വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്: ആയുധധാരിയുമായി ഏറ്റുമുട്ടി സീക്രട്ട് സർവീസ്; പ്രായപൂർത്തിയാകാത്ത വഴിപോക്കനു പരിക്ക്

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്: ആയുധധാരിയുമായി ഏറ്റുമുട്ടി സീക്രട്ട് സർവീസ്; പ്രായപൂർത്തിയാകാത്ത വഴിപോക്കനു പരിക്ക്


വാഷിംഗ്ടൺ:  വൈറ്റ് ഹൗസിനുസമീപം തിങ്കളാഴ്ച നടന്ന വെടിവെപ്പിൽ യു.എസ്. സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരും ആയുധധാരിയായ ഒരാളും തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ അക്രമിയെന്ന് സംശയിക്കുന്നയാൾക്കും പ്രായപൂർത്തിയാകാത്ത ഒരു വഴിപോക്കനും വെടിയേറ്റ് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.

ഉച്ചയ്ക്ക് ഏകദേശം 3.30ഓടെ, നാഷണൽ മാൾ പ്രദേശത്ത് വൈറ്റ് ഹൗസ് സുരക്ഷാ പരിധിക്ക് പുറത്താണ് സംഭവം നടന്നത്. ആയുധവുമായി സംശയാസ്പദമായി പെരുമാറുന്ന ഒരാളെ സാധാരണ വേഷത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സീക്രട്ട് സർവീസ് ഉദ്യോഗസ്ഥൻ ശ്രദ്ധിച്ചതോടെയാണ് സംഭവവികാസങ്ങൾ ആരംഭിച്ചത്.

തുടർന്ന് യൂണിഫോമിലുള്ള സീക്രട്ട് സർവീസ് പൊലീസ് സംഘം സംശയിക്കുന്നആളെ പിന്തുടർന്നു. പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ഓടി രക്ഷപ്പെടുകയും ഉദ്യോഗസ്ഥർക്കു നേരെ വെടിവെക്കുകയും ചെയ്തതായി ഡെപ്യൂട്ടി ഡയറക്ടർ മാട്ട് ക്വിൻ വ്യക്തമാക്കി. പ്രതികരണമായി ഉദ്യോഗസ്ഥർ വെടിയുതിർക്കുകയും സംശയിക്കപ്പെടുന്നയാൾക്ക് വെടിയേൽക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

സംഭവത്തിൽ ഒരു കുട്ടിക്കും വെടിയേറ്റ് പരിക്കേറ്റു. അക്രമിയുടെ വെടിയേറ്റാണ് കുട്ടിക്ക് പരിക്കേറ്റതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഗുരുതരമല്ലാത്ത പരിക്കുകളോടെ ബാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിന്റെ ഉദ്ദേശം ഇതുവരെ വ്യക്തമായിട്ടില്ല. അടുത്തിടെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത പരിപാടിക്കിടെ ഉണ്ടായ ആക്രമണശ്രമത്തിന് പിന്നാലെയാണിത് എന്നതും അന്വേഷണത്തിൽ പരിഗണിക്കുന്നതായി അധികൃതർ അറിയിച്ചു.
വെടിവെപ്പിന് തൊട്ടുമുമ്പ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ വാഹനവ്യൂഹം പ്രദേശത്തിലൂടെ കടന്നുപോയതായും, എന്നാൽ അക്രമി വാഹനവ്യൂഹത്തെ സമീപിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് വൈറ്റ് ഹൗസിന്റെ നോർത്ത് ലോൺ ഭാഗത്ത് താൽക്കാലികമായി ആളുകളെ ഒഴിപ്പിച്ചു. വെടിവെപ്പുമായി ബന്ധപ്പെട്ട അന്വേഷണം മെട്രോപൊളിറ്റൻ പൊലീസ് ഡിപ്പാർട്ട്‌മെന്റ്  ഏറ്റെടുത്തിട്ടുണ്ട്.