അലാസ്‌കയിലും ഡെമോക്രാറ്റ് മുന്നേറ്റം; യു എസ് സെനറ്റില്‍ 56- 44 ഭൂരിപക്ഷം

അലാസ്‌കയിലും ഡെമോക്രാറ്റ് മുന്നേറ്റം; യു എസ് സെനറ്റില്‍ 56- 44 ഭൂരിപക്ഷം


വാഷിംഗ്ടണ്‍: ഇടക്കാല തെരഞ്ഞെടുപ്പില്‍ അലാസ്‌കയിലെ സെനറ്റ് സീറ്റും പിടിച്ചെടുത്ത് ഡെമോക്രാറ്റിക് പാര്‍ട്ടി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സിറ്റിംഗ് സെനറ്റര്‍ ഡാന്‍ സള്ളിവനെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി മേരി പെല്‍റ്റോള വിജയിച്ചു. ഇതോടെ ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്ന് ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്ത ഒന്‍പതാമത്തെ സീറ്റായി അലാസ്‌ക മാറി. സെനറ്റില്‍ 56- 44 എന്ന നിലയില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചു.

അലാസ്‌കയിലെ വോട്ടെണ്ണലില്‍ പെല്‍റ്റോളയ്ക്ക് 50 ശതമാനം ഒന്നാം മുന്‍ഗണനാ വോട്ടുകളും സള്ളിവന് 46 ശതമാനം വോട്ടുകളും ലഭിച്ചു. ഇതോടെ സംസ്ഥാനത്തെ റാങ്ക്ഡ് ചോയ്‌സ് വോട്ടിംഗ് സംവിധാനപ്രകാരം അധിക വോട്ടെണ്ണല്‍ റൗണ്ടുകളില്ലാതെ പെല്‍റ്റോളയ്ക്ക് വിജയം ഉറപ്പിക്കാനായി.

2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് അലാസ്‌കയില്‍ 13 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു. എന്നാല്‍ ജീവിതച്ചെലവിലെ വര്‍ധനവിനെതിരായ ജനങ്ങളുടെ പ്രതിഷേധവും സംസ്ഥാനത്തെ ശക്തമായ സ്വതന്ത്ര രാഷ്ട്രീയ നിലപാടുകളും ഇത്തവണ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായി.

'ജീവിതകാലം മുഴുവന്‍ അലാസ്‌കയില്‍ ജീവിക്കുകയും സംസ്ഥാനത്തിന്റെ സേവനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്ത ഒരാളെന്ന നിലയില്‍ ജനങ്ങളുടെ പിന്തുണ ലഭിച്ചത് വലിയ അംഗീകാരമാണ്. കോര്‍പ്പറേറ്റ് അത്യാഗ്രഹത്തിനെതിരെ പോരാടാനും ജീവിതച്ചെലവ് കുറയ്ക്കാനും അലാസ്‌കയ്ക്ക് മുന്‍ഗണന നല്‍കാനുമാണ് ഞങ്ങളുടെ ശ്രമം'-  പെല്‍റ്റോള എക്‌സില്‍ പ്രതികരിച്ചു.

അലാസ്‌കയിലെ വിദൂര പ്രദേശങ്ങളിലെ വോട്ടെണ്ണല്‍ നടപടികള്‍ സാധാരണയായി ദൈര്‍ഘ്യമേറിയതാണ്. ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളും തെരഞ്ഞെടുപ്പിനെ വിവാദത്തിലാക്കി.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജെറി ഹൈക്‌സ്, സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച വിരമിച്ച അധ്യാപകന്‍ ഡാന്‍ ജെ സള്ളിവന്‍ ജൂനിയര്‍ എന്നിവരും പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.

റിപ്പബ്ലിക്കന്‍ സിറ്റിംഗ് സെനറ്റര്‍ ഡാന്‍ സള്ളിവന്റെ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിന് ഡെമോക്രാറ്റുകള്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയതാണെന്ന് റിപ്പബ്ലിക്കന്‍ നേതൃത്വം ആരോപിച്ചു. വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും സള്ളിവന്‍ ജൂനിയര്‍ യഥാര്‍ഥ താത്പര്യത്തോടെ മത്സരിക്കുന്ന സ്ഥാനാര്‍ഥിയല്ലെന്നും ആരോപിച്ച് അദ്ദേഹത്തെ ബാലറ്റില്‍നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും അലാസ്‌ക സുപ്രിം കോടതി ആവശ്യം തള്ളി.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സള്ളിവന്‍ ജൂനിയറിനെ മത്സരിപ്പിക്കാന്‍ പെല്‍റ്റോളയുടെ പ്രചാരണസംഘം സഹായിച്ചതായി ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം പെല്‍റ്റോളയുടെ പ്രചാരണസംഘം നിഷേധിച്ചു.

സംഭവത്തില്‍ അലാസ്‌ക ഗവര്‍ണര്‍ മൈക്ക് ഡണ്‍ലീവി സംസ്ഥാനതല അന്വേഷണം പ്രഖ്യാപിച്ചു. കള്ളസാക്ഷ്യത്തിന് തുല്യമായ എന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇതിനുപുറമെ, സംഭവവുമായി ബന്ധപ്പെട്ട് യു എസ് നീതിന്യായ വകുപ്പും ക്രിമിനല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന നീക്കത്തെ അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ചെ 'വഞ്ചന' എന്നാണ് വിശേഷിപ്പിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി 140ലധികം സമന്‍സുകളും കത്തുകളും ഔദ്യോഗിക നോട്ടീസുകളും വകുപ്പ് അയച്ചതായി റോയിട്ടേഴ്‌സ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്തരം നടപടികള്‍ മാത്രം ആരോപണവിധേയര്‍ കുറ്റക്കാരാണെന്ന് തെളിയിക്കുന്നില്ല.

സെനറ്റില്‍ അവസാനമായി പ്രഖ്യാപിക്കപ്പെടാതെ കിടന്ന തെരഞ്ഞെടുപ്പ് ഫലമായിരുന്നു അലാസ്‌കയിലേത്. പെല്‍റ്റോളയുടെ വിജയം 2009നുശേഷം ഡെമോക്രാറ്റുകള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ സെനറ്റ് ഭൂരിപക്ഷത്തിന് വഴിയൊരുക്കി.

പ്രതിനിധിസഭയിലും ഡെമോക്രാറ്റുകള്‍ നേട്ടമുണ്ടാക്കിയതോടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തിന് കോണ്‍ഗ്രസില്‍ ശക്തമായ രാഷ്ട്രീയ വെല്ലുവിളി നേരിടേണ്ടിവരും. നിയമനിര്‍മാണം, ഭരണപരമായ തീരുമാനങ്ങള്‍, ബജറ്റ് തുടങ്ങിയ വിഷയങ്ങളില്‍ പ്രസിഡന്റും കോണ്‍ഗ്രസും തമ്മില്‍ അടുത്ത രണ്ടുവര്‍ഷം ശക്തമായ രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.