കൊൽക്കത്ത: 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരിടത്തും വിജയം നേടാനാകാതെ പുറത്തായ സിപിഎം, 2026ൽ വീണ്ടും പശ്ചിമ ബംഗാൾ നിയമസഭയിൽ സാന്നിധ്യം രേഖപ്പെടുത്തി. മുർഷിദാബാദ് ജില്ലയിലെ ഡോംകൽ മണ്ഡലത്തിൽ നിന്നുള്ള വിജയം വഴിയാണ് പാർട്ടി 'സീറോ' എന്ന അപമാനത്തിൽ നിന്ന് മുക്തമായത്. 294 അംഗ നിയമസഭയിൽ ഇതോടെ സിപിഎം വീണ്ടും ഏകാംഗ വിജയം നേടിയ പാർട്ടിയായി.
ഡോംകാളിൽ സിപിഎം സ്ഥാനാർത്ഥിയായ മൊസ്തഫിജൂർ റഹ്മാൻ (റാണ) ആണ് പാർട്ടിക്ക് ഈ തിരിച്ചുവരവ് സമ്മാനിച്ചത്. ടിഎംസി സ്ഥാനാർത്ഥിയും മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥനുമായ ഹുമായൂൺ കബീറിനെ 16,296 വോട്ടിന് പരാജയപ്പെടുത്തിയാണ് റഹ്മാൻ വിജയിച്ചത്. റഹ്മാൻ 1,07,882 വോട്ടുകൾ നേടിയപ്പോൾ, കബീർ 91,586 വോട്ടുകൾ നേടി.
45കാരനായ റഹ്മാൻ ഒരു സാമൂഹ്യപ്രവർത്തകനാണ്. ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലത്തിൽ 3.5 കോടി രൂപയുടെ സ്വത്തുണ്ടെന്നും, കട ബാധ്യതകളില്ലെന്നും വാർഷിക വരുമാനം ഒന്നുമില്ലെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, അദ്ദേഹത്തിനെതിരെ രണ്ട് ക്രിമിനൽ കേസുകളും നിലനിൽക്കുന്നുണ്ടെന്നും അതിൽ ചിലത് ഗൗരവമുള്ള കുറ്റങ്ങളാണെന്നും രേഖയിൽ വ്യക്തമാക്കുന്നു.
റഹ്മാന്റെ വിജയം മണ്ഡലത്തിൽ വലിയ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. 2021ലെ തിരഞ്ഞെടുപ്പിൽ ഇതേ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ, ടിഎംസിയുടെ ജാഫിക്കുൽ ഇസ്ലാം 47,229 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിൽ അദ്ദേഹത്തെ പരാജയപ്പെടുത്തിയിരുന്നു. ആ സമയത്ത് ടിഎംസിക്ക് 56.45 ശതമാനം വോട്ടും സിപിഎമ്മിന് 35.57 ശതമാനം വോട്ടുമായിരുന്നു ലഭിച്ചത്. എന്നാൽ 2026ൽ ഈ ചിത്രം പൂർണമായും മാറിമറിഞ്ഞു.
പത്തുവർഷം മുമ്പ് വരെ സിപിഎമ്മിന്റെ ശക്തികേന്ദ്രമായിരുന്നു ഡോംകൽ 1967ൽ രൂപീകൃതമായ മണ്ഡലത്തിൽ നടന്ന 14 തിരഞ്ഞെടുപ്പുകളിൽ 11 തവണയും സിപിഎം ആണ് വിജയിച്ചിട്ടുള്ളത്. 1977 മുതൽ 2016 വരെ തുടർച്ചയായി ഒൻപത് തവണ പാർട്ടി ഇവിടെ വിജയിച്ചിരുന്നു. ഈ മണ്ഡലത്തിന്റെ ചുവപ്പൻ പൈതൃകവുമായി ഏറെ ബന്ധപ്പെട്ട നേതാവാണ് അനിസൂർ റഹ്മാൻ. 1991 മുതൽ 2016 വരെ ആറുതവണ തുടർച്ചയായി അദ്ദേഹം ഇവിടെ നിന്ന് വിജയിച്ചിരുന്നു.
എന്നാൽ 2011 മുതൽ സിപിഎമ്മിന്റെ തകർച്ച ആരംഭിച്ചിരുന്നു. ആ വർഷം തൃണമൂൽ കോൺഗ്രസ് അധികാരം പിടിച്ചപ്പോൾ, 34 വർഷത്തെ ഇടതുപക്ഷ ഭരണം അവസാനിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പുകളിൽ സിപിഎമ്മിന്റെ സീറ്റുകൾ കുറയുകയായിരുന്നു-2011ൽ 40 സീറ്റിലേക്കും, 2016ൽ 26 ലേക്കും, 2021ൽ പൂജ്യത്തിലേക്കും പാർട്ടി എത്തി. എന്നാൽ 2026ലെ ഈ ഒറ്റപ്പെട്ട വിജയത്തോടെ ആ തകർച്ചയുടെ തുടർച്ചയ്ക്ക് ചെറിയൊരു വിരാമമായിരിക്കുകയാണ്.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്നെ ഡോംകലിൽ സിപിഎം തിരിച്ചുവരവിന്റെ സൂചന നൽകിയിരുന്നു. ആ തിരഞ്ഞെടുപ്പിൽ ടിഎംസിയുടെ ലീഡ് ഏകദേശം 13,000 വോട്ടിലേക്ക് കുറഞ്ഞത് മണ്ഡലം ഇടതുപക്ഷത്തിന് പൂർണമായും നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. 2026ലെ വിജയം അത് ഉറപ്പിച്ചു.
