അബുദബി: ഗൾഫ് മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ യുഎഇയെ ലക്ഷ്യമിട്ട് ഇറാൻ തിങ്കളാഴ്ച മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു. എന്നാൽ ഭൂരിഭാഗം ആക്രമണങ്ങളും വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞതായി യുഎഇ അധികൃതർ അറിയിച്ചു.
ആക്രമണ ഭീഷണിയെ കുറിച്ച് മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ട് മണിക്കൂറുകൾക്ക് ശേഷം, രാജ്യത്തെ അമേരിക്കൻ എംബസി അമേരിക്കൻ പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി. 'ആകാശമാർഗ ഭീഷണി' ഉണ്ടാകാമെന്നതിനാൽ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആവശ്യമെങ്കിൽ അഭയം തേടാൻ തയ്യാറാകണമെന്നും അറിയിപ്പിൽ എംബസി പറഞ്ഞു.
ഇതിനിടെ, ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗ്ഹായി പ്രതികരണവുമായി രംഗത്തെത്തി. ഗൾഫ് രാജ്യങ്ങളോട് വൈരാഗ്യം ഇല്ലെങ്കിലും 'സ്വയംരക്ഷയ്ക്കായി' നടപടികൾ സ്വീകരിക്കേണ്ടി വന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആക്രമണം നടത്താൻ ചില രാജ്യങ്ങളുടെ സൈനിക സൗകര്യങ്ങൾ ഉപയോഗിച്ചതായും അതിനാൽ അവരെ അമേരിക്കയുടെയും ഇസ്രേയിന്റെയും കൂട്ടാളികളായി കണക്കാക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ 12 ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ക്രൂയിസ് മിസൈലുകളും നാല് ഡ്രോണുകളും പ്രയോഗിച്ചുവെന്നാണ് യുഎഇ പ്രതിരോധ മന്ത്രാലയം നൽകുന്ന വിവരം. ഇവയിൽ ഭൂരിഭാഗവും തടയാൻ കഴിഞ്ഞെങ്കിലും ആക്രമണത്തിൽ മൂന്ന് പേർക്ക് സാരമല്ലാത്ത പരിക്കേറ്റു.
ഇതിനിടെ, ആക്രമണങ്ങളെ 'വലിയ തോതിലുള്ള വെടിവെപ്പ് അല്ല' എന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിലയിരുത്തി. യുഎസ്-ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചോയെന്ന് ചോദിച്ചപ്പോൾ വ്യക്തമായ മറുപടി നൽകാതെ അന്വേഷണം തുടരുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ഹോർമുസ് കടലിടുക്കിന് സമീപം ഒരു ദക്ഷിണ കൊറിയൻ കപ്പലിനുനേരെയും ഇറാൻ ആക്രമണം നടത്തിയിരുന്നതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കൂടാതെ, അമേരിക്കൻ സേന ഇറാന്റെ ആറു സ്പീഡ് ബോട്ടുകളെ ലക്ഷ്യമിട്ട് വെടിവെച്ചെന്നും നിരവധി മിസൈലുകളും ഡ്രോണുകളും തടഞ്ഞെന്നും റിപ്പോർട്ടുണ്ട്.
ഹോർമുസ് കടലിടുക്കിനോട് ചേർന്നുണ്ടായ ഈ സംഭവങ്ങൾ അന്താരാഷ്ട്ര വ്യാപാരത്തിനും എണ്ണ വിതരണത്തിനും വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. നിലവിലെ വെടിനിർത്തൽ കരാർ നിലനിൽക്കുമോ എന്നതിൽ അനിശ്ചിതത്വം തുടരുന്നതിനിടെ, സ്ഥിതിഗതികൾ നിരീക്ഷണത്തിലാണെന്ന് അമേരിക്ക അറിയിച്ചു.
യുഎഇക്ക് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഭൂരിഭാഗവും തടഞ്ഞതായി അധികൃതർ, മൂന്ന് പേർക്ക് പരിക്ക്
