനോട് ട്രംപിന് അതൃപ്തി; 2028ലെ പിന്‍ഗാമി പോരാട്ടത്തില്‍ റൂബിയോയ്ക്ക് മുന്‍തൂക്കം?
