ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ കോൺഗ്രസ് എം പി സജ്ജൻ കുമാർ (80) അന്തരിച്ചു. തിഹാർ ജയിലിൽ നിന്ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
1984ലെ കലാപക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്നു സജ്ജൻ കുമാർ. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിന് പിന്നാലെ 1984 നവംബർ ഒന്നിനും രണ്ടിനും പാലം കോളനി മേഖലയിൽ നടന്ന കലാപത്തിനിടെ അഞ്ച് പേരുടെ മരണത്തിന് കാരണമായെന്ന കേസിലാണ് ഡൽഹി ഹൈക്കോടതി അദ്ദേഹത്തെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2018ലാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
ശിക്ഷ ചോദ്യം ചെയ്ത് സജ്ജൻ കുമാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നു. അതേസമയം, 1984ലെ സിഖ് വിരുദ്ധ കലാപത്തിനിടെ ഡൽഹിയിലെ ജനക്പുരി, വികാസ്പുരി മേഖലകളിൽ അക്രമത്തിന് പ്രേരിപ്പിച്ചെന്ന രണ്ട് കേസുകളിൽ ഈ വർഷം ജനുവരിയിൽ ഡൽഹി കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.
