ഇറാനെതിരേ കടുത്ത സാമ്പത്തിക ഉപരോധം; ഇറാനെ സഹായിക്കുന്ന രാജ്യങ്ങളും ശിക്ഷ നേരിടേണ്ടിവരുമെന്ന് ട്രംപ്, ആളിക്കത്തിക്കാനോ ഈ പ്രകോപനങ്ങൾ?

ഇറാനെതിരേ കടുത്ത സാമ്പത്തിക ഉപരോധം; ഇറാനെ സഹായിക്കുന്ന രാജ്യങ്ങളും ശിക്ഷ നേരിടേണ്ടിവരുമെന്ന് ട്രംപ്, ആളിക്കത്തിക്കാനോ ഈ പ്രകോപനങ്ങൾ?


യുഎസിനെ സഹായിക്കുന്ന ​ഗൾഫ്, യൂറോപ്യൻ രാജ്യങ്ങൾക്കെതിരേ ഇറാന്റെ ഭീഷണി ഉയർന്നതിന് പിന്നാലെ, മറു ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും രം​ഗത്ത്. ഇറാനുമായി വ്യാപാരം നടത്തുകയോ അവരെ സഹായിക്കുകയോ ചെയ്യുന്ന ഏതൊരു രാജ്യത്തിനും "കനത്ത" ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് വ്യാഴാഴ്ച ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടികളും പ്രഖ്യാപിച്ചു. ഇതോടെ, ​ഗൾഫ് രാജ്യങ്ങൾക്കിടയിലും യൂറോപ്യൻ നാറ്റോ സഖ്യകക്ഷികൾക്കിടയിലും ഉയർന്നിരിക്കുന്ന യുദ്ധ ഭീതി വലിയ ആശങ്കയായി ഉയർന്നിട്ടുണ്ട്. ഇറാൻ ഇതിനെ എങ്ങനെ നേരിടുമെന്ന് പ്രവചിക്കാനാവില്ലെന്ന് മിക്ക സഖ്യരാജ്യങ്ങളും പറയുന്നു. 

മിഡിൽ ഈസ്റ്റിലെ സംഘർഷം ആറുമാസത്തോട് അടുക്കുമ്പോഴാണ് സാമ്പത്തിക സമ്മർദ്ദം കടുപ്പിച്ചു കൊണ്ടുള്ള ഈ നീക്കം ട്രംപ് പ്രഖ്യാപിച്ചത്. "ഏതെങ്കിലും രാജ്യത്തിനെതിരെ ഇതുവരെ നടത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും കടുത്ത സാമ്പത്തിക നടപടി" എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. 

"ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായി ഒരു കരാറിലെത്താൻ എന്നെക്കാൾ മികച്ച അവസരം മറ്റാരും നൽകിയിട്ടില്ല. നിർഭാഗ്യവശാൽ, ആ അവസരം പ്രയോജനപ്പെടുത്തുന്നതിൽ അവർ പരാജയപ്പെട്ടു. അതിനാൽ, ഏതൊരു രാജ്യത്തിനെതിരെയും ഇതുവരെ നടത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും കടുത്ത സാമ്പത്തിക നടപടി ഞാൻ പ്രഖ്യാപിക്കുകയാണ്! അഭൂതപൂർവമായ തോതിലുള്ള സാമ്പത്തിക യുദ്ധവും ഒറ്റപ്പെടുത്തലും ആയിരിക്കും ഇത്," ട്രംപ് 'ട്രൂത്ത് സോഷ്യൽ' പോസ്റ്റിൽ പറഞ്ഞു.

"തങ്ങളുടെ ധനകാര്യ സ്ഥാപനങ്ങൾ, ബിസിനസുകൾ, വിമാനത്താവളങ്ങൾ അല്ലെങ്കിൽ സർക്കാർ സംവിധാനങ്ങൾ എന്നിവ വഴി ഇറാന് ഏതെങ്കിലും തരത്തിലുള്ള സഹായം നൽകുന്ന ഏതൊരു രാജ്യവും കനത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. എണ്ണക്കടത്ത്, സ്വാപ്പ് ലൈനുകൾ, പണമിടപാടുകൾ, എക്സ്ചേഞ്ച് ഹൗസുകൾ, കപ്പൽ രജിസ്ട്രികൾ, ഫ്രണ്ട് കമ്പനികൾ - ഇവയെല്ലാം ഉടൻ തന്നെ സഹായം നൽകുന്നത് അവസാനിപ്പിക്കണം," ട്രംപ് പറഞ്ഞു. എന്നാൽ ഏതുതരത്തിലുള്ള സാമ്പത്തിക പ്രത്യാഘാതമാണ് നേരിടേണ്ടിവരികയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഏതെങ്കിലും പ്രത്യേക രാജ്യത്തിന്റെ പേര് അദ്ദേഹം പരാമർശിച്ചില്ലെങ്കിലും, "അവർ ആരൊക്കെയാണെന്ന് അവർക്കറിയാം" എന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയിൽ സംഘർഷം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ്, ചൈന, ഇന്ത്യ, തുർക്കി, ജർമ്മനി, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവയായിരുന്നു ഇറാനുമായുള്ള ഏറ്റവും വലിയ വ്യാപാര പങ്കാളികൾ.

