ന്യൂഡല്‍ഹി: ബ്രിട്ടീഷ് ഭരണകാലത്തെ അവശേഷിപ്പുകളായി തുടരുന്ന വേഷവിധികളും ആചാരങ്ങളും അവസാനിപ്പിക്കുന്നതിനുള്ള വ്യാപക നീക്കത്തിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേയില്‍ ഔദ്യോഗിക വേഷത്തിന്റെ ഭാഗമായിരുന്ന കറുത്ത ബാന്‍ഡ്ഗല (പ്രിന്‍സ് കോട്ടുകള്‍) ഇനി ഉപയോഗിക്കില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. 'ജോലി രീതികളിലായാലും വേഷവിധികളിലായാലും, കോളോണിയല്‍ മനോഭാവത്തിന്റെ എല്ലാ അടയാളങ്ങളും കണ്ടെത്തി നീക്കണം', എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് റെയില്‍വേ ഉദ്യോഗസ്ഥരെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കവെയാണ് മന്ത്രി തീരുമാനം അറിയിച്ചത്. 'ഇംഗ്ലീഷുകാര്‍ കൊണ്ടുവന്ന കറുത്ത ബാന്‍ഡ്ഗല കോട്ടുകള്‍ ഇന്ന് മുതല്‍ റെയില്‍വേയുടെ ഔദ്യോഗിക വേഷമല്ല,' എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍തലത്തില്‍ തന്നെ ഇത്തരം കൊളോണിയല്‍ പാരമ്പര്യങ്ങള്‍ കണ്ടെത്താനും ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്ന ബദലുകള്‍ നിര്‍ദേശിക്കാനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി മന്ത്രിമാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സര്‍വകലാശാലാ കോണ്‍വൊക്കേഷനുകളില്‍ ഉപയോഗിക്കുന്ന ഗൗണ്‍-ക്യാപ് (റോബ്, മോര്‍ട്ടര്‍ബോര്‍ഡ്), ഔദ്യോഗിക സ്വീകരണങ്ങളില്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായി ധരിക്കേണ്ട ബാന്‍ഡ്ഗലകള്‍, ചില സംസ്ഥാനങ്ങളില്‍ കലക്ടര്‍മാരോടും മേയര്‍മാരോടും അനുബന്ധമായി സേവനം ചെയ്യുന്ന ജീവനക്കാര്‍ക്ക് നിര്‍ദേശിച്ച പ്രത്യേക വേഷങ്ങള്‍ തുടങ്ങിയവയും ഈ പരിശോധനയുടെ പരിധിയില്‍ വരും.
ഇന്ത്യയിലെ ചൂടും ഈര്‍പ്പവും കണക്കിലെടുത്താല്‍ ഉപയോഗപ്രദമല്ലാത്ത കോണ്‍വൊക്കേഷന്‍(ബിരുദ സ്വീകരണം) വേഷങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികളും അധ്യാപകരും നേരത്തെ തന്നെ പ്രതിഷേധം അറിയിച്ചിരുന്നെങ്കിലും ചില സ്ഥാപനങ്ങള്‍ അതില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. നിയമവ്യവസ്ഥയില്‍ ബ്രിട്ടീഷ് പാരമ്പര്യമായി തുടരുന്ന കറുത്ത കോട്ട്-വെളുത്ത നെക്ക്ബാന്‍ഡ് വേഷം (അഡ്വക്കേറ്റ്‌സ് ആക്ട്, 1961 പ്രകാരം) സംബന്ധിച്ചും ഭാവിയില്‍ പരിഷ്‌കരണ ചര്‍ച്ചകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.
ഇന്ത്യയുടെ സ്വതന്ത്ര സ്വഭാവത്തിനും സാംസ്‌കാരിക തിരിച്ചറിവിനും യോജിച്ച വേഷവിധികളും ആചാരങ്ങളും സ്ഥാപിക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
കോളോണിയല്‍ പാരമ്പര്യങ്ങള്‍ക്ക് വിരാമം : റെയില്‍വേ ഉദ്യോഗസ്ഥര്‍ കറുത്ത കോട്ടുകള്‍ ധരിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
