ന്യൂഡൽഹി: രാജ്യത്തെ വാഹന ഉടമകൾക്ക് വലിയ ആശ്വാസമേകി വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റിൻ്റെ (Pollution Under Control - PUC) കാലാവധി കേന്ദ്ര സർക്കാർ പരിഷ്കരിച്ചു. പുതിയ ബി.എസ്-6 നിലവാരത്തിലുള്ള വാഹനങ്ങൾക്ക് സർട്ടിഫിക്കറ്റ് പുതുക്കുന്നതിനുള്ള ഇടവേള വർധിപ്പിച്ചപ്പോൾ, പഴയ വാഹനങ്ങൾക്ക് കുറഞ്ഞ കാലാവധി തന്നെ നിലനിർത്തിയിട്ടുണ്ട്. നവംബർ 13 ന് കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം പുറപ്പെടുവിച്ച 'സെൻട്രൽ മോട്ടോർ വെഹിക്കിൾസ് (പതിനാറാം ഭേദഗതി) ചട്ടങ്ങൾ, 2026' പ്രകാരമാണ് ഈ സുപ്രധാന മാറ്റങ്ങൾ നിലവിൽ വന്നത്. ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ പുതിയ നിയമം പ്രാബല്യത്തിലായി.
പുതിയ നിയമപ്രകാരം, ആറ് വർഷം വരെ പഴക്കമുള്ള ബി.എസ്-6 സ്വകാര്യ വാഹനങ്ങൾക്ക് മൂന്ന് വർഷത്തിലൊരിക്കൽ പി.യു.സി സർട്ടിഫിക്കറ്റ് എടുത്താൽ മതിയാകും. ആറ് വർഷത്തിന് മുകളിലും 10 വർഷം വരെയും പഴക്കമുള്ള ബി.എസ്-6 സ്വകാര്യ വാഹനങ്ങൾക്ക് വർഷത്തിലൊരിക്കൽ സർട്ടിഫിക്കറ്റ് പുതുക്കണം. എന്നാൽ, 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള സ്വകാര്യ വാഹനങ്ങൾക്ക് ഓരോ ആറുമാസം കൂടുമ്പോഴും പുക പരിശോധന നിർബന്ധമാണ്.
ബി.എസ്-6 നിലവാരത്തിലുള്ള വാണിജ്യ വാഹനങ്ങൾക്കും കാലാവധി നീട്ടി നൽകിയിട്ടുണ്ട്. ആറ് വർഷം വരെ പഴക്കമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് രണ്ട് വർഷത്തിലൊരിക്കൽ പുതുക്കിയാൽ മതി. ആറ് മുതൽ 10 വർഷം വരെ പഴക്കമുള്ളവയ്ക്ക് ഒരു വർഷവും, 10 വർഷത്തിന് മുകളിൽ പഴക്കമുള്ളവയ്ക്ക് ആറുമാസവുമാണ് കാലാവധി.
മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിൻ്റെ ഭാഗമായി പഴയ വാഹനങ്ങൾക്ക് കുറഞ്ഞ കാലാവധി തന്നെയാണ് നിശ്ചയിച്ചിരിക്കുന്നത്. ബി.എസ്-1, ബി.എസ്-2, ബി.എസ്-3 വിഭാഗങ്ങളിൽപ്പെടുന്ന വാഹനങ്ങളുടെ പി.യു.സി സർട്ടിഫിക്കറ്റിന് മൂന്ന് മാസം മാത്രമായിരിക്കും കാലാവധി. ബി.എസ്-4 വാഹനങ്ങൾക്ക് ആറുമാസത്തെ കാലാവധി ലഭിക്കും.
സർട്ടിഫിക്കറ്റ് പുതുക്കുന്ന തീയതിയെക്കുറിച്ചും പുതിയ ചട്ടങ്ങളിൽ വ്യക്തത വരുത്തിയിട്ടുണ്ട്. നിലവിലുള്ള പി.യു.സി സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിക്കുന്നതിന് 10 ദിവസം മുൻപുള്ള കാലയളവിലാണ് പുതുക്കാൻ അപേക്ഷിക്കുന്നതെങ്കിൽ, പഴയ സർട്ടിഫിക്കറ്റിന്റെ കാലാവധി തീരുന്ന തീയതി മുതൽക്കായിരിക്കും പുതിയ സർട്ടിഫിക്കറ്റിന് പ്രാബല്യമുണ്ടാവുക. എന്നാൽ, കാലാവധി കഴിഞ്ഞ ശേഷമാണ് പുതുക്കുന്നതെങ്കിൽ, പുതുക്കുന്ന തീയതി മുതൽ മാത്രമേ പുതിയ സർട്ടിഫിക്കറ്റ് നിലവിൽ വരികയുള്ളൂ.
കൂടാതെ, പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപ് എടുത്ത പി.യു.സി സർട്ടിഫിക്കറ്റുകൾക്ക് അവയുടെ നിലവിലെ കാലാവധി തീർന്ന ശേഷം ആദ്യമായി പുതുക്കുമ്പോൾ മാത്രമായിരിക്കും ഈ പരിഷ്കരിച്ച കാലാവധി നിബന്ധനകൾ ബാധകമാവുകയെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
വാഹന ഉടമകൾക്ക് ആശ്വാസം; പുക പരിശോധന സർട്ടിഫിക്കറ്റ് കാലാവധി പരിഷ്കരിച്ച് കേന്ദ്രം
