കോണ്‍ഗ്രസിന് 1700 കോടി രൂപയുടെ ആദായനികുതി നോട്ടീസ് അയച്ചു

കോണ്‍ഗ്രസിന് 1700 കോടി രൂപയുടെ ആദായനികുതി നോട്ടീസ് അയച്ചു


ന്യൂഡല്‍ഹി: നികുതി പുനര്‍നിര്‍ണയ നടപടിക്കെതിരായ പാര്‍ട്ടിയുടെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി മണിക്കൂറുകള്‍ക്കകം ആദായ നികുതി വകുപ്പ് കോണ്‍ഗ്രസിന് 1700 കോടി രൂപയുടെ നോട്ടീസ് അയച്ചു. കോണ്‍ഗ്രസ് നേതാവ് വിവേക് തന്‍ഖയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

2017-18, 2020-21 മൂല്യനിര്‍ണ്ണയ വര്‍ഷങ്ങളില്‍ പിഴയും പലിശയും ഉള്‍പ്പെടുത്തിയാണ് നോട്ടീസ് നല്‍കിയത്. നികുതി അധികാരികള്‍ നാല് വര്‍ഷത്തേക്ക് നികുതി പുനര്‍നിര്‍ണയ നടപടികള്‍ ആരംഭിച്ചതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജികള്‍ വ്യാഴാഴ്ച ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.

പുനര്‍മൂല്യനിര്‍ണയം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടുന്നതില്‍ ഇടപെടാന്‍ വിസമ്മതിച്ച മുന്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജികള്‍ തള്ളുന്നതെന്ന് ജസ്റ്റിസുമാരായ യശ്വന്ത് വര്‍മ്മ, പുരുഷൈന്ദ്ര കുമാര്‍ കൗരവ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ഇപ്പോള്‍ 2017 മുതല്‍ 2021 വരെയുള്ള ടാക്‌സുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. 2014-15 മുതല്‍ 2016-17 വരെയുള്ള മൂല്യനിര്‍ണ്ണയ വര്‍ഷങ്ങളുമായി ബന്ധപ്പെട്ട പുനര്‍മൂല്യനിര്‍ണ്ണയ നടപടികള്‍ ആരംഭിക്കുന്നതിനെ കോണ്‍ഗ്രസ് പാര്‍ട്ടി കഴിഞ്ഞയാഴ്ച തള്ളിയ മുന്‍ ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു.