ഇന്നറിയാം 'പാറ്റ'കളുടെ പവർ; പ്രതിഷേധം കടുപ്പിക്കാൻ കോക്രോച്ച് ജനതാ പാർട്ടി, പ്രതിഷേധത്തിനെത്തുന്നവർക്ക് മാർ​ഗനിർദേശങ്ങൾ

ഇന്നറിയാം 'പാറ്റ'കളുടെ പവർ; പ്രതിഷേധം കടുപ്പിക്കാൻ കോക്രോച്ച് ജനതാ പാർട്ടി, പ്രതിഷേധത്തിനെത്തുന്നവർക്ക് മാർ​ഗനിർദേശങ്ങൾ


ന്യൂഡൽഹി: വെബ്സൈറ്റിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലുമുള്ള ജനപിന്തുണ മൈതാനത്തുണ്ടാവുമോയെന്ന് രാജ്യം ഉറ്റുനോക്കുന്ന പ്രതിഷേധ പരിപാടി ഇന്ന് ഡൽഹിയിൽ നടക്കും. പാറ്റകളെന്ന് പറയുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) പ്രതിഷേധ സം​ഗമം ഇന്ന് രാവിലെ 9ന് ജന്തർ മന്തറിലാണ് നടക്കുക. പരീക്ഷാക്രമക്കേടുകളിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെടുന്ന പ്രതിഷേധത്തിന് പുസ്തകവും ദേശീയപതാകയുമായാണ് പ്രതിഷേധത്തിനെത്താനാണ് സി.ജെ.പിയുടെ നിർദ്ദേശം.

പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവർക്കായി കോക്രോച്ച് ജനത പാർട്ടി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. പ്രതിഷേധക്കാർ ആരും തന്നെ വിമാനത്താവള പരിസരങ്ങളിൽ കൂട്ടം കൂടരുത്. പങ്കെടുക്കാൻ എത്തുന്നവർ ഒറ്റയ്ക്ക് വരരുതെന്നും ഗ്രൂപ്പുകളായി മാത്രമേ വരാവൂയെന്നാണ് പ്രധാന നിർദേശം. പ്രതിഷേധത്തിനിടയിൽ പോലീസുകാരോട് മോശമായി പെരുമാറരുത്. അവർക്ക് പൂക്കൾ നൽകി സമാധാനപരമായ രീതിയിൽ വിയോജിപ്പ് അറിയിക്കണം. പങ്കെടുക്കുന്നവർ ഭക്ഷണം കഴിച്ച ശേഷമേ വരാൻ പാടുള്ളൂ. പ്രതിഷേധ പരിപാടികൾ പൂർണ്ണമായും മൊബൈലിലോ ക്യാമറയിലോ ചിത്രീകരിക്കണമെന്നും മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു. 

അതേസമയം, പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യ തലസ്ഥാനത്തെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ ഡൽഹി പോലീസ് ഉന്നതതല യോഗം ചേർന്നു. നിലവിലെ സാഹചര്യങ്ങളും വിവിധ ഇന്റലിജൻസ് വിഭാഗങ്ങളിൽ നിന്ന് ലഭിച്ച സുരക്ഷാ വിവരങ്ങളും യോഗം വിശദമായി പരിശോധിച്ചു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ സ്വീകരിക്കേണ്ട തുടർനടപടികൾക്കും സുരക്ഷാ ക്രമീകരണങ്ങൾക്കും പോലീസ് രൂപം നൽകിയിട്ടുണ്ട്.