ഇറാനിലെ കലാപങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയും ഇസ്രായേലുമെന്ന് പെസഷ്‌കിയാന്‍

ഇറാനിലെ കലാപങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയും ഇസ്രായേലുമെന്ന് പെസഷ്‌കിയാന്‍


ടെഹ്റാന്‍: ഇറാനില്‍ കലാപങ്ങള്‍ സംഘടിപ്പിച്ച് അരാജകത്വം സൃഷ്ടിക്കാന്‍ അമേരിക്കയും ഇസ്രായേലും ശ്രമിക്കുകയാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ആരോപിച്ചു. കലാപകാരികളിലും ഭീകരരിലും നിന്ന് അകലം പാലിക്കണം എന്ന് ഇറാനിയന്‍ ജനങ്ങളോട് അദ്ദേഹം അഭ്യര്‍ഥിച്ചു.

ഞായറാഴ്ച (ജനുവരി 11) രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ജനങ്ങളുടെ ആവശ്യങ്ങളും ആശങ്കകളും സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കുമെന്ന് പെസഷ്‌കിയാന്‍ ഉറപ്പുനല്‍കി. അതേസമയം, സമൂഹത്തെ അസ്ഥിരമാക്കാന്‍ കലാപകാരികള്‍ക്ക് അവസരം നല്‍കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കലാപകാരികള്‍് സമൂഹം തകര്‍ക്കാന്‍ ജനങ്ങള്‍ അനുവദിക്കരുതെന്നും നീതി സ്ഥാപിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ജനങ്ങള്‍ വിശ്വസിക്കണമെന്നും അദ്ദേഹം സര്‍ക്കാര്‍ മാധ്യമമായ ഐ ആര്‍ ഐ ബിയോട് പറഞ്ഞു.

കലാപങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയുടെയും ഇസ്രായേലിന്റെയും നിര്‍ദേശങ്ങളുണ്ടെന്ന് പെസഷ്‌കിയാന്‍ ആരോപിച്ചു. ഇറാനെ നേരിട്ട് ആക്രമിച്ച അതേ ശക്തികളാണ് ഇപ്പോള്‍ വിദേശത്തുനിന്ന് കലാപത്തിനും സമൂഹത്തില്‍ വിഭജനം സൃഷ്ടിക്കാനും നിര്‍ദേശിക്കുന്നത്. മുന്നോട്ട് പോവൂ, ഞങ്ങളും ഇവിടെ തന്നെയുണ്ട് എന്നാണ് അമേരിക്കയും ഇസ്രായേലും പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിദേശങ്ങളില്‍ നിന്ന് കൊണ്ടുവന്ന ഭീകരര്‍ പള്ളികള്‍ക്ക് തീയിടുകയും ചിലരെ ശിരഛേദം ചെയ്യുകയും ചെയ്യുന്നുവെന്ന ഗുരുതര ആരോപണവും പ്രസിഡന്റ് ഉന്നയിച്ചു. നിരപരാധികളെ കൊല്ലുന്നതും നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുന്നതും ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കലാപകാരികളുടെയും ഭീകരരുടെയും വഞ്ചനയില്‍ യുവാക്കള്‍ പെടരുത് എന്നും യഥാര്‍ഥ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ കേള്‍ക്കുമെന്നും അതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്തുമെന്നും പെസഷ്‌കിയാന്‍ ആവര്‍ത്തിച്ചു.

ജനങ്ങള്‍ക്ക് ആശങ്കകളുണ്ട്. അവരുമായി സംസാരിക്കണം. അത് തങ്ങളുടെ കടമയാണ്. പ്രശ്‌നം പരിഹരിക്കണം. എന്നാല്‍, ഒരു വിഭാഗം കലാപകാരികള്‍ മുഴുവന്‍ സമൂഹത്തെയും നശിപ്പിക്കാന്‍ അനുവദിക്കരുത് എന്നതാണ് അതിലും വലിയ കടമയെന്ന് ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

സുരക്ഷാ നടപടികളുടെ ഭാഗമായി നടന്ന  അടിച്ചമര്‍ത്തലില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും പ്രതിഷേധങ്ങള്‍ ആരംഭിക്കുകയും ചെയ്തതിന് ശേഷം ആദ്യമായാണ് പെസഷ്‌കിയാന്‍ പൊതുവേദിയില്‍ സംസാരിക്കുന്നത്. ഉപരോധങ്ങളുടെ പശ്ചാത്തലത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്ത് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി ഒരു സാമ്പത്തിക പദ്ധതിയും അദ്ദേഹം അവതരിപ്പിച്ചു.