ജെറുസലേം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് രാഷ്ട്രീയ തിരിച്ചടിയായി നെസെറ്റിന്റെ സ്പീക്കര്‍ സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് ഗാദി ഐസന്‍കോട്ടിന്റെ പക്ഷത്തുനിന്നുള്ള മെറ്റാന്‍ കഹാന തെരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പില്‍ 66 അംഗങ്ങളുടെ പിന്തുണ നേടിയാണ് മധ്യ- വലതുപക്ഷമായ യഷാര്‍ പാര്‍ട്ടിയിലെ അംഗമായ കഹാന സ്പീക്കര്‍ സ്ഥാനത്തെത്തിയത്. നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് 52 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി അംഗമായ അമീര്‍ ഒഹാനയാണ് സ്ഥാനത്തുനിന്ന് മാറിയത്. ചുമതലയേറ്റശേഷമുള്ള ആദ്യ പ്രസംഗത്തില്‍, ഇസ്രായേലിലെ എല്ലാ പൗരന്മാരുടെയും പാര്‍ലമെന്റായ നെസെറ്റിനെ പ്രതിനിധീകരിക്കുന്ന സ്പീക്കറായിരിക്കും താനെന്ന് കഹാന പറഞ്ഞു.
120 അംഗങ്ങളുള്ള ഇസ്രായേല്‍ പാര്‍ലമെന്റായ നെസെറ്റില്‍ സ്പീക്കര്‍ക്ക് നിര്‍ണായക അധികാരങ്ങളുണ്ട്. ഏതൊക്കെ നിയമനിര്‍മാണങ്ങള്‍ വോട്ടെടുപ്പിന് എത്തിക്കണമെന്നതടക്കമുള്ള കാര്യങ്ങളില്‍ സ്പീക്കര്‍ക്ക് വലിയ സ്വാധീനമുണ്ട്.
ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സഖ്യത്തിന് മുന്‍ഗണനയുള്ള ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനും നിയമനിര്‍മാണ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും പുതിയ സ്പീക്കറുടെ പിന്തുണ സഹായകമാകും.
2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണ കമ്മീഷന്‍ രൂപീകരിക്കുക, പ്രധാനമന്ത്രിയുടെ കാലാവധിക്ക് പരിധി നിശ്ചയിക്കുക, ജുഡീഷ്യറിയുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തിയെന്ന് വിമര്‍ശിക്കപ്പെട്ട മുന്‍ നെതന്യാഹു സര്‍ക്കാരിന്റെ നിയമങ്ങള്‍ പിന്‍വലിക്കുക എന്നിവയാണ് ഐസന്‍കോട്ടിന്റെ സഖ്യത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
കഹാനയുടെ തെരഞ്ഞെടുപ്പിനെ ലിക്കുഡ് പാര്‍ട്ടി രൂക്ഷമായി വിമര്‍ശിച്ചു. 'ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരുടെ വോട്ടുകള്‍ ഉപയോഗിച്ചാണ് കഹാനയെ തിരഞ്ഞെടുത്തത്' എന്നായിരുന്നു പാര്‍ട്ടിയുടെ ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അറബ് ന്യൂനപക്ഷ പാര്‍ട്ടികള്‍ ഇസ്രായേലിന്റെ നിലനില്‍പ്പിന് ഭീഷണിയാണെന്ന് നെതന്യാഹു ആരോപിച്ചിരുന്നു. ഈ പരാമര്‍ശങ്ങളെ വംശീയവും വിവേചനപരവുമാണെന്ന് ചൂണ്ടിക്കാട്ടി അറബ് പാര്‍ട്ടികള്‍ വിമര്‍ശിക്കുകയും ചെയ്തു.
പ്രധാനപ്പെട്ട നിരവധി പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷസ്ഥാനങ്ങളിലേക്കും ഐസന്‍കോട്ടിന്റെ സഖ്യത്തിലെ അംഗങ്ങളെ നിയമിച്ചിട്ടുണ്ട്. നിയമനിര്‍മാണ നടപടികളില്‍ ഈ സമിതികള്‍ക്ക് നിര്‍ണായക പങ്കുണ്ട്.
ഒക്ടോബര്‍ 27ന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം നേടാന്‍ ഒരു മുന്നണിക്കും കഴിഞ്ഞിരുന്നില്ല. ഇതോടെ നെതന്യാഹുവിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ എതിരാളികള്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ പിന്തുണ ഉറപ്പാക്കാനായിട്ടില്ല.
നവംബര്‍ 10നാണ് പുതിയ പാര്‍ലമെന്റ് സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ പുതിയ സര്‍ക്കാര്‍ രൂപീകരണം ഇനിയും സാധ്യമായിട്ടില്ല.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ചുമതലപ്പെടുത്തിയിരിക്കുന്നത് മധ്യ- വലതുപക്ഷമായ യഷാര്‍ പാര്‍ട്ടിയുടെ നേതാവും മുന്‍ സൈനിക മേധാവിയുമായ ഗാദി ഐസന്‍കോട്ടിനെയാണ്. എന്നാല്‍ അദ്ദേഹത്തിനും പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ല. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ പിന്തുണ നേടുന്നതിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ചില വാഗ്ദാനങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നേക്കും.
നെതന്യാഹുവിന്റെ വലതുപക്ഷ ലിക്കുഡ് പാര്‍ട്ടിയും തീവ്രവലതുപക്ഷ, അള്‍ട്രാ ഓര്‍ത്തഡോക്‌സ് പാര്‍ട്ടികളുമായുള്ള സഖ്യവും പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം നടത്തിയെങ്കിലും ഭൂരിപക്ഷം നിലനിര്‍ത്താനായില്ല. നിലവില്‍ നെസെറ്റില്‍ ഇവര്‍ക്ക് 53 സീറ്റുകളാണുള്ളത്.
ഐസന്‍കോട്ടിന്റെ യഷാര്‍ പാര്‍ട്ടിക്കും സഖ്യകക്ഷികള്‍ക്കും കൂടി 48 സീറ്റുകളാണുള്ളത്. എന്നാല്‍ 19 സീറ്റുകളുള്ള അറബ് ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികളുടെ പിന്തുണ ലഭിക്കാനുള്ള സാധ്യതയുണ്ട്. നെതന്യാഹുവിനെ ശക്തമായി എതിര്‍ക്കുന്ന നിലപാടിലാണ് ഈ പാര്‍ട്ടികള്‍.
ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം വീണ്ടും പൊതുതെരഞ്ഞെടുപ്പ് നടത്തേണ്ടിവരും.
തെരഞ്ഞെടുപ്പില്‍ അറബ് വോട്ടര്‍മാര്‍ ക്രമക്കേട് നടത്തിയെന്നതിന് തെളിവുകളില്ലാത്ത ആരോപണങ്ങളും നെതന്യാഹു ഉന്നയിച്ചിരുന്നു. രാജ്യത്തെ ജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന അറബ് സമൂഹത്തിന്റെ വോട്ടുകള്‍ സംബന്ധിച്ച് അദ്ദേഹം സംശയങ്ങള്‍ ഉയര്‍ത്തി.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ചില ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഫലത്തെ സ്വാധീനിക്കാന്‍ കഴിയുന്ന തരത്തിലുള്ള വോട്ടുതട്ടിപ്പിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, അറബ് മേഖലകളില്‍ നടന്നതായി ആരോപിക്കപ്പെടുന്ന വോട്ടുവാങ്ങലുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിക്കാന്‍ ആവശ്യമായ വിവരങ്ങള്‍ നെതന്യാഹുവിന്റെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം പുറത്തുവിട്ടതാണോ എന്ന് നിയമപാലകര്‍ അന്വേഷിക്കുന്നതായി ഇസ്രായേലിലെ ചാനല്‍ 12 ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചു.
പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ നെതന്യാഹു കാവല്‍ പ്രധാനമന്ത്രിയായി തുടരും.
