'റീൽ നിർമാതാക്കൾ മാധ്യമപ്രവർത്തകരല്ല'; സംരക്ഷണം നല്‍കാനാകില്ലെന്ന് ഡൽഹി പൊലീസ് സുപ്രീം കോടതിയിൽ

'റീൽ നിർമാതാക്കൾ മാധ്യമപ്രവർത്തകരല്ല'; സംരക്ഷണം നല്‍കാനാകില്ലെന്ന് ഡൽഹി പൊലീസ് സുപ്രീം കോടതിയിൽ


ന്യൂഡൽഹി: പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾക്ക് ലഭിക്കുന്ന സംരക്ഷണം റീൽ നിർമാതാക്കൾക്കും സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാർക്കും അവകാശപ്പെടാനാകില്ലെന്ന് ഡൽഹി പൊലീസ് സുപ്രീം കോടതിയെ അറിയിച്ചു. മാധ്യമപ്രവർത്തകർ ഒരു പ്രത്യേക വിഭാഗമാണെന്നും വാണിജ്യപരമായ നേട്ടങ്ങൾക്കായി ക്യാമറകളും മൈക്രോഫോണുകളും ഉപയോഗിച്ച് റീലുകൾ നിർമ്മിക്കുന്ന സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാർ അവരിൽ നിന്ന് വ്യത്യസ്തരാണെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പൊലീസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം ജന്തർ മന്തറിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് സത്യവാങ്മൂലം നൽകിയത്.

ജന്തർ മന്തറിൽ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങൾ ആരോപിച്ച് 'നെറ്റ്വർക്ക് ഓഫ് വിമൻ ഇൻ മീഡിയ', 'ഫ്രീ സ്പീച്ച് കളക്ടീവ്', 'ഡൽഹി യൂണിയൻ ഓഫ് ജേണലിസ്റ്റുകൾ', 'കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റുകൾ' എന്നിവർ സമർപ്പിച്ച ഹർജികൾക്ക് മറുപടിയായാണ് ജോയിന്റ് പൊലീസ് കമ്മീഷണർ സുരേന്ദർ കുമാർ സത്യവാങ്മൂലം സമർപ്പിച്ചത്.

റീലുകൾ ഉണ്ടാക്കുന്നതിനോ അവ അപ്ലോഡ് ചെയ്യുന്നതിനോ, തങ്ങൾ സൃഷ്ടിക്കുന്ന ഉള്ളടക്കം വാണിജ്യപരമായി ഉപയോഗിക്കുന്നതിനോ എതിർപ്പൊന്നുമില്ലെന്നും ഡൽഹി പൊലീസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. എന്നാൽ, ഇത്തരത്തിൽ റീലുകൾ നിർമ്മിക്കുന്നവരെ മാധ്യമപ്രവർത്തകരുടെയോ റിപ്പോർട്ടർമാരുടെയോ പദവിയിലേക്ക് ഉയർത്താമോ എന്നത് ഇനിയും തീരുമാനിക്കപ്പെടേണ്ട കാര്യമാണെന്നും അതിൽ പറയുന്നു.

ഡൽഹി പൊലീസിന്‍റെ ഈ നിർദേശം തങ്ങളുടെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഏർപ്പെട്ടിരിക്കുന്ന മാധ്യമപ്രവർത്തകർക്ക് സംരക്ഷണം നൽകുന്നുവെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, റീലുകൾ ചെയ്യുന്നവർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുകൾ, നിയമലംഘനങ്ങൾ നടത്തുന്നവർ എന്നിവരെ പൊതുനിയമങ്ങളിൽ നിന്നോ, നിരോധനാജ്ഞയുള്ള സ്ഥലങ്ങളിൽ നിയമപാലക ഏജൻസികൾ നൽകുന്ന നിയമാനുസൃതമായ നിർദേശങ്ങൾ പാലിക്കുന്നതിൽ നിന്നോ ഒഴിവാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

മാധ്യമപ്രവർത്തകരെ തടസപ്പെടുത്തിയിട്ടില്ല

ഇന്ത്യൻ ഭരണഘടനയുടെ 19(1)(a) അനുച്ഛേദപ്രകാരം ഉറപ്പുനൽകിയിട്ടുള്ള അഭിപ്രായസ്വാതന്ത്ര്യത്തിന്‍റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെയും അവിഭാജ്യ ഘടകമായ വിവരങ്ങൾ ശേഖരിക്കാനും രേഖപ്പെടുത്താനും പ്രചരിപ്പിക്കാനുമുള്ള മാധ്യമപ്രവർത്തകരുടെ അവകാശങ്ങളെ മാനിക്കാനും സംരക്ഷിക്കാനും തങ്ങൾ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും പൊലീസ് അറിയിച്ചു. പ്രതിഷേധങ്ങൾക്കിടയിലായാലും മറ്റേതെങ്കിലും സമയത്തായാലും തങ്ങളുടെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഏർപ്പെട്ടിരുന്ന മാധ്യമപ്രവർത്തകരെ തടസപ്പെടുത്താനോ അവരുടെ പ്രവർത്തനങ്ങളിൽ ഇടപെടാനോ പൊലീസ് ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കി. 

അനുമതിയില്ലാത്ത നിരവധി പ്രതിഷേധക്കാർ അവിടെയുണ്ടായിരുന്നിട്ടും, മുഖ്യധാരാ മാധ്യമങ്ങൾ, ദേശീയ-അന്തർദേശീയ മാധ്യമങ്ങൾ, പ്രാദേശിക മാധ്യമങ്ങൾ, അംഗീകൃതവും അംഗീകാരമില്ലാത്തതുമായ മാധ്യമങ്ങളിലെ മാധ്യമപ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങി അവിടെ ഉണ്ടായിരുന്നവർക്കെല്ലാം പ്രതിഷേധ ദൃശ്യങ്ങൾ സ്വതന്ത്രമായി പകർത്താൻ കഴിഞ്ഞുവെന്നും പൊലീസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.

പ്രതിഷേധങ്ങളുടെ ചിത്രങ്ങളും വീഡിയോകളും അന്താരാഷ്ട്ര, ദേശീയ, പ്രാദേശിക മാധ്യമങ്ങൾ വ്യാപകമായി പ്രസിദ്ധീകരിക്കുകയും സംപ്രേഷണം ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഭവങ്ങൾ നേരിൽ കാണുന്നതിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മാധ്യമങ്ങളെ തടഞ്ഞു എന്ന ആരോപണം തെറ്റാണെന്ന് ഇതിലൂടെ തന്നെ മനസിലാക്കാം. നിയമാനുസൃതമായി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമപ്രവർത്തകരെ തടഞ്ഞിട്ടില്ലെന്നും മാധ്യമസ്വാതന്ത്ര്യത്തിന് അതീവ പ്രാധാന്യം നൽകുന്നുവെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി.

"തങ്ങളുടെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഏർപ്പെട്ടിരുന്ന മാധ്യമപ്രവർത്തകരെ തടയാനോ നിയന്ത്രിക്കാനോ അവരുടെ പ്രവർത്തനങ്ങളിൽ ഇടപെടാനോ ഡൽഹി പൊലീസ് ബോധപൂർവമോ ആസൂത്രിതമോ ആയ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കൂടാതെ, ആളെ തിരിച്ചറിയുന്നതിലുണ്ടായ പിഴവ് മൂലം ആരെങ്കിലും കസ്റ്റഡിയിലായിട്ടുണ്ടെങ്കിൽ, അവരെ പരിശോധനകൾക്ക് ശേഷം ഉടൻ തന്നെ വിട്ടയച്ചിട്ടുണ്ട്"

പ്രതിഷേധത്തിൽ പങ്കെടുത്തവരിൽ ചിലർ യഥാർത്ഥ മാധ്യമപ്രവർത്തകർ ആയിരുന്നില്ലെന്നും, എന്നാൽ ക്യാമറയും മൈക്രോഫോണും ഉപയോഗിച്ച് തങ്ങൾ മാധ്യമപ്രവർത്തകരാണെന്ന് തെറ്റായി അവകാശപ്പെടുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പൊതു ക്രമസമാധാനം നിലനിർത്താൻ ആവശ്യമായ സാഹചര്യങ്ങളിലൊഴികെ, ഇത്തരം റീൽ നിർമ്മാതാക്കളെപ്പോലും തടസ്സപ്പെടുത്തുകയോ അവരുടെ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുകയോ ചെയ്തിട്ടില്ലെന്നും ഡൽഹി പൊലീസ് അറിയിച്ചു.