യു എസിലേക്ക് പോകുന്ന പുതിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ്

യു എസിലേക്ക് പോകുന്ന പുതിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ്


ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് പുതുതായി അമേരിക്കയിലേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ (ഐ ഐ ഇ) പുറത്തിറക്കിയ 'ഫോള്‍ 2025 ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് എന്റോള്‍മെന്റ് സ്‌നാപ്ഷോട്ട്' റിപ്പോര്‍ട്ട് പുതിയ പ്രവേശനങ്ങളില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്.

2024മായി താരതമ്യം ചെയ്യുമ്പോള്‍ 2025ലെ ചില ഘട്ടങ്ങളില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് അനുവദിച്ച എഫ്-1 വിസകളില്‍ 40- 50 ശതമാനം വരെ കുറവുണ്ടായെന്നാണ് കണ്ടെത്തുന്നത്. 

ഐ ഐ ഇ 2025 നവംബറില്‍ പുറത്തിറക്കിയ 'ഓപ്പണ്‍ ഡോര്‍സ് 2025' റിപ്പോര്‍ട്ട് പ്രകാരം 2024- 2025 അക്കാദമിക് വര്‍ഷത്തില്‍ അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 3,63,019 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്നിരുന്നു. ഏതൊരു രാജ്യത്തുനിന്നുമുള്ളതില്‍ ഏറ്റവും വലിയ വിദ്യാര്‍ഥി സംഘമാണിത്. മുന്‍വര്‍ഷത്തേക്കാള്‍ 10 ശതമാനം വര്‍ധനവുമാണ് രേഖപ്പെടുത്തിയത്.

ഇന്ത്യന്‍ വംശജനായ സി എന്‍ എന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഫരീദ് സക്കറിയ അന്തര്‍ദേശീയ വിദ്യാഭ്യാസം അമേരിക്കന്‍ സര്‍വകലാശാലകള്‍ക്ക് പ്രതിവര്‍ഷം 40- 50 ബില്യണ്‍ ഡോളര്‍ വരുമാനം നല്‍കുന്ന വ്യവസായമാണെന്ന് അടുത്തിടെ അഭിപ്രായപ്പെട്ടു. പൂര്‍ണ ഫീസ് അടച്ച് പഠിക്കുന്ന വിദേശ വിദ്യാര്‍ഥികളാണ് ഇതിന്റെ മുഖ്യആധാരമെന്നും അദ്ദേഹം പറഞ്ഞു.

ഇതെല്ലാം നഷ്ടപ്പെടാനിടയുണ്ട് എന്ന് മുന്നറിയിപ്പ് നല്‍കിയ സക്കറിയ ഓസ്‌ട്രേലിയ, കാനഡ, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിദ്യാര്‍ഥികളുടെ മുന്‍ഗണനകള്‍ ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥി പ്രവേശനം കുറയുന്നത് അമേരിക്കയുടെ 'സോഫ്റ്റ് പവര്‍' ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ നിയമങ്ങള്‍ ലംഘിക്കുകയോ  അറസ്റ്റിലാവുകയോ സംഭവിച്ചാല്‍ വിദ്യാര്‍ഥി വിസ ഉടന്‍ റദ്ദാക്കുകയും നാടുകടത്തലും ഭാവിയില്‍ പ്രവേശനത്തിന് അയോഗ്യതയും നേരിടേണ്ടിവരുമെന്ന് ഇന്ത്യയിലെ യു എസ് എംബസി ദിവസങ്ങള്‍ക്ക് മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. യു എസ് വിസ അവകാശമല്ലെന്നും പ്രാദേശിക നിയമങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്നും എംബസി എക്‌സില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യ- അമേരിക്ക വിദ്യാഭ്യാസ കൈമാറ്റങ്ങളില്‍ മാറ്റങ്ങള്‍ സംഭവിച്ചുവരുന്ന സാഹചര്യത്തിലായിരുന്നു മുന്നറിയിപ്പ്.