വാഷിംഗ്ടണ്‍: അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സിയായ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയുടെ (എന്‍ എസ് എ) അതീവ രഹസ്യമായ ആഭ്യന്തര ആശയവിനിമയ ശൃംഖലയായ 'എന്‍ എസ് എ നെറ്റ്' പ്രവര്‍ത്തനരഹിതമായി. ഏജന്‍സി ഉദ്യോഗസ്ഥര്‍ രഹസ്യവിവരങ്ങള്‍ പരസ്പരം കൈമാറാന്‍ ഉപയോഗിക്കുന്ന സംവിധാനത്തിലുണ്ടായ തകരാര്‍ ഏജന്‍സിയുടെ ആഭ്യന്തര പ്രവര്‍ത്തനങ്ങളെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.
ആറ് ഉന്നത വിവരസ്രോതസ്സുകളെ ഉദ്ധരിച്ച് സി എന്‍ എന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ സൈബര്‍ ആക്രമണം നടന്നതായി നിലവില്‍ സൂചനകളില്ലെങ്കിലും തകരാറിന്റെ വ്യാപ്തി അധികൃതര്‍ വിലയിരുത്തിവരികയാണ്. പ്രശ്നം പരിഹരിക്കുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനുമായി ജീവനക്കാരുടെ ഓഫീസിലെത്തുന്ന സമയം ഘട്ടംഘട്ടമായി ക്രമീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്‍ എസ് എ ജീവനക്കാര്‍ക്കിടയില്‍ അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ കൈമാറുന്നതിനും ആശയവിനിമയം നടത്തുന്നതിനുമായി ഉപയോഗിക്കുന്ന ആഭ്യന്തര ശൃംഖലയാണ് എന്‍ എസ് എ നെറ്റ്. ഇതിന്റെ പ്രവര്‍ത്തനം നിലച്ചതോടെ ഏജന്‍സിയുടെ ആഭ്യന്തര പ്രവര്‍ത്തനങ്ങളെ എത്രത്തോളം ബാധിച്ചുവെന്നതിനെക്കുറിച്ച് ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ ഏതെല്ലാം സംവിധാനങ്ങളെയാണ് തകരാര്‍ ബാധിച്ചതെന്നോ പ്രവര്‍ത്തന തടസ്സത്തിന്റെ യഥാര്‍ഥ കാരണമെന്തെന്നോ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സാങ്കേതിക തകരാറാണോ മറ്റെന്തെങ്കിലും കാരണമാണോ സംഭവത്തിന് പിന്നിലെന്ന കാര്യത്തില്‍ വ്യക്തതയില്ല.
അമേരിക്കയിലെ വിവിധ സുപ്രധാന ഡിജിറ്റല്‍ സേവനങ്ങളില്‍ തുടര്‍ച്ചയായി സാങ്കേതിക തടസ്സങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടെയാണ് എന്‍ എസ് എ നെറ്റിലെ തകരാറും ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് (എഫ് എ എ) രാജ്യവ്യാപകമായി വിമാന സര്‍വീസുകള്‍ക്ക് ഗ്രൗണ്ട് സ്റ്റോപ്പ് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് വിമാനങ്ങള്‍ വൈകുകയും റദ്ദാക്കുകയും ചെയ്തു. അര്‍ക്കന്‍സസിലെ ഒരു റൂട്ടറിലുണ്ടായ തകരാറാണ് വ്യോമഗതാഗത പ്രതിസന്ധിക്ക് കാരണമെന്ന് പിന്നീട് കണ്ടെത്തി.
കഴിഞ്ഞയാഴ്ച മൈക്രോസോഫ്റ്റിന്റെ സേവനങ്ങളിലുണ്ടായ വലിയ തകരാര്‍ ഔട്ട്ലുക്ക് ഇ-മെയില്‍, ടീമ്സ് മീറ്റിങ് സംവിധാനങ്ങളെ ബാധിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉപയോക്താക്കള്‍ക്ക് ഈ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല.
തിങ്കളാഴ്ച വെല്‍സ് ഫാര്‍ഗോ, ചേസ്, യു എസ് ബാങ്ക്, ബാങ്ക് ഓഫ് അമേരിക്ക തുടങ്ങിയ പ്രമുഖ അമേരിക്കന്‍ ബാങ്കുകളുടെ ഓണ്‍ലൈന്‍ സേവനങ്ങളിലും ആയിരക്കണക്കിന് ഉപയോക്താക്കള്‍ തടസ്സം നേരിട്ടതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തുടര്‍ച്ചയായ സാങ്കേതിക തകരാറുകള്‍ സൈബര്‍ ആക്രമണത്തിന്റെ ഭാഗമാണോ എന്ന ആശങ്കകള്‍ക്കിടെ അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാര്‍ക്ക്വെയ്ന്‍ മുള്ളിന് രംഗത്തെത്തി. രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളും ബാങ്കിങ് ശൃംഖലയും സുരക്ഷിതമാണെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങള്‍ സൈബര്‍ ആക്രമണത്തിന്റെ ഭാഗമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നവംബര്‍ 16 തിങ്കളാഴ്ച ഫോക്സ് ന്യൂസിലെ സീന്‍ ഹാനിറ്റിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഓരോ സംഭവവും വ്യത്യസ്തമായ കാരണങ്ങളാല്‍ ഉണ്ടായതാണെന്നും അവ തമ്മില്‍ ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും മുള്ളിന് പറഞ്ഞു.
'98 ശതമാനം ഉറപ്പോടെ പറയാന്‍ കഴിയും, സൈബര്‍ ആക്രമണം നടക്കുന്നതായി ഞങ്ങള്‍ കാണുന്നില്ല. ആക്രമണകാരികള്‍ സംവിധാനങ്ങളിലേക്ക് കടന്നുകയറിയതിന്റെയോ പുറത്തേക്ക് പോയതിന്റെയോ സൂചനകള്‍ ലഭിച്ചിട്ടില്ല. അതിനാല്‍ ഈ സംഭവങ്ങള്‍ പരസ്പരം ബന്ധപ്പെട്ടതാണെന്ന് സൂചിപ്പിക്കുന്ന ഒന്നുമില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എന്നാല്‍ എന്‍ എസ് എ നെറ്റിലെ തകരാറിന്റെ യഥാര്‍ഥ കാരണം ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിന്റെ വ്യാപ്തിയും ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടായ പ്രത്യാഘാതങ്ങളും സംബന്ധിച്ച ഔദ്യോഗിക വിലയിരുത്തല്‍ തുടരുകയാണ്.
