കടുത്ത ദുര്‍ഗന്ധം; യു എസിലെ നാല് പ്രധാന വിമാനത്താവളങ്ങളില്‍ വിമാന സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തി

കടുത്ത ദുര്‍ഗന്ധം; യു എസിലെ നാല് പ്രധാന വിമാനത്താവളങ്ങളില്‍ വിമാന സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തി


വാഷിംഗ്ടണ്‍: കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അമേരിക്കയിലെ നാല് പ്രധാന വിമാനത്താവളങ്ങളില്‍ ഒരു മണിക്കൂറിലേറെ സമയം വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ദുര്‍ഗന്ധം എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ പ്രവര്‍ത്തനത്തെ ബാധിച്ചതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

വാഷിംഗ്ടണ്‍ ഡി സി, ബാല്‍്ടിമോര്‍, വിര്‍ജീനിയയിലെ റിച്ച്മണ്ട് എന്നിവിടങ്ങളെ റോണാള്‍ഡ് റീഗണ്‍ വാഷിംഗ്ടണ്‍ നാഷണല്‍ എയര്‍പോര്‍ട്ട്, വാഷിംഗ്ടണ്‍ ഡല്ലസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ബാള്‍ട്ടിമോര്‍ വാഷിംഗ്ടണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, റിച്ച്മണ്ട് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നീ നാല് വിമാനത്താവളങ്ങളിലാണ് ഗ്രൗണ്ട് സ്റ്റോപ്പ് പ്രഖ്യാപിച്ചത്. എഫ് എ എ സെക്രട്ടറി ഷോണ്‍ ഡഫിയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ഗ്രൗണ്ട് സ്റ്റോപ്പിനെ തുടര്‍ന്ന് രാജ്യത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ചിലതില്‍ വിമാനങ്ങള്‍ ഏകദേശം രണ്ട് മണിക്കൂര്‍ വരെ വൈകിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വാഷിംഗ്ടണ്‍ ഡി സി, ബാല്‍ടിമോര്‍, റിച്ച്മണ്ട് എന്നിവിടങ്ങളിലെ വിമാനഗതാഗതം നിയന്ത്രിക്കുന്ന പൊട്ടോമാക് ട്രാക്കോണ്‍ (ടെര്‍മിനല്‍ റഡാര്‍ അപ്രോച്ച് കണ്‍ട്രോള്‍) കേന്ദ്രത്തില്‍ നിന്നാണ് ദുര്‍ഗന്ധം ഉണ്ടായതെന്ന് ഷോണ്‍ ഡഫി അറിയിച്ചു. ഈ കേന്ദ്രം വാഷിംഗ്ടണ്‍ ഡി സി, ബാല്‍ടിമോര്‍, വിര്‍ജീനിയയിലെ റിച്ച്മണ്ട് മേഖലകള്‍ എന്നിവിടങ്ങളിലെ വിമാന ഗതാഗതം നിയന്ത്രിക്കുന്ന പ്രധാന സംവിധാനമാണ്.

ദുര്‍ഗന്ധം എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരെ എങ്ങനെ ബാധിച്ചു എന്ന കാര്യത്തില്‍ എഫ് എ എ  വക്താവ് വിശദമായ പ്രതികരണം നല്‍കിയിട്ടില്ല.

ഗ്രൗണ്ട് സ്റ്റോപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബാധിതമായ നാല് വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടേണ്ടിരുന്ന വിമാനങ്ങളില്‍ ഏകദേശം 25 മുതല്‍ 33 ശതമാനം വരെ സര്‍വീസുകള്‍ വൈകിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.