ന്യൂഡൽഹി: വിദേശ ധനസഹായം നിയന്ത്രിക്കുന്ന നിയമങ്ങൾ ഇന്ത്യയിൽ മാത്രമല്ല, ലോകത്തെ പ്രമുഖ ജനാധിപത്യ രാജ്യങ്ങളിലുമുണ്ടെന്ന് കേന്ദ്ര സർക്കാർ. വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്‌സിആർഎ) ഭേദഗതി കൊണ്ടുവരുന്ന ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച വിശദീകരണ കുറിപ്പ് പുറത്തിറക്കിയത്.
വിദേശ ഫണ്ടുകളും വിദേശ സ്വാധീനവും നിയന്ത്രിക്കുന്ന നിയമങ്ങൾ അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലും നിലവിലുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. നിയന്ത്രണമില്ലാതെ വിദേശത്ത് നിന്ന് എത്തുന്ന പണം ജനാധിപത്യ സ്ഥാപനങ്ങളെയും തിരഞ്ഞെടുപ്പ് പ്രക്രിയയെയും പൊതുജനാഭിപ്രായ രൂപീകരണത്തെയും സ്വാധീനിക്കുമെന്ന ആശങ്ക ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതാണെന്നും മന്ത്രാലയം വ്യക്തമാക്കി.
അമേരിക്കയിലെ ഫോറിൻ ഏജന്റ്‌സ് രജിസ്‌ട്രേഷൻ ആക്ട് (FARA) പ്രകാരം വിദേശ സർക്കാരുകളുടെയോ സ്ഥാപനങ്ങളുടെയോ താൽപര്യങ്ങൾക്കായി രാഷ്ട്രീയ പ്രവർത്തനമോ ലോബിയിംഗോ നടത്തുന്നവർ നിർബന്ധമായും രജിസ്റ്റർ ചെയ്യുകയും വിവരങ്ങൾ വെളിപ്പെടുത്തുകയും വേണം. ബ്രിട്ടനിൽ 2025 മുതൽ നിലവിൽ വന്ന ഫോറിൻ ഇൻഫ്‌ളുവൻസ് രജിസ്‌ട്രേഷൻ സ്‌കീം പ്രകാരം വിദേശ ശക്തികൾക്കായി രാഷ്ട്രീയ സ്വാധീനം ചെലുത്തുന്നവർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാണ്. നിയമം ലംഘിച്ചാൽ രണ്ട് വർഷം വരെ തടവ് ലഭിക്കാനും സാധ്യതയുണ്ട്. യൂറോപ്യൻ യൂണിയനും അംഗരാജ്യങ്ങളിൽ വിദേശ സർക്കാരുകൾക്കായി ലോബിയിംഗ് നടത്തുന്നവരുടെ വിവരങ്ങൾ പരസ്യമാക്കുന്നതിനുള്ള സംവിധാനങ്ങൾ ആലോചിക്കുന്നുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
എഫ്‌സിആർഎ നിയമം സന്നദ്ധ സംഘടനകൾക്ക് വിദേശ ഫണ്ട് പൂർണമായും വിലക്കുന്നുവെന്ന വിമർശനവും ആഭ്യന്തര മന്ത്രാലയം തള്ളി. 202425 സാമ്പത്തിക വർഷത്തിൽ 16,200 സംഘടനകൾ എഫ്‌സിആർഎ രജിസ്‌ട്രേഷനോടെ പ്രവർത്തിച്ചിരുന്നുവെന്നും ഇവയ്ക്ക് വിദേശത്ത് നിന്ന് 22,963 കോടി രൂപയുടെ സംഭാവന ലഭിച്ചതായും മന്ത്രാലയം അറിയിച്ചു. അതിനാൽ നിയമത്തിന്റെ ലക്ഷ്യം വിദേശ സഹായം തടയലല്ല, മറിച്ച് സുതാര്യവും ഉത്തരവാദിത്തപരവുമായ രീതിയിൽ അത് നിയന്ത്രിക്കുകയാണെന്ന് സർക്കാർ വ്യക്തമാക്കി.
മതപരമായോ സാമൂഹിക സേവനപരമായോ പ്രവർത്തിക്കുന്ന സംഘടനകളെ എഫ്‌സിആർഎ ലക്ഷ്യമിടുന്നില്ലെന്നും മന്ത്രാലയം വിശദീകരിച്ചു. മതാധിഷ്ഠിത ക്ഷേമ പ്രവർത്തനങ്ങൾക്ക് വിദേശ ധനസഹായം സ്വീകരിക്കാൻ നിലവിലുള്ള നിയമപ്രകാരം ഇപ്പോഴും അനുമതിയുണ്ടെന്നും ഏതെങ്കിലും പ്രത്യേക മതത്തെയോ സമൂഹത്തെയോ ലക്ഷ്യമിട്ടുള്ള നിയമമല്ല എഫ്‌സിആർഎയെന്നും സർക്കാർ പറഞ്ഞു.
പുതിയ ഭേദഗതിയിലെ പ്രധാന നിർദേശങ്ങളിലൊന്നായ രജിസ്‌ട്രേഷൻ റദ്ദാക്കപ്പെട്ട സംഘടനകളുടെ സ്വത്തുക്കൾ സർക്കാർ ഏറ്റെടുക്കാനുള്ള വ്യവസ്ഥയെയും ആഭ്യന്തര മന്ത്രാലയം ന്യായീകരിച്ചു. വിദേശ ഫണ്ട് ഉപയോഗിച്ച് സൃഷ്ടിച്ച സ്വത്തുക്കൾ മാത്രമേ സർക്കാർ നിയോഗിക്കുന്ന അതോറിറ്റി കൈകാര്യം ചെയ്യുകയുള്ളൂവെന്നും രജിസ്‌ട്രേഷൻ നിയമാനുസൃതമായി അവസാനിച്ചതിന് ശേഷമേ നടപടി സ്വീകരിക്കുകയുള്ളൂവെന്നും മന്ത്രാലയം അറിയിച്ചു. ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവത്തിന് യാതൊരു മാറ്റവും ഉണ്ടാകില്ലെന്നും അത്തരം തീരുമാനങ്ങൾക്കെതിരെ അപ്പീൽ നൽകാനുള്ള അവസരവും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
എഫ്‌സിആർഎ രജിസ്റ്റർ ചെയ്ത സംഘടനകളിൽ വിദേശ പൗരന്മാർക്ക് പ്രധാന ഭരണ ചുമതലകൾ വഹിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതും പുതിയ ഭേദഗതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യയുമായി വ്യക്തമായ ബന്ധമുള്ള വ്യക്തികളുടെ നിയന്ത്രണത്തിലാണ് വിദേശ സംഭാവനകൾ വിനിയോഗിക്കപ്പെടേണ്ടതെന്ന ലക്ഷ്യത്തോടെയാണ് ഈ വ്യവസ്ഥയെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.
സംസ്ഥാന തലത്തിൽ എഫ്‌സിആർഎ സംബന്ധിച്ച അന്വേഷണങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാക്കുന്ന വ്യവസ്ഥയെയും സർക്കാർ ന്യായീകരിച്ചു. എഫ്‌സിആർഎ ഒരു കേന്ദ്ര നിയമമായതിനാൽ അതിന്റെ നടപ്പാക്കലിലും അന്വേഷണങ്ങളിലും ഏകീകൃത സമീപനം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രാലയം അറിയിച്ചു.
വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന ധനസഹായം സുതാര്യവും ഉത്തരവാദിത്തപരവുമായ സംവിധാനത്തിലൂടെയാണെന്ന് ഉറപ്പാക്കുന്നതിനാണ് എഫ്‌സിആർഎ നിയമമെന്നും അതോടൊപ്പം രാജ്യത്തെ ആയിരക്കണക്കിന് സന്നദ്ധ സംഘടനകൾക്ക് നിയമാനുസൃതമായ സാമൂഹിക പ്രവർത്തനങ്ങൾ തുടരാൻ ഈ സംവിധാനം അവസരമൊരുക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.
വിദേശ ഫണ്ട് നിയന്ത്രണം ഇന്ത്യയിൽ മാത്രം അല്ല; എഫ്‌സിആർഎ ഭേദഗതിക്ക് മുന്നോടിയായി വിശദീകരണവുമായി കേന്ദ്രസർക്കാർ