ഈ തിരഞ്ഞെടുപ്പിൽ ഡോംകലിൽ വോട്ടിംഗ് ശതമാനം 96.43 ആയിരുന്നു. 2021ലെ 84.63 ശതമാനത്തിൽ നിന്നുള്ള വലിയ വർധന. ഏപ്രിൽ 23ന് നടന്ന വോട്ടെടുപ്പിന്റെ ഫലമാണ് മേയ് 4ന് പ്രഖ്യാപിച്ചത്. ആകെ 13 സ്ഥാനാർത്ഥികൾ മത്സരിച്ച മണ്ഡലത്തിൽ, ബിജെപി, കോൺഗ്രസ് അടക്കമുള്ള പാർട്ടികൾക്കും സ്ഥാനാർത്ഥികളുണ്ടായിരുന്നു. എന്നാൽ ഫലം വന്നപ്പോൾ റഹ്മാൻ വ്യക്തമായ ലീഡോടെ മുന്നിലെത്തി.
2026ൽ സിപിഎം 195 മണ്ഡലങ്ങളിൽ മത്സരിച്ചെങ്കിലും, ഡോംകാൾ മാത്രമാണ് പാർട്ടി നേരിട്ട് നേടിയ സീറ്റ്. അതേസമയം, ഇടതുമുന്നണിയിലെ സഖ്യകക്ഷിയായ ഇന്ത്യൻ സെക്യുലർ ഫ്രണ്ട് ഭംഗാർ മണ്ഡലത്തിൽ വിജയം നിലനിർത്തി. സഖ്യ ധാരണ പ്രകാരം കോൺഗ്രസ് ഈ മണ്ഡലത്തിൽ മത്സരിച്ചിരുന്നില്ല.
ആകെ രണ്ടു ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 92.47 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി, സ്വാതന്ത്ര്യാനന്തര കാലത്തെ ഉയർന്ന പോളിംഗ് നിരക്കുകളിൽ ഒന്നാണിത്.
മൊത്തതിൽ ഡോംകലിലെ ഈ വിജയം സിപിഎമ്മിന് വലിയ രാഷ്ട്രീയ ആത്മവിശ്വാസം നൽകുന്നതാണ്. ദീർഘകാല തകർച്ചയ്ക്ക് പിന്നാലെ വീണ്ടും നിയമസഭയിൽ സാന്നിധ്യം ഉറപ്പിച്ചതോടെ, ബംഗാളിൽ ഇടതുപക്ഷം വീണ്ടും നിലപാടുറപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഇത് തുടക്കമാകുമെന്നാണു വിലയിരുത്തൽ.
പെരുമ്പാവൂരിൽ നടത്തിയ പ്രചരണം ഡോംകലിൽ സിപിഎമ്മിനു വോട്ടായി
റഹ്മാൻ കേരളത്തിലെ അതിഥി തൊളിലാളികളടെ ക്ഷേമത്തിനു വേണ്ടി ഇടപെടുന്ന ജനകീയ നേതാവുകൂടിയാണ്. റഹ്മാന്റെ ഇടപെടലിനെ തുടർന്ന് തിരഞ്ഞെടുപ്പിന് മുൻപ് 400 ൽ പരം അതിഥി തൊഴിലാളി കുടുംബങ്ങൾ തൃണമൂൽ വിട്ട് സിപിഎമ്മിൽ ചേർന്നിരുന്നു. തൃണമൂലിന്റെ വാർഡ് തിരഞ്ഞെടുപ്പു ഓഫിസ് സിപിഎം തിരഞ്ഞെടുപ്പ് ഓഫിസായും മാറി.
മണ്ഡലത്തിലെ നിർണായക ശക്തിയാണ് കുടിയേറ്റ തൊഴിലാളികൾ. ഇതിൽ പകുതിയിലധികവും കേരളത്തിൽ. ഇവരെ ലക്ഷ്യമിട്ട് നാലു മാസം മുൻപ് മുസ്താഫിസുർ റഹ്മാൻ പെരുമ്പാവൂരിലെത്തി പ്രചാരണം നടത്തി. സിപിഎം പ്രാദേശിക നേതാക്കളുടെ സഹകരണത്തോടെയായിരുന്നു കൺവെൻഷൻ. അങ്ങനെ ഇതിൽ ഭൂരിഭാഗം പേരെയും വോട്ട് ചെയ്യാൻ കേരളത്തിൽനിന്നും നാട്ടിലെത്തിക്കാൻ സിപിഎമ്മിനായി. റാണയുടെ ജനപ്രീതിക്കു പുറമേ എതിർ സ്ഥാനാർഥി ഹുമയൂൺ കബീർ മറ്റു ജില്ലയിൽ നിന്നായത് സിപിഎമ്മിന് അനുകൂലഘടകമായി.
മുർഷിദാബാദ് മേഖലയിലെ പ്രധാന വിഷയമാണ് അതിഥി തൊഴിലാളികൾ. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ തൊഴിലെടുക്കുന്ന ബംഗാളികളിൽ കൂടുതലും ഈ മേഖലയിൽ നിന്നാണ്. ഡോംകലിൽ നിന്നുള്ള വോട്ടർമാർ കേരളത്തിലും ദക്ഷിണേന്ത്യയിലുമാണ് കൂടുതൽ. ഉത്തരേന്ത്യയിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ബംഗാളി വിരുദ്ധത കാരണം പലരും നാട്ടിൽ തിരികെയെത്തിയെന്ന് റഹ്മാൻ നേരത്തെ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
