'ചോദ്യം ചെയ്യലിന് ഹാജരാകണം'; സിഎംആർഎൽ കേസിൽ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ഇഡി നോട്ടീസ്

'ചോദ്യം ചെയ്യലിന് ഹാജരാകണം'; സിഎംആർഎൽ കേസിൽ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ഇഡി നോട്ടീസ്


കൊച്ചി: സിഎംആർഎൽ- എക്സാലോജിക് കേസിൽ മുൻമന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ്. ഹസൻ വാരിസ്, നന്ദുലാൽ, നിഖിൽ അടക്കമുള്ളവർക്കാണ് നോട്ടീസ്. ഈ മാസം അവസാനം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസിൽ നിർദേശിച്ചിട്ടുള്ളത്. 

സിഎംആർഎൽ- എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് ആദ്യം രജിസ്റ്റർ ചെയ്ത ഇസിഐആറിലാണ് നോട്ടീസ്. ഈ ഇസിഐആറിന്റെ അടിസ്ഥാനത്തിലാണ് പിണറായി വിജയന്റെ വീട്ടിൽ അടക്കം ഇഡി റെയ്ഡ് അടക്കം നടന്നത്. സിഎംആർഎല്ലിൽ നിന്നും ലഭിച്ച തുക ഹവാലയായി മുഹമ്മദ് റിയാസ് സുഹൃത്തുക്കൾ വഴി വിദേശത്തേക്ക് കടത്തിയെന്നാണ് ആരോപണം.

ഹൈക്കോടതി സ്റ്റേ ചെയ്തത് വിജിലൻസിന്റെ നടപടികൾ മാത്രമാണെന്ന് ഇഡി പറയുന്നു. ഈ കേസിലെ ആദ്യ ഘട്ട കുറ്റപത്രം ഉടൻ നൽകുമെന്നും ഇഡി വ്യക്തമാക്കുന്നു. ആദായനികുതി വകുപ്പ് ഇന്ററിം സെറ്റിൽമെന്റ് റിപ്പോർട്ടും എസ്എഫ്ഐഒ റിപ്പോർട്ടും അടിസ്ഥാനമാക്കി ഇഡി 2024 ൽ ഇസിഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ ഒരു തടസ്സവും ഇല്ലെന്നും, ആ കേസുമായിട്ടാണ് മുന്നോട്ടു പോകുന്നതെന്നും ഇഡി വ്യക്തമാക്കുന്നു.

അതേസമയം ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ‌ വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അന്വേഷണമാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ഈ എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ രണ്ടാമതൊരു ഇസിഐആറും ഇഡി രജിസ്റ്റർ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇഡി നേരത്തെ മു​ഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു.