ഷിക്കാഗോയ്ക്ക് 55 ബില്യണ്‍ ഡോളര്‍ കടബാധ്യത

ഷിക്കാഗോയ്ക്ക് 55 ബില്യണ്‍ ഡോളര്‍ കടബാധ്യത


ഷിക്കാഗോ: 2027ലെ വാര്‍ഷിക ബജറ്റ് ഷിക്കാഗോ നഗര കൗണ്‍സില്‍ അംഗീകരിക്കുമ്പോള്‍ തന്നെ 3.9 ബില്യണ്‍ ഡോളര്‍ കടം വീട്ടാനായി മാറ്റിവെക്കേണ്ടി വരും. നികുതിദായകര്‍ക്ക് ഇതിലൂടെ യാതൊരു പ്രയോജനവും ലഭിക്കില്ല. റോഡിലെ ഒരു കുഴി അടയ്ക്കാനോ ചപ്പുചവറുകള്‍ നീക്കം ചെയ്യാനോ അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഗ്നിശമന സേനാംഗങ്ങള്‍ക്ക് ശമ്പളം നല്‍കാനോ, കുട്ടികളിലെ ഈയവിഷബാധ തടയാനോ ഈ തുകയില്‍ നിന്ന് ഒരു പൈസ പോലും ഉപയോഗിക്കില്ല. 

കടക്കെണിയില്‍ കുരുങ്ങിക്കിടക്കുന്ന ഷിക്കാഗോയുടെ മേയര്‍ക്കോ സിറ്റി കൗണ്‍സിലിനോ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. വിശകലന സ്ഥാപനമായ പ്രോപബ്ലിക്ക നടത്തിയ വിശകലനമനുസരിച്ച്, ഈ വര്‍ഷവും അടുത്ത വര്‍ഷവും മറ്റൊരു വന്‍നഗരവും ഇത്രയധികം തുക കടം തിരിച്ചടയ്ക്കാനായി ചെലവഴിക്കുന്നുണ്ടാവില്ല. ഈ വര്‍ഷം 16.6 ബില്യണ്‍ ഡോളര്‍ ബജറ്റില്‍ 3.6 ബില്യണ്‍ ഡോളറും കടം വീട്ടാനാണ് വിനിയോഗിച്ചത്. ഷിക്കാഗോയുടെ മൂന്നിരട്ടി ജനസംഖ്യയും ഏഴിരട്ടിയിലധികം ബജറ്റുമുള്ള ന്യൂയോര്‍ക്ക് സിറ്റിക്ക് നികുതി വരുമാനത്തില്‍ നിന്ന് തിരിച്ചടയ്‌ക്കേണ്ട കടം 47 ബില്യണ്‍ ഡോളര്‍ മാത്രമാണ്. ഷിക്കാഗോയേക്കാള്‍ ഏകദേശം 10 ലക്ഷം ജനസംഖ്യ കൂടുതലുള്ള, എന്നാല്‍ ബജറ്റ് കുറവായ ലോസ് ഏഞ്ചലസിന് നികുതിയിലൂടെ തിരിച്ചടയ്‌ക്കേണ്ട കടം 1 ബില്യണ്‍ ഡോളര്‍ മാത്രമാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

ബാങ്കുകള്‍ക്കും പെന്‍ഷന്‍ ഫണ്ടുകള്‍ക്കുമായി നല്‍കാനുള്ള 55 ബില്യണ്‍ ഡോളര്‍ കടത്തില്‍ വീഴ്ച വരാതിരിക്കാന്‍ എല്ലാ വര്‍ഷവും കോടിക്കണക്കിന് ഡോളര്‍ ചെലവഴിക്കാന്‍ മേയറും കൗണ്‍സിലും നിര്‍ബന്ധിതരാണ്. വാള്‍സ്ട്രീറ്റിലെ നാല് പ്രമുഖ ക്രെഡിറ്റ്- റേറ്റിംഗ് ഏജന്‍സികളുടെയും വിലയിരുത്തലില്‍, ന്യൂയോര്‍ക്കിന്റെയും ലോസ് ഏഞ്ചലസിന്റെയും സാമ്പത്തിക ആരോഗ്യം നിക്ഷേപകര്‍ക്ക് കൂടുതല്‍ സുരക്ഷിതമാണ്. സംശയാസ്പദമായ കടമെടുപ്പുകളുടെയും ബജറ്റിംഗിന്റെയും ചരിത്രം ഷിക്കാഗോയുടെ വിശ്വാസ്യത തകര്‍ത്തിരിക്കുന്നു.

നഗരത്തിന്റെ ക്രെഡിറ്റ് റേറ്റിംഗ് ഇപ്പോള്‍ 'ജങ്ക്' പദവിക്ക് രണ്ടോ മൂന്നോ പടികള്‍ മാത്രം മുകളിലാണ്. ഇത് കടമെടുപ്പ് ചെലവ് വീണ്ടും വര്‍ധിപ്പിക്കുന്നു. സാമ്പത്തിക രക്ഷാപ്രവര്‍ത്തനത്തിനുള്ള വഴികള്‍ പരിമിതമോ അപ്രായോഗികമോ ആണ്. നിയമപരമായും രാഷ്ട്രീയമായും സംരക്ഷിക്കപ്പെട്ടിട്ടുള്ള പെന്‍ഷന്‍ ബാധ്യതകളില്‍ തൊടാന്‍ കഴിയില്ല. വസ്തുനികുതി വര്‍ധിപ്പിക്കാനോ, നഗരത്തിലെ ഏറ്റവും വലിയ തൊഴില്‍ സേനയായ പോലീസ് ഉള്‍പ്പെടെയുള്ള തസ്തികകള്‍ വെട്ടിക്കുറയ്ക്കാനോ പൊതുജനങ്ങള്‍ക്കോ രാഷ്ട്രീയക്കാര്‍ക്കോ താത്പര്യമില്ല. നിര്‍മ്മാണത്തിലിരിക്കുന്ന നഗരത്തിലെ കാസിനോയില്‍ നിന്ന് വലിയ വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയും മങ്ങുകയാണ്.

തന്റെ ആദ്യ ഭരണകാലാവധി പൂര്‍ത്തിയാക്കുന്ന മേയര്‍ ബ്രാന്‍ഡന്‍ ജോണ്‍സന്റെ ഓഫീസ് നഗരത്തിന്റെ ഈ സാമ്പത്തിക പ്രതിസന്ധിക്ക് മുന്‍ ഭരണകൂടങ്ങളുടെ 'അശ്രദ്ധമായ സാമ്പത്തിക രീതികളെയാണ്' കുറ്റപ്പെടുത്തുന്നത്. 'ചെലവ് ചുരുക്കലും കാര്യക്ഷമതയും കൊണ്ട് മാത്രം നഗരത്തിന്റെ വിട്ടുമാറാത്ത ഘടനാപരമായ സാമ്പത്തിക വിടവ് നികത്താന്‍ കഴിയില്ല,' എന്ന് നഗരത്തിന്റെ ബജറ്റ് ആന്‍ഡ് മാനേജ്മെന്റ് ഓഫീസ് പറയുന്നു.