ന്യൂയോര്‍ക്കില്‍ 'ഹമാസിനെ പിന്തുണയ്ക്കുന്ന' മുദ്രാവാക്യം; ശക്തമായി പ്രതികരിച്ച് മേയര്‍ മംദാനി

ന്യൂയോര്‍ക്കില്‍ 'ഹമാസിനെ പിന്തുണയ്ക്കുന്ന' മുദ്രാവാക്യം; ശക്തമായി പ്രതികരിച്ച് മേയര്‍ മംദാനി


ന്യൂയോര്‍ക്ക്: ക്വീന്‍സ് മേഖലയിലെ ഭൂരിഭാഗവും ജൂത സമൂഹം താമസിക്കുന്ന പ്രദേശത്ത് നടന്ന പലസ്തീന്‍ അനുകൂല പ്രകടനത്തിനിടെ 'വീ സപ്പോര്‍ട്ട് ഹമാസ്' എന്ന മുദ്രാവാക്യം മുഴങ്ങിയത് നഗരത്തില്‍ വലിയ വിവാദമായി. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോകളില്‍ പലസ്തീന്‍ പതാകകള്‍ വീശിക്കൊണ്ട് ചിലര്‍ ഹമാസിനെ പിന്തുണയ്ക്കുന്ന രീതിയില്‍ മുദ്രാവാക്യം വിളിക്കുന്നതായി കാണപ്പെടുന്നു. ഈ വീഡിയോകളുടെ സത്യാവസ്ഥ സ്വതന്ത്രമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വിവാദത്തിന് പിന്നാലെ ന്യൂയോര്‍ക്ക് മേയര്‍ സോഹ്രാന്‍ മംദാനി ശക്തമായി പ്രതികരിച്ചു. ഭീകരസംഘടനകളെ പിന്തുണയ്ക്കുന്ന മുദ്രാവാക്യങ്ങള്‍ നഗരത്തില്‍ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, അതേസമയം ഭരണഘടന ഉറപ്പുനല്‍കുന്ന പ്രതിഷേധാവകാശം സംരക്ഷിക്കുമെന്നും പറഞ്ഞു. 'ഭീകര സംഘടനയെ പിന്തുണയ്ക്കുന്ന മുദ്രാവാക്യങ്ങള്‍ക്ക് നമ്മുടെ നഗരത്തില്‍ സ്ഥാനമില്ല. ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നവരും പുറത്തുവരുന്നവരും ഉള്‍പ്പെടെ എല്ലാ ന്യൂയോര്‍ക്കുകാരുടെയും സുരക്ഷയും പ്രതിഷേധാവകാശവും ഒരുപോലെ സംരക്ഷിക്കും,' എന്ന് മംദാനി എക്‌സില്‍ കുറിച്ചു.

ഹമാസിനെ അമേരിക്ക ഭീകരസംഘടനയായി പട്ടികപ്പെടുത്തിയിട്ടുള്ള സാഹചര്യത്തില്‍, അതിന് പിന്തുണ നല്‍കുന്നതും സഹായിക്കുന്നതും ഫെഡറല്‍ നിയമപ്രകാരം കുറ്റകരമാണ്. സംഭവത്തെക്കുറിച്ച് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോക്കല്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചു. 'ഹമാസ് ജൂതജനതയുടെ നാശം ആവശ്യപ്പെടുന്ന ഒരു ഭീകരസംഘടനയാണ്. ഇത്തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ അറപ്പുളവാക്കുന്നതും അപകടകരവും ന്യൂയോര്‍ക്കില്‍ അംഗീകരിക്കാനാവാത്തതുമാണ്,'  എന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് അംഗം അലക്‌സാണ്ട്രിയ ഒകാസിയോകോര്‍ടെസും പ്രതിഷേധക്കാരെ വിമര്‍ശിച്ച്, 'ജൂതര്‍ ഭൂരിഭാഗവും താമസിക്കുന്ന പ്രദേശത്ത് കയറി ' വീ സപ്പോര്‍ട്ട് ഹമാസ്' എന്ന് വിളിക്കുന്നത് വെറുപ്പും ആന്റിസെമിറ്റിസവും പ്രകടിപ്പിക്കുന്ന പ്രവൃത്തിയാണ്,' എന്ന് പ്രതികരിച്ചു.

ഇതിനിടെ, മംദാനിയുടെ മുന്‍കാല നിലപാടുകളും വീണ്ടും ചര്‍ച്ചയായി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഹമാസിനെ തുറന്നുകാണിച്ച് അപലപിക്കാന്‍ അദ്ദേഹം തയ്യാറാകാതെ, ന്യൂയോര്‍ക്കുകാരുടെ ജീവിതച്ചെലവ് പോലുള്ള ആഭ്യന്തര വിഷയങ്ങളിലേക്ക് സംഭാഷണം തിരിച്ചു വിട്ടിരുന്നു. ഒക്ടോബര്‍ 7ന് നടന്ന ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലുടനീളം തുടരുന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് പുതിയ വിവാദവും ഉയര്‍ന്നിരിക്കുന്നത്.