ന്യൂഡല്‍ഹി: പാര്‍ലമെന്റിലേക്കുള്ള സി ജെ പിയുടെ പ്രതിഷേധ മാര്‍ച്ചിനിടെ സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആംഗ്മോയെ ഡല്‍ഹി പൊലീസ് മര്‍ദിച്ചുവെന്ന പാര്‍ട്ടിയുടെ ആരോപണം ഡല്‍ഹി പൊലീസ് തള്ളി. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ തെറ്റും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പൊലീസ് വ്യക്തമാക്കി.
സി ജെ പി വക്താവ് സൗരവ് ദാസ് എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പില്‍ ഗീതാഞ്ജലിജിയുടെ മുടിയില്‍ പിടിച്ചുവലിക്കുകയും അവരെ മര്‍ദിക്കുകയും ചെയ്തതായും 12 വയസുകാരിയായ ഒരു പെണ്‍കുട്ടിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റതായും 40 മുതല്‍ 50 വരെ പേര്‍ക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഡല്‍ഹി പൊലീസേ, എന്താണ് നടക്കുന്നത്? എന്ന് ചോദിക്കുകയും ചെയ്തു.
എന്നാല്‍, ഈ ആരോപണങ്ങള്‍ പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്ന് ഡല്‍ഹി പൊലീസ് എക്സിലൂടെ പ്രതികരിച്ചു.
'ഗീതാഞ്ജലി എന്ന വ്യക്തിയെ ആക്രമിച്ചുവെന്നോ അവരുടെ മുടിയില്‍ പിടിച്ചുവലിച്ചുവെന്നോ 12 വയസുകാരിക്ക് തലക്ക് പരിക്കേറ്റെന്നോ 40 മുതല്‍ 50 വരെ പേര്‍ക്ക് ഗുരുതര പരിക്കേറ്റെന്നോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ തെറ്റാണ്. ഇത്തരത്തിലുള്ള അവകാശവാദങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ പ്രചരിപ്പിക്കരുത് എന്ന് പൊലീസ് അറിയിച്ചു.
തുടര്‍ന്ന് മറ്റൊരു പോസ്റ്റിലും ഗീതാഞ്ജലി ആംഗ്മോയെ ഡല്‍ഹി പൊലീസ് ആക്രമിച്ചുവെന്ന ആരോപണം സൗരവ് ദാസ് ആവര്‍ത്തിച്ചു. ജന്തര്‍ മന്തറില്‍ പ്രതിഷേധക്കാര്‍ക്കെതിരെ കടുത്ത അടിച്ചമര്‍ത്തല്‍ തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, പ്രതിഷേധം അതീവ പ്രൊഫഷണല്‍ രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. ജന്തര്‍ മന്തറില്‍ പൊലീസ് ബലപ്രയോഗം നടത്തിയെന്നോ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തെന്നോ ചില മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളും പൊലീസ് നിഷേധിച്ചു.
ജന്തര്‍ മന്തറില്‍ ഡല്‍ഹി പൊലീസ് ബലപ്രയോഗം നടത്തിയെന്നോ ആളുകളെ കസ്റ്റഡിയിലെടുത്തെന്നോ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത്തരം സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. പ്രതിഷേധം പ്രൊഫഷണല്‍ രീതിയിലാണ് കൈകാര്യം ചെയ്യുന്നത് എന്ന് ഡല്‍ഹി പൊലീസ് എക്സിലൂടെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതിഷേധസ്ഥലത്തും പരിസരത്തും സമാധാനവും പൊതുക്രമവും നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്നും അഭ്യൂഹങ്ങളിലോ തെറ്റായ വിവരങ്ങളിലോ വിശ്വസിക്കരുതെന്നും പൊലീസ് അഭ്യര്‍ഥിച്ചു.
