ന്യൂഡൽഹി: പശ്ചിമ ബംഗാളിലും അസമിലും നേടിയ ഇരട്ടവിജയത്തോടെ ഭാരതീയ ജനതാപാർട്ടി നയിക്കുന്ന എൻഡിഎ വീണ്ടും രാജ്യത്ത് വലിയ രാഷ്ട്രീയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഇതോടെ 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഭരണാധികാരം എൻഡിഎയ്ക്ക് ലഭിച്ചു. 1970കളിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേടിയ ഉയരത്തിന് ഒപ്പമെത്തുന്നതാണ് ബിജെപിയുടെ ഈ നേട്ടം.
2014ൽ നരേന്ദ്രമോഡി ആദ്യമായി പ്രധാനമന്ത്രിയായപ്പോൾ ബിജെപി വെറും ഏഴ് സംസ്ഥാനങ്ങളിൽ മാത്രമായിരുന്നു അധികാരത്തിലുണ്ടായിരുന്നത്. തുടർന്ന് സംഘടനാ ശക്തിപ്പെടുത്തലിലൂടെയും സഖ്യങ്ങളുടെയും സഹായത്തോടെ 2018ഓടെ എൻഡിഎ 21 സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. എന്നാൽ പിന്നീട് ഉണ്ടായ തിരിച്ചടികളാൽ ഈ നേട്ടം നിലനിർത്താൻ അവർക്കായില്ല.
2018 അവസാനത്തോടെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങൾ കോൺഗ്രസ്് പിടിച്ചതോടെ എൻഡിഎയുടെ സംഖ്യ കുറയാൻ തുടങ്ങി. 2020ഓടെ ഇത് 13 സംസ്ഥാനങ്ങളിലേക്ക് താഴ്ന്നു. കോവിഡ് കാലവും ചെറിയ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ മാറ്റങ്ങളും ഇതിന് കാരണമായി.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പും ബിജെപിക്ക് വെല്ലുവിളിയായി. 240 സീറ്റുകൾ മാത്രം നേടിയ പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും എൻഡിഎ 293 സീറ്റുകളോടെ കേന്ദ്രത്തിൽ സർക്കാർ രൂപീകരിച്ചു. ഈ ഫലത്തിന് പിന്നാലെ ബിജെപി പിന്നോട്ട് പോകുമെന്ന വിലയിരുത്തലുകൾ ശക്തമായി.
എന്നാൽ അതിന് വിരുദ്ധമായി പാർട്ടി സംസ്ഥാനങ്ങളിൽ ശക്തമായി തിരിച്ചുവരവ് നടത്തി. അമിത് ഷാ, ജെ.പി നഡ്ഡ എന്നിവരുടെ നേതൃത്വത്തിൽ സംഘടനാ സംവിധാനം പുതുക്കിപ്പണിതു. ബൂത്ത് തല പ്രവർത്തനം ശക്തിപ്പെടുത്തുകയും പ്രാദേശിക വിഷയങ്ങളെ കേന്ദ്രീകരിച്ച് പ്രചാരണങ്ങൾ നടത്തുകയും ചെയ്തു.
2024 മുതൽ 2026 തുടക്കംവരെ മഹാരാഷ്ട്ര, ഹരിയാന, ബിഹാർ, ഒഡീഷ എന്നിവിടങ്ങളിലെ വിജയങ്ങളിലൂടെ എൻഡിഎ വീണ്ടും ശക്തിപ്രാപിച്ചു. 2026 ഫെബ്രുവരിയോടെ 19 സംസ്ഥാനങ്ങളിൽ ആധിപത്യം സ്ഥാപിച്ച എൻഡിഎ, മേയ് 4ന് അസമിലും പശ്ചിമ ബംഗാളിലും നേടിയ വിജയത്തോടെ വീണ്ടും 21 സംസ്ഥാനങ്ങളിലെത്തി നിൽക്കുകയാണ്.
ഈ തെരഞ്ഞെടുപ്പിലൂടെ അസമിൽ ഹിമാന്ത ബിശ്വാസ് ശർമ വീണ്ടും അധികാരത്തിലെത്തിയപ്പോൾ, പശ്ചിമ ബംഗാളിൽ ബിജെപി ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് നേടിയിട്ടുള്ളത്. ഇതോടെ ഗംഗോത്രിയിൽ നിന്ന് ഗംഗാസാഗർ വരെ നീളുന്ന ഗംഗാനദിയുടെ മുഴുവൻ പ്രദേശവും എൻഡിഎ ഭരണ പരിധിയിൽ എത്തിയതായാണ് വിലയിരുത്തൽ. മറ്റൊരു തരത്തിൽ പറഞ്ഞാൽ പുതിയ വിജയങ്ങളോടെ നെഹ്രുവിന്റെ കാലഘട്ടത്തിലെ കോൺഗ്രസിനെ പോലെ ബിജെപി വീണ്ടും രാജ്യവ്യാപകമായ രാഷ്ട്രീയ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്.
രാജ്യത്തെ ഏകദേശം 72 ശതമാനം ജനസംഖ്യ ഇപ്പോൾ എൻഡിഎ ഭരണത്തിൻ കീഴിലാണ്. ദേശീയ തലത്തിൽ ചില തിരിച്ചടികൾ നേരിട്ടിട്ടും സംസ്ഥാന തലത്തിൽ ശക്തമായി മുന്നേറാൻ ബിജെപിക്ക് കഴിഞ്ഞതും ശ്രദ്ധേയമാണ്.
ദേശീയ പ്രശ്‌നങ്ങളും സംസ്ഥാന പ്രശ്‌നങ്ങളും തമ്മിൽ ഇന്ത്യൻ വോട്ടർമാർ വേർതിരിച്ച് വിലയിരുത്തുന്ന പ്രവണതയും ഈ ഫലങ്ങളിൽ പ്രതിഫലിക്കുന്നതായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
2018ലെ അനുഭവം പോലെ പാർട്ടിയുടെ ഈ വ്യാപനം നിലനിർത്തുക വലിയ വെല്ലുവിളിയാണെങ്കിലും, തുടർച്ചയായ ഭരണത്തിലൂടെ അതിനെ അതിജീവിച്ച് കാണിക്കാനുള്ള ബാധ്യത ബിജെപിക്കു മുന്നിലുണ്ട്. എങ്കിൽ പോലും, ഒരു ദശാബ്ദത്തിനുള്ളിൽ രണ്ടുതവണ 21 സംസ്ഥാനങ്ങളിലെ ഭരണ നേട്ടം കൈവരിച്ചതിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ അപൂർവമായ സ്ഥാനമാണ് ബിജെപി സ്വന്തമാക്കിയിരിക്കുന്നത്.
21 സംസ്ഥാനങ്ങളിൽ എൻഡിഎ ഭരണം; ഇന്ദിരയുടെ കാലത്തെ കോൺഗ്രസിന്റെ തലപ്പൊക്കത്തിലെത്തി ബിജെപി
