വൈരമുത്തുവിന് ജ്ഞാനപീഠം നല്‍കിയതിനെതിരെ ചിന്മയി ശ്രീപദ

വൈരമുത്തുവിന് ജ്ഞാനപീഠം നല്‍കിയതിനെതിരെ ചിന്മയി ശ്രീപദ


ചെന്നൈ: തമിഴ് കവി ആര്‍ വൈരമുത്തുവിന് രാജ്യത്തെ ഏറ്റവും ഉന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠ പുരസ്‌കാരം നല്‍കിയതില്‍ രൂക്ഷ വിമര്‍ശനവുമായി ഗായിക ചിന്മയി ശ്രീപദ. ഒരു ലൈംഗിക വേട്ടക്കാരനെ സംരക്ഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരും രാഷ്ട്രീയക്കാരും ചലച്ചിത്ര ലേകവുമൊക്കെ എപ്പോഴും ശ്രമിക്കുകയാണെന്നാണ് ചിന്മയി എക്‌സ് പ്ലാറ്റ് ഫോമിലൂടെ തുറന്നടിച്ചത്.

ഈ പുരസ്‌കാര പ്രഖ്യാപനം അങ്ങേയറ്റം ലജ്ജാകരമാണെന്നും ഷെയിം ഓഫ് യു എന്നും കുറിച്ച ചിന്മയി വൈരമുത്തുവിനാല്‍ ജീവിതവും സ്വപ്‌നങ്ങളും ഭാവിയും നഷ്ടപ്പെട്ട സ്ത്രീകളുടെ രോഷം ഇവര്‍ക്കുമേല്‍ പതിക്കട്ടെയെന്നും പറയുന്നു.

2018ലാണ് ചിന്മയി ശ്രീപദ വൈരമുത്തുവിനെതിരെ മീ ടൂ ആരോപണവുമായി രംഗത്തെത്തിയത്. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നടന്ന പരിപാടിക്കിടെ വൈരമുത്തു തന്നോട് സഹകരിക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് ചിന്മയി ആരോപിച്ചത്. എന്നാല്‍ ഈ ആരോപണം നിഷേധിച്ച് വൈരമുത്തുവും രംഗത്തെത്തിയിരുന്നു. അതേസമയത്ത് മറ്റൊരു ഗായികയും വൈരമുത്തുവിനെതിരേ രംഗത്തെയിരുന്നു.