ജമ്മു: ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയുടേയും നിയന്ത്രണ രേഖയുടേയും സമീപം സാംബ, രജൗരി, പൂഞ്ച് ജില്ലകളില്‍ സംശയാസ്പദമായ പാകിസ്ഥാന്‍ ഡ്രോണുകളുടെ സാന്നിധ്യം ഇന്ത്യന്‍ സുരക്ഷാസേന കണ്ടെത്തി. ഇന്ത്യന്‍ ഭാഗത്ത് കുറച്ചുസമയം ചുറ്റിപ്പറന്ന ശേഷം തിരിച്ചുപോകുന്ന നിലയില്‍ കുറഞ്ഞത് അഞ്ച് പറക്കുന്ന വസ്തുക്കള്‍ ഡ്രോണുകളാണെന്ന് സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഡ്രോണ്‍ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സുരക്ഷാ ഏജന്‍സികള്‍ ജാഗ്രതാ നില ഉയര്‍ത്തുകയും ഭൂതലത്തില്‍ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തതായി പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.
രജൗരി ജില്ലയിലെ നൗഷേര സെക്ടറില്‍ വൈകിട്ട് 6.35ഓടെ ഗാനിസ്‌കല്‍സിയന്‍ ഗ്രാമപരിസരത്ത് ഡ്രോണ്‍ നീക്കം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ചെറുതും ലഘുവുമായ മെഷീന്‍ ഗണ്ണുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തെന്നും റിപ്പോര്‍ട്ടുണ്ട്. സാംബ ജില്ലയിലെ രാംഗഢ് സെക്ടറിലെ ചാക് ബാബ്രാല്‍ ഗ്രാമത്തിന് മുകളില്‍ വൈകിട്ട് 7.15ഓടെ ഡ്രോണിനോട് സാമ്യമുള്ള മിന്നുന്ന വെളിച്ചവും കണ്ടെത്തി. ഇതേസമയം, പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയോടു ചേര്‍ന്ന മങ്കോട്ട് സെക്ടറില്‍ വൈകിട്ട് 6.25ഓടെ ടെയിന്‍ ഭാഗത്തുനിന്ന് ടോപയിലേക്കു നീങ്ങുന്ന മറ്റൊരു ഡ്രോണ്‍ പോലെയുള്ള വസ്തുവും കണ്ടതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ച രാത്രി സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമുള്ള ഘഗ്വാല്‍ പ്രദേശത്തെ പാലൂര ഗ്രാമത്തില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ ഉപേക്ഷിച്ചതെന്ന് സംശയിക്കുന്ന ആയുധശേഖരം സുരക്ഷാസേന കണ്ടെടുത്തു. രണ്ട് പിസ്റ്റളുകള്‍, മൂന്ന് മാഗസിനുകള്‍, 16 വെടിയുണ്ടകള്‍, ഒരു ഗ്രനേഡ് എന്നിവയാണ് പിടിച്ചെടുത്തത്.
കഴിഞ്ഞ വര്‍ഷം മെയ് മാസം ഇന്ത്യ- പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷത്തിന് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് ജമ്മുകശ്മീരില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
