ലൈംഗികപീഡന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് റിമാന്‍ഡ്; 14 ദിവസം കസ്റ്റഡിയില്‍

ലൈംഗികപീഡന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് റിമാന്‍ഡ്; 14 ദിവസം കസ്റ്റഡിയില്‍


പത്തനംതിട്ട: ലൈംഗികപീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇയാളെ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റും. പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റ് കോടതിയിലാണ് പൊലീസ് പ്രതിയെ ഹാജരാക്കിയത്. പത്തനംതിട്ട എ.ആര്‍. ക്യാമ്പില്‍ എസ്‌ഐടി മേധാവി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ അഞ്ച് മണിക്കൂറിലധികം ചോദ്യം ചെയ്തശേഷമാണ് രാഹുലിനെ കോടതിയില്‍ എത്തിച്ചത്.

അറസ്റ്റ് ഒഴിവാക്കാനാവില്ലെന്നും രാഹുല്‍ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ അറിയിച്ചു. പ്രതി ഇന്ന് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും.

വൈദ്യപരിശോധനയ്ക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡി.വൈ.എഫ്.ഐയും യുവമോര്‍ച്ചയും ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആശുപത്രി പരിസരത്ത് സംഘര്‍ഷാവസ്ഥയുണ്ടായതോടെ പൊലീസ് ശക്തമായ നിയന്ത്രണ നടപടികള്‍ സ്വീകരിച്ചു. പാലക്കാട്ടും ബി.ജെ.പി പ്രതിഷേധ പ്രകടനം നടത്തി.

പാലക്കാട് ഒരു ഹോട്ടലില്‍ നിന്ന് ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് രാഹുലിനെ പൊലീസ് പിടികൂടിയത്. പത്തനംതിട്ട സ്വദേശിനി ആറു ദിവസം മുമ്പ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ബലാത്സംഗം, നിര്‍ബന്ധിത ഭ്രൂണഹത്യ എന്നിവ ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഈ കേസിലെ അന്വേഷണനടപടികള്‍ അതീവ രഹസ്യമായി പൊലീസ് മുന്നോട്ട് കൊണ്ടുപോയതായാണ് വിവരം. പരാതിക്കാരി വിദേശത്തായതിനാല്‍ വീഡിയോ കോളിലൂടെ മൊഴിയെടുത്തതോടെയാണ് തെളിവുകള്‍ ശേഖരിച്ചത്. ഡിഎന്‍എ പരിശോധനാ ഫലവും ആശുപത്രി രേഖകളും ലഭിച്ചതോടെ അറസ്റ്റ് അനിവാര്യമാണെന്ന് പൊലീസ് വിലയിരുത്തി.

ജനുവരി 5ന് ലഭിച്ച മൂന്നാം പരാതിയോടെയാണ് അന്വേഷണത്തിന് പുതിയ വഴിത്തിരിവുണ്ടായത്. ഡി.ജി.പിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നേരിട്ട് ഇടപെട്ട് വിവരങ്ങള്‍ ശേഖരിക്കുകയും ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക തെളിവുകള്‍ പരിശോധിക്കുകയും ചെയ്തുവെന്നാണ് സൂചന.

എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത ശേഷം രാഹുലിന്റെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച പൊലീസ്, പാലക്കാട് ഉണ്ടെന്ന വിവരം ലഭിച്ചതോടെ അര്‍ധരാത്രി ഓപ്പറേഷനിലൂടെ പ്രതിയെ പിടികൂടുകയായിരുന്നു. അന്വേഷണ സംഘത്തിന്റെ കൃത്യമായ ആസൂത്രണത്തിലൂടെയാണ് അറസ്റ്റ് സാധ്യമായതെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.