"ഇതൊരു ഇക്കണോമിക് 'ഡി-ഡേ' ആയിരിക്കും. ഇറാൻ ഉയർത്തുന്ന ഭീഷണിയെ ഒറ്റപ്പെടുത്താനും പരാജയപ്പെടുത്താനും അമേരിക്കയ്‌ക്കൊപ്പം നിലകൊള്ളാൻ ഞങ്ങളുടെ സഖ്യകക്ഷികളെല്ലാം ആവശ്യമാണ്. പ്രതിസന്ധിയിലായ അവരെ തളർത്താനും, ലോകമെമ്പാടും ഭീകരത പരത്താനുള്ള അവരുടെ ശേഷി ഇല്ലാതാക്കാനും ഈ ചരിത്രപരമായ നടപടികൾ സഹായിക്കും. ഇറാൻ ഒരിക്കലും ആണവായുധം സ്വന്തമാക്കില്ല," ട്രംപ് പറഞ്ഞു.

ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്ത ആക്രമണം നടത്തിയതോടെയാണ് മിഡിൽ ഈസ്റ്റിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഈ ആക്രമണത്തിൽ അന്നത്തെ 86 വയസ്സുകാരനായ പരമോന്നത നേതാവ് അലി ഖമേനിയുൾപ്പെടെ ഇറാനിലെ ഉന്നത നേതൃനിരയിലെ പലരും കൊല്ലപ്പെട്ടു. ഇതിന് മറുപടിയായി, മിഡിൽ ഈസ്റ്റിലെ അമേരിക്കൻ, ഇസ്രായേൽ കേന്ദ്രങ്ങൾക്കുനേരെ ഇറാനിയൻ സേന ആക്രമണം നടത്തി.

ഇറാനുമായി ചർച്ചകളൊന്നും നടക്കുന്നില്ല

ഇറാനുമായി നിലവിൽ ചർച്ചകളൊന്നും നടക്കുന്നില്ലെന്നും ഡോണൾഡ് ട്രംപ് വ്യക്തമാക്കി. "ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായി ചർച്ചകളോ സംഭാഷണങ്ങളോ നടക്കുന്നില്ല, അത്തരം കാര്യങ്ങളൊന്നും ആസൂത്രണം ചെയ്തിട്ടുമില്ല, നാവിക ഉപരോധം പൂർണ്ണമായി തുടരുകയാണ്. ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുകയും പ്രവർത്തനക്ഷമമായി തുടരുകയും ചെയ്യുന്നു. കടലിൽ വിന്യസിച്ചിരുന്ന എല്ലാ മൈനുകളും നീക്കം ചെയ്യുകയോ നിർവീര്യമാക്കുകയോ ചെയ്തിട്ടുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു. 60 ദിവസത്തെ താത്കാലിക വെടിനിർത്തൽ കരാർ തിങ്കളാഴ്ച അവസാനിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ വിശദീകരണം

ഇറാനുമായുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്നും അവ മുമ്പെന്നത്തേക്കാളും ശക്തമാണെന്നും അദ്ദേഹത്തിന്റെ മരുമകനും പ്രത്യേക പ്രതിനിധിയുമായ ജാരെഡ് കുഷ്നർ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. എന്നാൽ, ട്രംപ് ഇക്കാര്യം നിഷേധിക്കുകയാണ്. അതേസമയം, ഭാവിയില്‍ ഇറാനുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിച്ചേക്കുമെന്നും ട്രംപ് പറയുന്നുണ്ട്. ഇറാന്‍ ആണവായുധം നിര്‍മ്മിക്കില്ലെന്ന ഉറപ്പു മാത്രമേ അമേരിക്ക തേടുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു.