അശ്ലീല ഉള്ളടക്കത്തില്‍ കര്‍ശന നടപടി; ഇന്ത്യയില്‍ 600ലേറെ എക്‌സ് അക്കൗണ്ടുകള്‍ നീക്കം ചെയ്തു

അശ്ലീല ഉള്ളടക്കത്തില്‍ കര്‍ശന നടപടി; ഇന്ത്യയില്‍ 600ലേറെ എക്‌സ് അക്കൗണ്ടുകള്‍ നീക്കം ചെയ്തു


ന്യൂഡല്‍ഹി: അശ്ലീലവും ലൈംഗികമായി അപമാനകരവുമായ ഉള്ളടക്കങ്ങള്‍ സൃഷ്ടിച്ചതിനെ തുടര്‍ന്ന് എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് (മുന്‍ ട്വിറ്റര്‍) ഇന്ത്യയില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് 3,500ലേറെ ഉള്ളടക്കങ്ങള്‍ എക്‌സ് ബ്ലോക്ക് ചെയ്യുകയും 600ലധികം അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തത്. എഐ ചാറ്റ്‌ബോട്ട് ഗ്രോക് (Grok) വഴി അശ്ലീല ചിത്രങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുവെന്ന പരാതിയിലാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം എക്‌സിനോട് വിശദീകരണം തേടിയത്.

സര്‍ക്കാരിന്റെ നോട്ടീസിന് പിന്നാലെ, നിയമലംഘനം നടന്നതായി എക്‌സ് സമ്മതിക്കുകയും ഇത്തരം അശ്ലീല ചിത്രങ്ങള്‍ സൃഷ്ടിക്കുന്നത് ഇനി അനുവദിക്കില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയിലെ ഓണ്‍ലൈന്‍ കണ്ടന്റ് നിയമങ്ങള്‍ പൂര്‍ണമായി പാലിക്കുമെന്ന് എക്‌സ് അധികൃതര്‍ ഉറപ്പുനല്‍കിയതോടെയാണ് ഈ നടപടികള്‍ സ്വീകരിച്ചത്.

'രാജ്യത്ത് നിയമം ലംഘിക്കപ്പെടാനാവില്ല ' എന്നായിരുന്നു ഐ.ടി മന്ത്രാലയ ഉദ്യോഗസ്ഥരുടെ പ്രതികരണം. നിയമപരമായ സംരക്ഷണം നഷ്ടപ്പെടുമെന്ന മുന്നറിയിപ്പും എക്‌സിന് നല്‍കിയിരുന്നു. ഗ്രോക് പോലുള്ള എഐ ചാറ്റ്‌ബോട്ടുകള്‍ വഴി ഇത്തരം ഉള്ളടക്കം ഉണ്ടാകുന്ന മറ്റു പ്ലാറ്റ്‌ഫോമുകളെയും കര്‍ശനമായി നിരീക്ഷിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഗ്രോക് വഴി എഐ നിര്‍മിത അശ്ലീല ഉള്ളടക്കം പ്രചരിച്ചതിനെ തുടര്‍ന്ന് ഇന്‍ഡോണേഷ്യ ഈ ചാറ്റ്‌ബോട്ട് താല്‍ക്കാലികമായി നിരോധിച്ചിട്ടുണ്ട്. യുകെ, ഫ്രാന്‍സ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും മുന്‍പേ ഇത്തരം ഉള്ളടക്കങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.

എഐ സാങ്കേതിക വിദ്യയുടെ ദുരുപയോഗം സാമൂഹികമായി ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍, സര്‍ക്കാര്‍ ഇടപെടലിലൂടെ എക്‌സ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് വ്യക്തമായ മുന്നറിയിപ്പാണ് ഈ നടപടി.