ആപ്പിള്‍ സേവനങ്ങള്‍ ആഗോളതലത്തില്‍ തടസ്സപ്പെട്ടു

ആപ്പിള്‍ സേവനങ്ങള്‍ ആഗോളതലത്തില്‍ തടസ്സപ്പെട്ടു


വാഷിംഗ്ടണ്‍: ആപ്പിളിന്റെ വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് ആയിരക്കണക്കിന് ഉപയോക്താക്കള്‍ പ്രതിസന്ധിയിലായി. ചൊവ്വാഴ്ചയാണ് അമേരിക്കയിലും മറ്റ് ചില രാജ്യങ്ങളിലും ആപ്പിളിന്റെ സേവനങ്ങള്‍ക്ക് വ്യാപകമായ തടസ്സം നേരിട്ടത്. ആപ്പിള്‍ സപ്പോര്‍ട്ട്, ആപ്പ് സ്റ്റോര്‍, ഐക്ലൗഡ്, ആപ്പിള്‍ പേ തുടങ്ങിയ പ്രധാന സേവനങ്ങളെയാണ് തകരാര്‍ ബാധിച്ചത്.

സേവനങ്ങളുടെ പ്രവര്‍ത്തനതടസ്സം നിരീക്ഷിക്കുന്ന ഡൗണ്‍ഡിറ്റക്ടറിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആദ്യം ആപ്പിള്‍ പേയുമായി ബന്ധപ്പെട്ട പരാതികളാണ് വര്‍ധിച്ചത്. പിന്നാലെ ഐക്ലൗഡിന്റെ പ്രവര്‍ത്തനത്തിലും തടസ്സങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആപ്പിള്‍ അക്കൗണ്ടില്‍ പ്രവേശിക്കാനും ഐക്ലൗഡ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഉപയോഗിക്കാനും കഴിയാത്ത സാഹചര്യമുണ്ടായതായി ഉപയോക്താക്കള്‍ പരാതിപ്പെട്ടു.

ആപ്പിള്‍ സപ്പോര്‍ട്ട്, ഐക്ലൗഡ്, ആപ്പിള്‍ പേ, ആപ്പ് സ്റ്റോര്‍, ആപ്പിള്‍ ബിസിനസ് മാനേജര്‍, ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ സ്റ്റോര്‍, സൈന്‍ ഇന്‍ വിത്ത് ആപ്പിള്‍, ആപ്പിള്‍ കാര്‍ഡ് തുടങ്ങിയ സേവനങ്ങളിലും തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആപ്പിളിന്റെ ഔദ്യോഗിക സിസ്റ്റം സ്റ്റാറ്റസ് പേജിലും ഐക്ലൗഡ് അക്കൗണ്ടുകളുടെയും സൈന്‍ ഇന്‍ സംവിധാനത്തിന്റെയും പ്രവര്‍ത്തനത്തില്‍ പ്രശ്‌നങ്ങളുള്ളതായി രേഖപ്പെടുത്തിയിരുന്നു. ആപ്പ് സ്റ്റോര്‍, ആപ്പിള്‍ മ്യൂസിക് എന്നിവയിലും തടസ്സം നേരിട്ടതായി പേജ് സൂചിപ്പിച്ചു.

നിരവധി ഉപയോക്താക്കള്‍ തങ്ങളുടെ അക്കൗണ്ടുകളില്‍നിന്ന് സ്വമേധയാ പുറത്തായതായും വീണ്ടും ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പരാജയപ്പെട്ടതായും അറിയിച്ചു. പുതിയ ഐഫോണുകള്‍ ആക്ടിവേറ്റ് ചെയ്യുന്നതിനും തടസ്സം നേരിട്ടതായി പരാതികളുണ്ട്.

ആപ്പിള്‍ സേവനങ്ങളിലെ തകരാറിനെക്കുറിച്ച് നിരവധി പേര്‍ സമൂഹമാധ്യമമായ എക്‌സിലൂടെ പരാതികള്‍ പങ്കുവെച്ചു. 'ആപ്പിള്‍ പേ പ്രവര്‍ത്തിക്കുന്നില്ല' എന്നായിരുന്നു ഒരു ഉപയോക്താവിന്റെ പ്രതികരണം.

ഐക്ലൗഡില്‍ പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ ആപ്പിള്‍ അക്കൗണ്ട് പാസ്വേഡ് വീണ്ടും നല്‍കാന്‍ ആവശ്യപ്പെടുന്നതായും പരിശോധന പരാജയപ്പെടുന്നതായും മറ്റൊരു ഉപയോക്താവ് കുറിച്ചു. 'വെരിഫിക്കേഷന്‍ ഫെയില്‍ഡ്  അജ്ഞാത പിശക് സംഭവിച്ചു' എന്ന സന്ദേശമാണ് ലഭിക്കുന്നതെന്നും ഉപയോക്താക്കള്‍ അറിയിച്ചു.

അമേരിക്കയ്ക്ക് പുറമെ ബ്രസീല്‍, ഗ്രീസ്, ലാത്വിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും സേവന തടസ്സത്തെക്കുറിച്ച് പരാതികള്‍ ഉയര്‍ന്നു. ലാത്വിയയില്‍ ആപ്പിള്‍ പേ ഉപയോഗിക്കുമ്പോള്‍ വീണ്ടും സൈന്‍ ഇന്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും എന്നാല്‍ ലോഗിന്‍ സാധ്യമാകുന്നില്ലെന്നും ഉപയോക്താക്കള്‍ എക്‌സില്‍ കുറിച്ചു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിവിധ പ്രമുഖ ഓണ്‍ലൈന്‍ സേവനങ്ങളില്‍ തുടര്‍ച്ചയായി തടസ്സങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. നവംബര്‍ 12ന് മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്ക്, ടീമ്‌സ് സേവനങ്ങള്‍ 30 മണിക്കൂറിലധികം പ്രവര്‍ത്തനരഹിതമായിരുന്നു. സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്ന് മൈക്രോസോഫ്റ്റ് പിന്നീട് വ്യക്തമാക്കി.

നവംബര്‍ 13ന് അമേരിക്കയിലെ വ്യോമഗതാഗത സംവിധാനത്തിലുണ്ടായ സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ക്ക് വ്യാപകമായി തടസ്സം നേരിടുകയും ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തു.

തിങ്കളാഴ്ച ജെ പി മോര്‍ഗന്‍ ചേസിന്റെ സംവിധാനത്തിലുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് അമേരിക്കയിലെ നിരവധി പ്രമുഖ ബാങ്കുകളുടെ ഓണ്‍ലൈന്‍ സേവനങ്ങളും മണിക്കൂറുകളോളം തടസ്സപ്പെട്ടു.

ഇതിനിടെ, ചൊവ്വാഴ്ച നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍ എസ് എ) ഉപയോഗിക്കുന്ന അതീവ രഹസ്യ ആശയവിനിമയ ശൃംഖലയും പ്രവര്‍ത്തനരഹിതമായതായി സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വിവിധ മേഖലകളിലെ പ്രമുഖ ഡിജിറ്റല്‍ സേവനങ്ങള്‍ തുടര്‍ച്ചയായി തടസ്സപ്പെടുന്നത് ഉപയോക്താക്കളിലും സ്ഥാപനങ്ങളിലും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.